Sat. Apr 20th, 2024

തിരുവനന്തപുരം: അത്യന്തം വേദനയോടെയാണ് കോണ്‍ഗ്രസ് വിടുന്നതെന്നു കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍. മടുത്തിട്ടാണ് താന്‍ പാര്‍ട്ടി വിടുന്നത്. പാര്‍ട്ടിക്ക് അകത്തുനിന്ന് ഒരുപാട് അപമാനം നേരിട്ടതായും അവര്‍ പ്രതികരിച്ചു.വൈകീട്ട് അഞ്ച് മണിക്കാണു പത്മജയുടെ ബി ജെ പി പ്രവേശനം. ബി ജെ പിയില്‍ നല്ല ലീഡര്‍ഷിപ്പാണുള്ളത്. മോദിയുടെ നേതൃത്വത്തെ ഇഷ്ടപ്പെട്ടാണു ബി ജെ പിയിൽ ചേരുന്നത്. തന്നെ തോല്‍പിച്ചവരെക്കുറിച്ച് രേഖാമൂലം പരാതി നല്‍കിയെങ്കിലും അവരെ തന്റെ മൂക്കിനു മുകളില്‍ പ്രതിഷ്ഠിച്ചു. കോണ്‍ഗ്രസുകാര്‍ തന്നെ തോല്‍പിച്ചു. ഇപ്പോള്‍ സഹോദരന്‍ കെ മുരളീധരന്‍ നടത്തിയ ചതിയാണെന്ന പരാമര്‍ശങ്ങള്‍ അദ്ദേഹം തന്നെ പിന്നീട് തിരുത്തിക്കൊള്ളുമെന്നും പത്മജ പറഞ്ഞു. തന്റെ പിതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ കരുണാകരന്‍ ഏറെ വിഷമിച്ചാണ് അവസാനകാലത്ത് ജീവിച്ചത്. താന്‍ അച്ഛനെ വിഷമിപ്പിച്ചിട്ടേയില്ലെന്നും പത്മജ പറഞ്ഞു.

തടയാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങളെല്ലാം പാളിയതിനെ തുടര്‍ന്നാണ് പത്മജ വേണുഗോപാല്‍ ബി ജെ പിയിലേക്ക് പോകുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ അനുനയ ശ്രമങ്ങലെല്ലാം പത്മജ തള്ളിക്കളഞ്ഞു. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പത്മജയോട് സംസാരിച്ചുവെങ്കിലും ഫലമുണ്ടായില്ല. രാജ്യസഭ സീറ്റ് വേണമെന്ന നിലപാടില്‍ പദ്മജ ഉറച്ചു നിന്നു.അതോടെ അനുനയ നീക്കങ്ങളെല്ലാം പാളി. തൃശൂരില്‍ തന്നെ തോല്‍പ്പിച്ച നേതാക്കള്‍ക്ക് നല്‍കിയ പദവികള്‍ തിരിച്ചെടുക്കണമെന്നും പത്മജ കോണ്‍ഗ്രസ് നേതൃത്തോട് ആവശ്യപ്പെട്ടു.

കരുണാകരന്‍ സ്മാരക നിര്‍മ്മാണത്തിലെ സംസ്ഥാന നേതാക്കളുടെ നിസഹകരണത്തെ കുറിച്ചും പത്മജ പരാതിപ്പെട്ടു. നിര്‍മ്മാണവുമായി സഹകരിക്കില്ലെന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പാര്‍ട്ടി നേതാക്കളോട് പറഞ്ഞതും പദ്മജയെ ചൊടിപ്പിച്ചു. സ്മാരക നിര്‍മ്മാണ ഫണ്ടില്‍ നിന്ന് ഒരു നേതാവ് പണമെടുത്തതും പ്രകോപനകാരണമായി. തന്റെ ആവശ്യങ്ങള്‍ക്ക് യാതൊരു പരിഗണനയും തന്നില്ലെന്നാണ് പത്മജ പറയുന്നത്.



പത്മജ ബി ജെ പിയില്‍ പോകുമെന്ന് ഉറപ്പായതോടെ അധിക്ഷേപവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തു വന്നു. വര്‍ക്കറ്റ് ഹോം പ്രവര്‍ത്തനം നടത്തിയ പത്മജക്ക് അര്‍ഹതയില്‍ കൂടുതല്‍ പാര്‍ട്ടി നല്‍കിയെന്നും അച്ഛന്റെ ആത്മാവ് പത്മജയോടു പൊറുക്കില്ലെന്നും സഹോദരന്‍ കെ മുരളീധരന്‍ പ്രതികരിച്ചു. പത്മജ ബി ജെ പിയില്‍ പോകുന്നത് ഇഡിയെ ഭയന്നാണെന്നു കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ പറഞ്ഞു. പാര്‍ട്ടി അവര്‍ക്ക് എല്ലാ അംഗീകാരവും നല്‍കിയെന്നും ചൂണ്ടിക്കാട്ടി. ലീഡറുടെ പാരമ്പര്യം മകള്‍ മനസിലാക്ക ണമായിരുന്നെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചു. പിതാവിനെ ഓര്‍മ്മയുണ്ടായിരുന്നെങ്കില്‍ പത്മജ ഒരു വര്‍ഗീയ പാര്‍ട്ടിക്ക് ഒപ്പം പോകില്ലായിരുന്നു. പദ്മജക്ക് പാര്‍ട്ടി ഒരുപാട് അവസരങ്ങള്‍ നല്‍കി. ഇത്രെയും അവസരങ്ങള്‍ കിട്ടിയ മറ്റൊരാള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നും രാഹുല്‍ പറഞ്ഞു.

പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി അംഗമാണ് പത്മജ. എല്ല തരത്തില്‍ ഉള്ള ബഹുമാനവും പാര്‍ട്ടി പത്മജക്ക് നല്‍കിയിട്ടുണ്ട്. ആരുടെയെങ്കിലും പാര്‍ട്ടി മാറ്റം ഒന്നും തെരെഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ജെബി മേത്തര്‍ പറഞ്ഞു.

പത്മജ വേണുഗോപാലിനെ ബി ജെ പിയില്‍ ചേര്‍ക്കാനുള്ള നീക്കം നടന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിവോടെയാണെന്നാണ് റിപ്പോട്ടുകള്‍. പത്മജ വേണുഗോപാലിന് ഉചിതമായ പദവികള്‍ നല്‍കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. പദവി വാഗ്ദാനം കിട്ടിയിട്ടല്ല പത്മജയുടെ ബി ജെ പി പ്രവേശനമെന്ന് ഭര്‍ത്താവ് ഡോക്ടര്‍ വേണുഗോപാല്‍ പറഞ്ഞു. കെ മുരളീധരനുമായി വിഷയം സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.