Sat. Apr 20th, 2024

തൃശ്ശൂര്‍: ജയിച്ചുവരുന്ന കോണ്‍ഗ്രസുകാര്‍ ബി ജെ പിയില്‍ പോകും എന്നു കരുതിയാണു ലോകസഭയില്‍ കേരളത്തില്‍ നിന്നു രണ്ടക്ക സീറ്റ് ലഭിക്കുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

കോണ്‍ഗ്രസിലെ ഡസന്‍ കണക്കിനാളുകള്‍ ഓരോ ദിവസവും ബി ജെ പിയിലേക്ക് ചേക്കേറുകയാണ്. കേരളത്തില്‍ ബി ജെ പി ജയിക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എ കെ ആന്റണിയുടെ മകന്‍ പോയി. കെ കരുണാകരന്റെ മകള്‍ പോയിക്കൊണ്ടിരിക്കുന്നു. നാളെ ആരാണ് പോവുകയെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ വിശ്വാസ്യതയാണ് ഇല്ലാതാവുന്നത്. അതാണ് പ്രധാനം, അല്ലാതെ ആര് പോകുന്നു എന്നതല്ല. കോണ്‍ഗ്രസിന് വോട്ട് നല്‍കിയാല്‍ ജയിച്ചവര്‍ അവിടെത്തന്നെ നില്‍ക്കുമോ എന്നത് വോട്ടര്‍മാര്‍ ചിന്തിക്കും.

കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടുകളാണ് കാരണം. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ മുന്‍ പി സി സി പ്രസിഡന്റുമാര്‍, വര്‍ക്കിങ് പ്രസിഡന്റുമാര്‍ തുടങ്ങി നിരവധി പേരാണ് ബി ജെ പിയില്‍ ചേര്‍ന്നിരിക്കുന്നത്. ബി ജെ പിയിലേക്ക് ചേരാന്‍ ഒരു കോണ്‍ഗ്രസ് നേതാവിനും കേരളത്തിലും മടിയില്ല എന്ന നില വന്നുവെന്നും അദ്ദേഹം പറഞ്ഞു.