Sat. Mar 2nd, 2024

കൊച്ചി: മറൈന്‍ ഡ്രൈവ് കേന്ദ്രീകരിച്ച് എംഡിഎംഎ ഉള്‍പെടുന്ന മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന മൂന്നംഗസംഘം പിടിയില്‍. പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശി മാജിക് മെഹന്ദി എന്ന അജ്മല്‍ എം.എസ്. (33), പള്ളുരുത്തി ചിറയ്ക്കല്‍ ബ്രിഡ്ജ് സ്വദേശി ആഷ്ന മന്‍സില്‍ ഷമീര്‍ പി.എം. (47), എളംകുളം കോര്‍പ്പറേഷന്‍ കോളനി സ്വദേശി കുളങ്ങത്തറ വീട്ടില്‍ വിഷ്ണു (24) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.

6.5 ഗ്രാം എംഡിഎംഎയും മൂന്ന് സ്മാര്‍ട്ട് ഫോണുകളും 9500 രൂപയും അജ്മലിന്റെയും ഷെമീറിന്റെയും അടുത്തുനിന്നും പിടിച്ചെടുത്തു. മറൈന്‍ ഡ്രൈവ് ഭാഗത്തെ ചില്ലറ കഞ്ചാവ് കച്ചവടക്കാരനായ വിഷ്ണുവില്‍ നിന്നും 20 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പ്രതികളായ അജ്മലും ഷെമീറും സോഷ്യല്‍മീഡിയ വഴി പ്രത്യേക ഗ്രൂപ്പ് ഉണ്ടാക്കിയാണ് എംഡിഎംഎ വില്‍പ്പന നടത്താറുള്ളത്. പ്ലാസ്റ്റിക് മിഠായി രൂപത്തില്‍ മയക്കുമരുന്ന് പാക്ക് ചെയ്ത് ഗൂഗിള്‍ ലൊക്കേഷനും ഇതുവച്ചിരിക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയും ആവശ്യക്കാര്‍ക്ക് അയച്ചാണ് മയക്കുമരുന്ന് കച്ചവടം നടത്തുന്നത്. 3000 രൂപ മുതല്‍ 4500 രൂപ വരെ ഇവര്‍ ഗ്രാമിന് ഈടാക്കാറുണ്ട്.അജ്മലും ഷെമീറും ഇതിനു മുമ്പും മയക്കുമരുന്ന് കേസില്‍ പ്രതികളാണ്.