Sun. Feb 25th, 2024

തിരുവനന്തപുരം: ഓടക്കുഴല്‍ പുരസ്‌കാരത്തിന് അര്‍ഹനായി പിഎന്‍ ഗോപീകൃഷ്ണന്‍. മഹാകവി ജി ശങ്കുരകുറുപ്പിന്റെ സ്മരണയ്ക്കു ഗുരുവായൂരപ്പന്‍ ട്രസ്റ്റ് ആണ് ഓടക്കുഴല്‍ പുരസ്‌കാരം നല്‍കാറുള്ളത്. ‘കവിത മാംസഭോജിയാണ് ‘എന്ന കാവ്യസമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്. 30000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എറണാകുളം മഹാകവി ജി ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി രണ്ടിന് നടക്കുന്ന പരിപാടിയില്‍ ഡോ എം ലീലാവതി ഗോപീകൃഷ്ണന് പുരസ്‌കാരം സമര്‍പ്പിക്കും.

2014ല്‍ ഇടിക്കാലൂരി പനമ്പട്ടടി എന്ന കവിതാസമാഹാരത്തിന് ഗോപീകൃഷ്ണന്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിരുന്നു. മടിയരുടെ മാനിഫെസ്റ്റോ, അതിരപിള്ളിക്കാട്ടില്‍ എന്നിവ മറ്റു പ്രധാന കൃതികളാണ്. തൃശൂര്‍ സ്വദേശിയായ പിഎന്‍ ഗോപീകൃഷ്ണന്‍ കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസില്‍ ജീവനക്കാരനാണ്.