Sat. Mar 2nd, 2024

തിരുവനന്തപുരം: ഡി ജി പിയുടെ ഔദ്യോഗിക വസതിയിലേക്ക് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ അതിക്രമിച്ചു കടന്ന സംഭവത്തില്‍ നടപടി. സുരക്ഷാ ചുമതലയുണ്ടായിരുന്ന മൂന്നു പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. പ്രതിഷേധക്കാര്‍ക്കു ഗേറ്റ് തുറന്നു കൊടുത്തത് തെറ്റായ നടപടിയാണെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.


വണ്ടിപ്പെരിയാര്‍ കേസില്‍ വീഴ്ച ആരോപിച്ചാണ് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ഡി ജി പിയുടെ ഔദ്യോഗിക വസതിയില്‍ തള്ളിക്കയറിയത്. പരാതി നല്‍കാനെന്ന വ്യാജേന എത്തിയവരെ സുരക്ഷാ ചുമതലയിലുണ്ടായിരുന്നവര്‍ തിരിച്ചറിഞ്ഞില്ല. പ്രതിഷേധക്കാരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

ഡി ജി പി വീട്ടിലുള്ള സമയത്താണ് പോലീസിനെ മറികടന്നു പത്തോളം പ്രവര്‍ത്തകര്‍ ഇരച്ചുകയറിയത്. അപ്രതീക്ഷിതമായ നീക്കമായതിനാല്‍ പോലീസിനു തടയാനായില്ല. തുടര്‍ന്നു പ്രവര്‍ത്തകര്‍ മുറ്റത്തിരുന്നു പ്രതിഷേധിക്കുകയായിരുന്നു. വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയെ രക്ഷപെടാന്‍ പോലീസ് സഹായിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം.