Sun. Feb 25th, 2024

തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം മറന്നുവച്ച കേസില്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. കുറ്റപത്രം ചൊവ്വാഴ്ച കുന്ദമംഗലം കോടതിയില്‍ സമര്‍പ്പിക്കും.

പന്തീരാങ്കാവ് സ്വദേശി കെ കെ ഹര്‍ഷിനയുടെ പരാതിയില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗം അസി. പ്രഫസര്‍ ഡോ. സി കെ രമേശന്‍, സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും മലപ്പുറം സ്വദേശിനിയുമായ ഡോ. എം ഷഹന, മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്‌സുമാരായ പെരുമണ്ണ പാലത്തുംകുഴി എംരഹന, ദേവഗിരി കളപ്പുരയില്‍ കെ ജി മഞ്ജു എന്നിവരാണ് യഥാക്രമം കേസിലെ ഒന്നു മുതല്‍ 4 വരെയുള്ള പ്രതികള്‍.


മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരം മെഡിക്കല്‍ കോളജ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ എ സി പി കെ സുദര്‍ശന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി. അന്നു ശസ്ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്ന നാലു പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. ഇവരുടെ അറസ്റ്റ് നേരത്തേ രേഖപ്പെടുത്തിയിരുന്നു. ഐ പിസി 338 പ്രകാരം നാലു പേരെയും പ്രതിചേര്‍ത്താണ് റിപ്പോര്‍ട്ട് നല്‍കിയത്. രണ്ടു വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്.

ഇവര്‍ക്കെതിരെ കുറ്റപത്രം നല്‍കാന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് അനുമതി നല്‍കിയത്. 2017 നവംബര്‍ 30ന് മെഡിക്കല്‍ കോളജില്‍ നടന്ന ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം മറന്നുവച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാര്‍ച്ച് ഒന്നിന് ആണ് ഹര്‍ഷിന സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.