Fri. Mar 1st, 2024

മലപ്പുറം: യു ഡി എഫ് വിലക്ക് മറികടന്ന് കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ നവ കേരള സദസ്സിന്റെ ഭാഗമായ പ്രഭാത യോഗത്തില്‍ എത്തി. പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകന്‍ ഹസീബ് സഖാഫ് തങ്ങള്‍, കോണ്‍ഗ്രസ് നേതാവ് സി മൊയ്തീന്‍ എന്നിവരാണ് തിരൂരില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തത്.

നവകേരള സദസിലെ ലീഗ് സാന്നിധ്യം വലിയ ചര്‍ച്ചയാകുന്നതിനിടെ ഹസീബ് തങ്ങളുടെ സാന്നിധ്യം വലിയ ചര്‍ച്ചയായി. തിരുന്നാവായ മുന്‍ ബ്ലോക്ക് പ്രസിഡന്റാണ് കോണ്‍ഗ്രസ് നേതാവ് സി മൊയ്തീന്‍.


കോഴിക്കോട്ടെ പരിപാടിയില്‍ പങ്കെടുത്ത ലീഗ് നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിനു പിന്നാലെയാണ് മലപ്പുറം ജില്ലയില്‍ കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും നവകേരള സദസ്സില്‍ പങ്കെടുക്കുമെന്ന സൂചന പുറത്തുവരുന്നത്.

നവ കേരള സദസ് ഇന്ന് മുതല്‍ മലപ്പുറത്താണ് പര്യടനം. തിരൂരിലെ പ്രഭാത യോഗത്തിന് ശേഷം രാവിലെ 11ന് പൊന്നാനി മണ്ഡലത്തിലാണ് ആദ്യ പരിപാടി. വൈകിട്ട് മൂന്നിനു തവനൂരിലും നാലരക്കു തിരൂര്‍ മണ്ഡലത്തിലും നവ കേരള സദസ്സ് നടക്കും. വൈകിട്ട് ആറ് മണിക്കാണ് താനൂര്‍ മണ്ഡലത്തിലെ പരിപാടി. യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസ്സും പ്രതിഷേധിക്കുമെന്നു സൂചനയുള്ളതിനാല്‍ നവ കേരള സദസിനോട് അനുബന്ധിച്ച് മേഖലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.