പത്തനംതിട്ട: യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഒന്നര ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. ചെങ്ങന്നൂര്‍ മുണ്ടങ്കാവ് ഒഴറേത്ത് വീട്ടില്‍ ശ്രീജിത്ത് (42) ആണ് ആറന്മുള പോലീസിന്റെ പിടിയിലായത്. ഈ മാസം 20ന് യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പോലിസ് നടപടി.
യുവതിയെ കല്യാണം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്, കഴിഞ്ഞ മാര്‍ച്ച് ഏഴ് മുതല്‍ ജൂലൈ അഞ്ച് വരെ യുവതിയുടെ വീട്ടില്‍ ജീവിതപങ്കാളിയെ പോലെ ജീവിച്ച് ലൈംഗിക പീഡനത്തിന് വിധേയയാക്കിയതായും യുവതി വെളിപ്പെടുത്തി. തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. യുവതിയുടെ മൊഴിപ്രകാരം എസ് ഐ അലോഷ്യസ് ആണ് കേസെടുത്തത്. തിരുവല്ലയില്‍ ഭാര്യക്കൊപ്പം താമസിക്കുന്ന വാടക വീട്ടില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ശേഷം, ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ സി കെ മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഇയാളെ കാണാനില്ലെന്ന് കാട്ടി യുവതി ഈ മാസം രണ്ടിന് ആറന്മുള പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്ന് കേസെടുത്തിരുന്നു.


