Fri. Nov 6th, 2026

പത്തനംതിട്ട: വീട്ടില്‍ അതിക്രമിച്ചു കയറി വയോധികയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായയാളെ പോക്സോ കേസിലും പോലീസ് അറസ്റ്റ് ചെയ്തു. വടശ്ശേരിക്കര മണിയാര്‍ അരീക്കക്കാവ് ചരിവുകാലായില്‍ രഘു എന്ന് വിളിക്കുന്ന ബഷീറി (53)നെയാണ് പെരുനാട് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 6.30ന് അരീക്കക്കാവില്‍ വച്ചാണ് പോക്‌സോ കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങിയ 17കാരിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പേടിച്ചു വഴിമാറി പോകാന്‍ ശ്രമിച്ചപ്പോള്‍ പിന്തുടര്‍ന്ന് തടഞ്ഞ് ലൈംഗികച്ചുവയോടെ സംസാരിച്ചു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് ഉച്ചക്ക് അറസ്റ്റ് രേഖപ്പെടുത്തി.


കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒമ്പതിന് പുലര്‍ച്ചെ മൂന്നരക്ക് വയോധികയും രോഗിയും ഒറ്റക്ക് താമസിക്കുന്നതുമായ വീട്ടമ്മയെ അടുക്കള വാതില്‍ തകര്‍ത്ത് അടിവസ്ത്രം മാത്രം ധരിച്ച് ഉള്ളില്‍ കടന്ന് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിന് ഇയാളെ പെരുനാട് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇത് കൂടാതെ, അബ്കാരി കേസ് ഉള്‍പ്പെടെ മൂന്ന് കേസുകളില്‍ പ്രതിയാണ് ഇയാള്‍.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ് ഐ. രവീന്ദ്രന്‍ നായരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. സംഘത്തില്‍ എസ് ഐ. വിജയന്‍ തമ്പി, സി പി ഒമാരായ പ്രദീപ്, സച്ചിന്‍, വിഷ്ണു എന്നിവരാണ് ഉണ്ടായിരുന്നത്.