Tue. Aug 18th, 2026

കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പോക്സോ കേസുമായി ബന്ധപ്പെട്ട ആരോപണത്തില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എറണാകുളം സിജെഎം കോടതിയില്‍ നേരിട്ടെത്തിയാണ് സുധാകരന്‍ കേസ് ഫയല്‍ ചെയ്തത്.


സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സിപിഎം നേതാവ് പി പി ദിവ്യ, ദേശാഭിമാനി ദിനപത്രം എന്നിവര്‍ക്കെതിരേയാണ് കേസ്. മോന്‍സന്‍ മാവുങ്കല്‍ വീട്ടില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ കെ സുധാകരന്‍ അവിടെയുണ്ടായിരുന്നു എന്ന് ദേശാഭിമാനി പത്രം വാര്‍ത്ത നല്‍കിയിരുന്നു. ഇതിന് പിറ്റേന്ന് എംവി.ഗോവിന്ദന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും ഇതേ ആരപോണം ഉന്നയിച്ചിരുന്നു. പി പി ദിവ്യ കണ്ണൂരില്‍ വച്ച് നടത്തിയ പ്രസംഗത്തില്‍ സമാന ആരോപണം ആവര്‍ത്തിച്ചതായും സുധാകരന്റെ പരാതിയിലുണ്ട്.