തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടയിൽ കെഎസ്ആർടിസി ഡെപ്യൂട്ടി മാനേജർ പിടിയിൽ. സി ഉദയകുമാറാണ് 30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസിന്റെ പിടിയിലായത്. കെഎസ്ആർടിസി ബസിൽ പരസ്യം പതിച്ചതിന്റെ ബിൽ പാസാക്കാനായാണ് ഉദയകുമാർ കൈക്കൂലി ആവശ്യപ്പെട്ടത്. ഇടനിലക്കാരൻ പരാതിപ്പെട്ടതിന് പിന്നാലെ തലസ്ഥാനത്തുള്ള ക്ളബ്ബിൽ വെച്ചായിരുന്നു വിജിലൻസ് സംഘം കെഎസ്ആർടിസി ഉദ്യോഗസ്ഥനെ കുരുക്കിയത്.
ഉദയകുമാർ സ്ഥിരം കൈക്കൂലിക്കാരനാണെന്നാണ് വിജിലൻസ് അറിയിക്കുന്നത്. 12 ലക്ഷത്തോളമുള്ള തുകയുടെ ബിൽ മാറുന്നതിന് ഒരു ലക്ഷം രൂപയായിരുന്നു ഉദയകുമാർ കൈക്കൂലിയായി ആവശ്യപ്പെട്ടത്. 40,000 രൂപ നേരത്തെ തന്നെ കൈപ്പറ്റി. ബാക്കി തുക കൈമാറാതെ ബില്ലിന്റെ കാര്യത്തിൽ തീരുമാനമാകില്ലെന്ന് പരാതിക്കാരനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനായി വിജിലൻസ് വലവിരിച്ചത്.
അതേസമയം കളങ്കിതനായ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാൻ ഗതാഗത മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. വകുപ്പുതല നടപടികൾ പൂർത്തിയായാൽ സസ്പെൻഷൻ പ്രാബല്യത്തിൽ വരും. കൈക്കൂലിയുമായി പിടിയിലായതിന് പിന്നാലെ ഉദയകുമാറിന്റെ ഓഫീസിലും നെയ്യാറ്റിൻകരയിലെയും കുമാരപുരത്തെയും വീടുകളിൽ വിജിലൻസ് പരിശോധന പുരോഗമിക്കുകയാണ്.


