പത്തനംതിട്ട: കോയിപ്രം പുല്ലാടുള്ള സ്വര്‍ണക്കടയില്‍ നിന്നും നാലു പവന്‍ വരുന്ന മാല തട്ടിപ്പറിച്ചു കടന്നുകളഞ്ഞ മോഷ്ടാവ് അറസ്റ്റില്‍. ആലപ്പുഴ തകഴി വിരുപ്പാല കണ്ണന്താനം കണ്ണനെന്നു വിളിക്കുന്ന അഖില്‍ ദേവ് (32)നെയാണ് കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചക്കാണ് മോഷണം നടന്നത്.
പുല്ലാട് പ്രവര്‍ത്തിക്കുന്ന കൃഷ്ണന്‍ നായര്‍ സ്വര്‍ണക്കട എന്ന ജ്വല്ലറിയില്‍ മാല വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവാണ് സെയില്‍സ്മാന്റെ കൈയില്‍ നിന്നും മാല തട്ടിയെടുത്ത് ഓടി രക്ഷപ്പെട്ടത്. തിരുവല്ല കവിയൂര്‍ ക്ഷേത്രത്തില്‍ താത്ക്കാലിക നാദസ്വര വിദ്വാനായി ജോലി ചെയ്യുന്നയാളാണ് പ്രതി.
ആവശ്യപ്പെട്ട തൂക്കത്തിലുള്ള രണ്ട് മാലകള്‍ എടുത്തു കാട്ടിയപ്പോള്‍ ഫോട്ടോ മൊബൈല്‍ ഫോണ്‍ കാമറയിലെടുത്ത് ഭാര്യക്ക് അയച്ചുകൊടുത്ത ശേഷം ഫോണില്‍ സംസാരിച്ചു. തിരഞ്ഞെടുത്ത 32 ഗ്രാം 800 മില്ലിഗ്രാം മാലയുടെ തൂക്കം നോക്കിയ ശേഷം സെയില്‍സ്മാന്‍ തുക കൂട്ടുന്ന സമയത്ത് ഹാള്‍മാര്‍ക്ക് മുദ്രയുണ്ടോയെന്ന് നോക്കട്ടെയെന്ന് പറഞ്ഞ് യുവാവ് എടുത്തുകൊണ്ടു ഓടുകയായിരുന്നു. പിന്നീട് സ്‌കൂട്ടറില്‍ കയറി തിരുവല്ല ഭാഗത്തേക്ക് ഓടിച്ചുപോയി. ജീവനക്കാരും മറ്റും പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. സെയില്‍സ്മാന്‍ ഇരുചക്ര വാഹനത്തില്‍ പിന്തുടര്‍ന്നുപോയി നോക്കിയിട്ടും കണ്ടെത്താനായില്ല. തുടര്‍ന്നാണ് പോലീസില്‍ പരാതിപ്പെട്ടത്.
തിരുവല്ല ഡി വൈ എസ് പി. അഷദിന്റെ നിര്‍ദേശാനുസരണം പുല്ലാട് മുതല്‍ തിരുവല്ല വരെയുള്ള റോഡുവക്കിലെ സ്ഥാപനങ്ങളിലെയും മറ്റും കാമറ ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചപ്പോള്‍, പ്രതി കവിയൂര്‍ ക്ഷേത്രത്തിനു സമീപം വരെ സ്‌കൂട്ടറില്‍ സഞ്ചരിച്ചതായി കണ്ടെത്തി. സി സി ടി വിയില്‍ നിന്നും ഹെല്‍മെറ്റ് ധരിക്കാതെയുള്ള ഫോട്ടോ കിട്ടിയിരുന്നു. ക്ഷേത്രത്തിനു സമീപം താമസിക്കുന്നവരെ ഫോട്ടോ കാണിച്ച് അന്വേഷണം നടത്തിയതിനെ തുടര്‍ന്നാണ് ഇവിടുത്തെ താത്ക്കാലിക ജീവനക്കാരനായ അഖില്‍ ദേവ് ആണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ താമസിക്കുന്ന ക്ഷേത്രകോമ്പൗണ്ടിനോട് ചേര്‍ന്നുള്ള കെട്ടിടത്തിന് മുന്‍വശം വച്ച് കണ്ട് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതി സഞ്ചരിച്ച സ്‌കൂട്ടര്‍, താമസ്ഥലത്തോട് ചേര്‍ന്നുള്ള സ്റ്റെയര്‍ കേസിന് കീഴില്‍ നിന്നും കണ്ടെടുത്തു. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ നാലാം തീയ്യതി 1,74,000 രൂപ ബേങ്കില്‍ നിക്ഷേപിച്ചതായുള്ള സന്ദേശം കണ്ടെത്തി. കവര്‍ന്ന മാല ആലപ്പുഴയിലുള്ള ഒരു സ്വര്‍ണക്കടയില്‍ വിറ്റതായും, കടബാധ്യത വീട്ടാന്‍ വേണ്ടിയാണ് മോഷണം നടത്തിയതെന്നും പ്രതി സമ്മതിച്ചു. പോലീസ് ആലപ്പുഴയിലെ സ്വര്‍ണക്കടയിലെത്തി മാല കണ്ടെടുത്തു.
കോയിപ്രം പോലീസ് ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ. ഉണ്ണികൃഷ്ണന്‍, സി പി ഒമാരായ അഭിലാഷ്, സുജിത് പ്രസാദ്, ജോബിന്‍, അരുണ്‍ കുമാര്‍, ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യല്‍ സ്‌ക്വാഡിലെ സി പി ഒ. സുജിത് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് മോഷ്ടാവിനെ കുടുക്കിയത്.


