കോഴിക്കോട്: മുന്‍ ഭര്‍ത്താവ് റോയ് തോമസിന്റെ വധത്തില്‍ തനിക്ക് പങ്കുള്ളതായി കൂടത്തായി കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതി ജോളി നേരത്തെ സമ്മതിച്ചിരുന്നുവെന്ന് ജോളിയുടെ മൂത്ത സഹോദരന്‍ ജോര്‍ജ് എന്ന ജോസ് മൊഴി നല്‍കി. റോയ് തോമസ് വധക്കേസില്‍ ഒമ്പതാം സാക്ഷിയാണ് ജോസ്. 2019 ഒക്ടോബര്‍ മൂന്നിന് ജോളി വിളിച്ചത് അനുസരിച്ച് താന്‍ കട്ടപ്പനയില്‍ നിന്ന് കൂടത്തായി പൊന്നാമറ്റം വീട്ടില്‍ വന്നിരുന്നു. പിറ്റേ ദിവസം കുടുംബ കല്ലറ തുറക്കാന്‍ സാധ്യതയുണ്ടെന്ന് ജോളി പറഞ്ഞപ്പോള്‍ അതിന് എന്തിനാണ് വിഷമിക്കുന്നത് എന്ന് ജോളിയോട് ചോദിച്ചു. അപ്പോള്‍ തനിക്ക് കൊലപാതകത്തില്‍ പങ്കുള്ള കാര്യം ജോളി സമ്മതിച്ചെന്നാണ് ജോസ് മാറാട് പ്രത്യേക കോടതി ജഡ്ജി എസ് ആര്‍ ശ്യാംലാല്‍ മുമ്പാകെ മൊഴി നല്‍കിയത്.
പിന്നീട് താന്‍ ജോളിയുടെ ആവശ്യപ്രകാരം വക്കീലിനെ കാണാന്‍ പോയിരുന്നു. അന്ന് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവും കൂടെ ഉണ്ടായിരുന്നു. ജോളിക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് മനസ്സിലാക്കിയ മകന്‍ റെമോ അമ്മയോട് ദേഷ്യപ്പെട്ടു സംസാരിച്ചിരുന്നുവെന്നും ജോസിന്റെ മൊഴിയിലുണ്ട്.
ജോര്‍ജ് എന്ന ജോസിന്റെ ആദ്യവിസ്താരം മാറാട് പ്രത്യേക കോടതി ജഡ്ജി മുമ്പാകെ പൂര്‍ത്തിയായി. ജോളിയുടെ അഭിഭാഷകന്‍ ബി എ ആളൂരിന്റെ അസൗകര്യം കാരണം എതിര്‍വിസ്താരം 27 ലേക്ക് മാറ്റി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍ കെ ഉണ്ണികൃഷ്ണന്‍, അഡീഷണല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഇ സുഭാഷ് എന്നിവര്‍ ഹാജരായി. സാക്ഷി വിസ്താരം വരുന്ന ചൊവ്വാഴ്ച തുടരും.


