ന്യൂഡൽഹി: 2002ലെ ഗുജറാത്ത് കലാപത്തിലെ ഗൂഢാലോചന കേസിൽ സാമൂഹ്യ പ്രവർത്തക ടീസ്റ്റ സെതൽവാദിന് താത്ക്കാലിക ആശ്വാസം. ടീസ്റ്റയുടെ ജാമ്യാപേക്ഷ തള്ളിയ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഒരാഴ്ചയാണ് അറസ്റ്റിൽ നിന്നും സുപ്രീം കോടതി സംരക്ഷണം അനുവദിച്ചിരിക്കുന്നത്.
സ്ഥിര ജാമ്യാപേക്ഷ ഗുജറാത്ത് ഹെെക്കോടതി തള്ളിയതിന് പിന്നാലെയാണ് ടീസ്റ്റ സെതൽവാദ് മേൽക്കോടതിയെ സമീപിച്ചത്. ഉടൻ കീഴടങ്ങാനും ടീസ്റ്റയോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി രണ്ടംഗ ബഞ്ചിൽ ഭിന്നാഭിപ്രായം ഉടലെടുത്തതോടെ മൂന്നംഗ ബഞ്ചിന് വിടുകയായിരുന്നു. രണ്ടംഗ ബഞ്ചിലെ ജസ്റ്റിസ് അഭയ് എസ് ഓക ടീസ്റ്റയ്ക്ക് ജാമ്യം അനുവദിക്കണമെന്ന നിലപാട് സ്വീകരിച്ചപ്പോൾ രണ്ടാമത്തെ അംഗമായ ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്രം വിയോജിപ്പ് പ്രകടിപ്പിച്ചു. തുടർന്നാണ് ഇന്ന് രാത്രി 9.15-ഓടെ മൂന്നംഗ ബഞ്ച് പ്രത്യേക സിറ്റിംഗിലൂടെ ജാമ്യാപേക്ഷ പരിഗണിച്ചത്. ജസ്റ്റിസ് ബി ആർ ഗവായ്യുടെ നേതൃത്വത്തിലുള്ള ബഞ്ചായിരുന്നു ജാമ്യാപേക്ഷ പരിഗണിച്ചത്. പിന്നാലെ രാത്രി പത്ത് മണിയോടെ സുപ്രീം കോടതി ടീസ്റ്റയ്ക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുണ്ടാക്കിയെന്നതാണ് സെതൽവാദിനെതിരെയുള്ള ആരോപണം. കേസിൽ ടീസ്റ്റ സെതൽവാദിന് 2022ൽ സുപ്രീം കോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നിരപരാധികളെ കള്ളക്കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അഹമ്മദാബാദ് ഡിറ്റക്ഷൻ ഓഫ് ക്രെെം ബ്രാഞ്ച് (ഡിസിബി) നൽകിയ എഫ് ഐ ആറിന്റെ അടിസ്ഥാനത്തിലാണ് 2022 ജൂൺ 25 ന് ഗുജറാത്ത് പോലീസ് സെതൽവാദിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഏഴു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വെച്ച ശേഷം ജൂലൈ രണ്ടിന് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കേസിൽ 2022 സെപ്തംബറിൽ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. പിന്നാലെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും ഇവരെ വിട്ടയച്ചിരുന്നു.


