പാലക്കാട്: വിവാഹച്ചടങ്ങിന്റെ ഭാഗമായി വധൂവരന്മാരുടെ തല കൂട്ടിയിടിപ്പിച്ച സംഭവത്തിൽ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയും അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കൊല്ലങ്കോട് പൊലീസിന് നിർദേശം നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
വധൂവരന്മാരുടെ കൃത്യമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ദേഹോപദ്രവം ഏൽപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നിവയാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതി പല്ലശ്ശന സ്വദേശി സുഭാഷിനെ ഉടൻ അറസ്റ്റ് ചെയ്യും.
ജൂൺ 25ന് നടന്ന വിവാഹത്തിൽ ചടങ്ങിന്റെ ഭാഗമായാണ് വധൂവരന്മാരുടെ അയൽവാസിയായ സുഭാഷ് ഇരുവരുടെയും തല മുട്ടിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. പാലക്കാട് പല്ലശ്ശന സ്വദേശി സച്ചിന്റെയും കോഴിക്കോട് മുക്കം സ്വദേശി സജ്ലയുടെയും വിവാഹച്ചടങ്ങിലാണ് സംഭവങ്ങളുടെ തുടക്കം. വിവാഹശേഷം സച്ചിന്റെ വീട്ടിലെത്തിയ സജ്ല അകത്തേയ്ക്ക് കയറുന്നതിന് മുൻപായി പിന്നിൽ നിന്നയാൾ അപ്രതീക്ഷിതമായി ഇരുവരുടെയും തല ശക്തിയായി മുട്ടിക്കുകയായിരുന്നു.
തല നന്നായി വേദനിച്ച സജ്ല കരഞ്ഞുകൊണ്ട് വീടിനകത്തേയ്ക്ക് പോകുന്നത് ദൃശ്യങ്ങളിൽ കാണാം. പാലക്കാട് വിവാഹങ്ങളിൽ ഇത്തരം രീതികൾ പിന്തുടരുന്നുവെന്ന് ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ ചിലർ വാദിച്ചിരുന്നു. എന്നാൽ ഇത്തരം ആചാരങ്ങൾ പാലക്കാട് ഇല്ലെന്ന മറുവാദവുമുണ്ട്.


