Tue. Nov 24th, 2026

തിരുവനന്തപുരം: അസുഖമുണ്ടെന്ന വ്യാജേനെ ആശുപത്രിയിലെത്തി മോഷണം നടത്തിയ പ്രതി പിടിയിൽ. രാജാജി നഗർ ടിസി 26/1038ൽ ഉണ്ണിക്കുട്ടനെന്ന (28) പപ്പടം ഉണ്ണിയാണ് അറസ്റ്റിലായത്. ശനിയാഴ്ച പുലർച്ചെയാണ് ജനറൽ ആശുപത്രിയിലെ ഇഞ്ചക്ഷൻ റൂമിൽ കയറി ഇയാൾ സിറിഞ്ചുകൾ മോഷ്ടിച്ചത്. ലഹരി ഉപയോഗത്തിനായാണ് പ്രതി സിറിഞ്ചുകൾ മോഷ്ടിച്ചത് എന്നാണ് വിവരം. അസുഖമാണെന്നു പറഞ്ഞ് ഒരു സ്ത്രീക്കൊപ്പം ജനറൽ ആശുപത്രിയിലെത്തിയ ഇയാൾ വ്യാജ പേരും മേൽവിലാസവും നൽകി ഒ.പി ടിക്കറ്റെടുത്ത ശേഷമാണ് സിറിഞ്ചുകൾ മോഷ്ടിച്ചെടുത്തത്.


സംഭവം ശ്രദ്ധയിൽപ്പെട്ട നഴ്സ് ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സി.സി ടിവി ക്യാമറകളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ തന്നെ പ്രതിയെ പിടികൂടിയത്. മയക്കുമരുന്ന് വില്പനയുമായി ബന്ധപ്പെട്ട കേസുകളിലടക്കം ഇയാൾ സ്ഥിരം പ്രതിയാണ്. ഇയാളുടെ പക്കൽ നിന്ന് പേരൂർക്കട മാനസിക ആരോഗ്യ ആശുപത്രിയിൽ ഉപയോഗിക്കുന്ന അഞ്ചോളം മെഡിക്കൽ റെക്കാഡുകളും പുനലൂരിലുള്ള ഡോക്ടറുടെ പേരിലുള്ള മരുന്ന് കുറിപ്പടിയും ലഭിച്ചിട്ടുണ്ട്. ഇതിൽ തുടരന്വേഷണം നടത്തുമെന്ന് കന്റോൺമെന്റ് പൊലീസ് അറിയിച്ചു. കന്റോൺമെന്റ് പൊലീസ് എസ്.എച്ച്.ഒ ഷാഫി ബി.എം, എസ്‌.ഐ ദിൽജിത് എന്നിവരടങ്ങുന്ന സംഘം പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്‌തു.