പെരിന്തൽമണ്ണ: ഹോട്ടലിനും ഉടമക്കുമെതിരെ യൂട്യൂബിൽ മതവിദ്വേഷ പ്രചാരണം നടത്തിയ ‘ചാണക്യ ന്യൂസ്’ റിപ്പോർട്ടറായ യൂട്യൂബർ അറസ്റ്റിൽ. മനഴി ബസ് സ്റ്റാൻഡിനടുത്തുള്ള വെജിറ്റേറിയൻ ഹോട്ടലായ ആര്യാസ് ഹോട്ടലിനും ഉടമ അബ്ദുറഹ്മാനുമെതിരെ പ്രചാരണം നടത്തിയ പൂക്കോട്ടുംപാടം അഞ്ചാംമൈൽ സ്വാദേശി വേനാനിക്കോട് ബൈജുവിനെ (44)യാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.
അബ്ദുറഹ്മാൻ എന്ന മുസ്ലിം ഹിന്ദുക്കളെ തെറ്റിദ്ധരിപ്പിച്ച് ആര്യാസ് എന്ന പേരിൽ വെജിറ്റേറിയൻ ഹോട്ടൽ നടത്തുന്നുണ്ടെന്നും മാനേജറുടെ മേശപ്പുറത്ത് ഗണപതി വിഗ്രഹത്തിന് സമാനമായ പ്രതിമ കണ്ടെത്തിയെന്നുമാണ് ബൈജു യൂട്യൂബിലൂടെ പ്രചരിപ്പിച്ചത്. മലപ്പുറം പാക്കിസ്ഥാനിലെ പോലെയുള്ള തീവ്രവാദികളെ സൃഷ്ടിക്കുന്ന ജില്ലയാണെന്നു പ്രതി വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. മൂന്നു ലക്ഷത്തിലധികം പേർ വീഡിയോ വീഡിയോ കണ്ടു കഴിഞ്ഞു. ആയിരത്തിനടുത്ത് ആളുകൾ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഒരു മതവിഭാഗത്തെ വളരെ മോശമായി ചിത്രീകരിക്കുന്ന തരത്തിലാണ് വീഡിയോ ഇറക്കിയത്. ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധിപേർ രംഗത്തെത്തിയിരുന്നു.
ബൈജുവിനെതിരെ വർഗീയ വിദ്വേഷ പ്രചാരണം നടത്തൽ, പൊതുസ്ഥലത്ത് മദ്യപിക്കുക, ഗതാഗത തടസ്സം സൃഷ്ടിക്കുക, പലിശയ്ക്ക് പണം കൊടുക്കുക, പട്ടികജാതി അതിക്രമം, മാനഭംഗം തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്തതിന് പൂക്കോട്ടുംപാടം, കാടാമ്പുഴ, കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ട്. പൂക്കോട്ടുംപാടം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ബൈജു വർഗീയ വിദ്വേഷ പ്രചാരണം നടത്തിയതായി കാണിച്ച് വ്യാപാരി വ്യവസായി സമിതി ഡിജിപി, മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകിയിരുന്നു. മത സാഹോദര്യം തകർക്കണമെന്നുള്ള ദുരുദ്ദ്യേശത്തോടുകൂടി മനപൂർവം വർഗീയ വിദ്വേഷപ്രചാരണം നടത്തിയതിന് പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ സ്വമേധയാ എടുത്ത കേസിൽ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമായിരുന്നു അറസ്റ്റ് ഉണ്ടായത്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.


