Tue. Nov 24th, 2026

തൃശൂർ: കട ബാദ്ധ്യതയെ തുടർന്ന് പ്രതിസന്ധിയിലായ വില്ലേജ് അസിസ്റ്റന്റ് വായ്പയെടുത്ത ബാങ്കിന്റെ ശാഖ കത്തിക്കാൻ ശ്രമിച്ചു. തെക്കുംകര മണലിത്തറ ഗ്രൂപ്പ് വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് പുതുരുത്തി ചിരിയങ്കണ്ടത്ത് വീട്ടിൽ ലിജോയാണ് (36) അത്താണിയിലെ ഫെഡറൽ ബാങ്ക് ശാഖ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചത്.

ഇന്നലെ വൈകിട്ട് നാലരയോടെയാണ് കന്നാസിൽ പെട്രോളുമായി ലിജോ ബാങ്കിലെത്തിയത്. ബാങ്ക് കത്തിക്കാൻ പോവുകയാണെന്നും ആരും പുറത്തിറങ്ങരുതെന്നും വിളിച്ചുപറഞ്ഞ് പെട്രോൾ ഒഴിച്ചു. സ്വന്തം ശരീരത്തിലും കാഷ് കൗണ്ടറിലും പെട്രോൾ ഒഴിച്ചു. തടയാൻ ശ്രമിച്ച അസി. മാനേജർ കെ.ആനന്ദിന്റെ ശരീരത്തിലും പെട്രോൾ വീണു.


മൂന്ന് വനിതാ ജീവനക്കാരും സെക്യൂരിറ്റി ജീവനക്കാരനും അടക്കം അഞ്ച് പേരാണ് ബാങ്കിലുണ്ടായിരുന്നത്. സെക്യൂരിറ്റി ജീവനക്കാർ ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പുറത്തേക്ക് ഇറങ്ങിയോടി. സംസ്ഥാന പാതയിലൂടെ വടക്കാഞ്ചേരി ഭാഗത്തേക്ക് ഓടിയ ലിജോയെ കുറ്റിയങ്കാവ് ജംഗ്ഷനിൽ നാട്ടുകാർ പിടികൂടുകയായിരുന്നു. തുടർന്ന് വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലിൽ വൻ സാമ്പത്തിക ബാദ്ധ്യതയുണ്ടെന്നും ബാങ്ക് കൊള്ളയടിച്ചാൽ തീരുമെന്ന് തോന്നിയതിനാലാണ് ഇത് ചെയ്തതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ഓൺലൈനിൽ റമ്മി കളിക്കാറുണ്ടെന്നും പ്രതി സമ്മതിച്ചു. ഇതിലൂടെ പണം നഷ്ടപ്പെട്ടതായും സൂചനയുണ്ട്. ലിജോ ഫെഡറൽ ബാങ്ക് വടക്കാഞ്ചേരി ബ്രാഞ്ചിൽ നിന്ന് നാല് ലക്ഷം രൂപ വായ്പയെടുത്തിരുന്നതായും പറയുന്നു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.