കണ്ണൂർ: പുരാവസ്തു, സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ പ്രധാന പ്രതിയായ പോക്സോ കേസുമായി ബന്ധപ്പെട്ട് മനസാ വാചാ ഒരു ബന്ധവുമില്ലെന്ന് കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ പറഞ്ഞു. ആരോപണങ്ങൾ അദ്ദേഹം പൂർണമായും തള്ളി. പീഡന സമയം മോൺസൻ്റെ വീട്ടിൽ താനുണ്ടായിരുന്നുവെന്ന് അതിജീവിതയോ സാക്ഷികളോ പറഞ്ഞിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
പീഡനം നടക്കുമ്പോൾ സുധാകരൻ അവിടെയുണ്ടായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയെന്നായിരുന്നു ഇന്ന് ദേശാഭിമാനി പത്രം റിപ്പോർട്ട് ചെയ്തതും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അതേറ്റുപിടിച്ചതും. ആരോപണത്തിന് പിറകിൽ സി പി എം ആണെന്നും ആരോപണം തെളിയിച്ചാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും സുധാകരൻ പറഞ്ഞു.
164 പ്രകാരമുള്ള രഹസ്യമൊഴിയാണ് പെൺകുട്ടി നൽകിയത്. അതെങ്ങനെ സി പി എമ്മിന് ലഭ്യമായെന്ന് വ്യക്തമാക്കണം. ഇര നൽകാത്ത മൊഴി സി പി എമ്മിനെങ്ങനെ കിട്ടിയെന്ന് വ്യക്തമാക്കണമെന്നും സുധാകരൻ പറഞ്ഞു. വീട്ടു ജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ മോൺസൻ പീഡിപ്പിച്ചുവെന്നതാണ് കേസ്. ഇതിൽ മോൺസൻ മാവുങ്കലിനെ ജീവിതാവസാനം വരെ കഠിന തടവിന് എറണാകുളം പോക്സോ പ്രത്യേക കോടതി ശിക്ഷിച്ചിരുന്നു. മോൺസൻ പ്രതിയായ സാമ്പത്തിക തട്ടിപ്പ്, വഞ്ചനാ കേസിൽ കെ സുധാകരനെ ക്രൈം ബ്രാഞ്ച് ദിവസങ്ങൾക്ക് മുമ്പ് രണ്ടാം പ്രതിയാക്കിയിട്ടുണ്ട്. ഇതിന് പുറമെയാണ് പോക്സോ കേസിൽ ആരോപണമുയർന്നത്.


