തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കലിനെതിരായ പോക്സോ കേസിൽ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ കൂട്ടുപ്രതിയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് എം വി ഗോവിന്ദന്റെ പ്രസ്താവന.
മോൻസൺ മാവുങ്കൽ തന്നെ പീഡിപ്പിക്കുമ്പോൾ കെ സുധാകരൻ അവിടെയുണ്ടായിരുന്നുവെന്ന് അതിജീവിത മൊഴി നൽകിയിട്ടുണ്ട്. പീഡനവിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടില്ലെന്ന് മൊഴിയിലുണ്ടെന്നും ഗോവിന്ദൻ വ്യക്തമാക്കി. പോക്സോ കേസിൽ സുധാകരന്റെ മൊഴിയെടുക്കുമെന്ന തരത്തിൽ വാർത്ത വന്നെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു എം വി ഗോവിന്ദന്റെ ആരോപണം. ആ കേസിൽ ചോദ്യം ചെയ്യാനാണ് സുധാകരനെ ക്രൈം ബ്രാഞ്ച് വിളിപ്പിച്ചിരിക്കുന്നത്. ഒരാൾക്കെതിരെയും പ്രത്യേകം കേസെടുക്കണമെന്ന് തങ്ങൾക്ക് താത്പര്യമില്ലെന്നും ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്തതിലും എം വി ഗോവിന്ദൻ പ്രതികരിച്ചു. എല്ലാവർക്കും ഒരു നീതിയാണ്. തന്റെ വാക്കുകളെ മാധ്യമ പ്രവർത്തകർ വളച്ചൊടിക്കുകയാണ് ചെയ്തത്. സർക്കാരിനെയും എസ് എഫ് ഐയെയും വിമർശിച്ചാൽ കേസെടുക്കുമെന്ന് താൻ പറഞ്ഞിട്ടില്ല. എസ് എഫ് ഐക്കെതിരായ പ്രചാരണത്തെയാണ് താൻ എതിർത്തത്.
കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നാണ് താൻ പറഞ്ഞത്. മാധ്യമങ്ങൾ ഇവന്റ് മാനേജ്മെന്റിന്റെ ഭാഗമായി പറയാത്ത കാര്യങ്ങൾ താൻ പറഞ്ഞുവെന്ന് കള്ളപ്രചാരണം നടത്തുകയാണ്. മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യ വളരെ പുറകിലാണ്. എല്ലാ അർത്ഥത്തിലും കേരളത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണ് സി പി എം. ഇത്രയും കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങൾ ലോകത്തെവിടെയുമില്ല. എലത്തൂർ കേസിൽ പൊലീസിനെതിരായ എം വി ശ്രേയാംസ്കുമാറിന്റെ വിമർശനം പരിശോധിക്കുമെന്നും വാർത്താസമ്മേളനത്തിൽ എം വി ഗോവിന്ദൻ വ്യക്തമാക്കി.

