Mon. Nov 23rd, 2026

കൊച്ചി: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട് സൗഹൃദമുണ്ടാക്കി നേരില്‍ കാണുന്നതിനായി വിളിച്ചുവരുത്തുകയും ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയും ചെയ്യുന്ന സംഘത്തിലെ യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. രാമമംഗലം കിഴുമുറി കോളനിയില്‍ തെക്കപറമ്പില്‍ താമസിക്കുന്ന തൃശൂര്‍ പെരിഞനം തേരുപറമ്പില്‍ പ്രിന്‍സ് (23), ഇയാളുടെ പങ്കാളി അശ്വതി (25) ഇതേ വിലാസത്തില്‍ താമസിക്കുന്ന കൊട്ടാരക്കര നെടുവത്തൂര്‍ മൂഴിക്കോട് ആര്യഭവനില്‍ അനൂപ് (23) എന്നിവരെയാണ് പുത്തന്‍കുരിശ് പോലീസ് അറസ്റ്റ് ചെയ്തത്.

എറണാകുളത്തുള്ള ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് സംഘം അറസ്റ്റിലായത്. ഒരു ഡേറ്റിംഗ് ആപ്പിലൂടെ എറണാകുളത്തുള്ള യുവാവ് അനു എന്ന പേരുള്ള വ്യക്തിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ബെംഗളൂരുവില്‍ കോളജില്‍ പഠിക്കുകയാണെന്നും ഇപ്പോള്‍ സ്വദേശമായ കോലഞ്ചേരിയിലെത്തിയാല്‍ നേരില്‍ കാണാമെന്നും പറഞ്ഞ് ഇവര്‍ മെസേജ് അയക്കുകയായിരുന്നു. അത് വിശ്വസിച്ച് കോലഞ്ചേരിയിലെ ബസ് സ്റ്റോപ്പിലെത്തിയ യുവാവിനെ കാറില്‍ എത്തിയവര്‍ തങ്ങള്‍ പെണ്‍കുട്ടിയുടെ സഹോദരങ്ങളാണെന്ന് പറഞ്ഞ് ബലമായി വാഹനത്തില്‍ പിടിച്ച് കയറ്റുകയും മര്‍ദിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാളില്‍ നിന്ന് 23,000 രൂപ അക്കൗണ്ട് വഴിയും പേഴ്സില്‍ നിന്ന് പണവും കവര്‍ന്നെടുത്ത ശേഷം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് യുവാവ് സുഹൃത്തുക്കള്‍ വഴി പോലീസില്‍ പരാതി നല്‍കുകയാരുന്നു.


നഗരത്തിലെ സി സി ടി വി കാമറകള്‍ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ വന്ന വാഹനം തിരിച്ചറിയുകയും രാമമംഗലം പാലത്തിന് സമീപം വെച്ച് സംഘത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതികള്‍ മൂവരും വര്‍ഷങ്ങളായി ബെംഗളൂരുവിലും ഗോവയിലുമായി താമസിച്ചു വരികയാണ്.

2021 മുതല്‍ സംഘം സാമൂഹിക മാധ്യമങ്ങള്‍ വഴി പരിചയപ്പെടുന്നവരെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതായി പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. എറണാകുളത്ത് ജോലി ചെയ്യുന്ന മറ്റൊരാളെ ഭീഷണിപ്പെടുത്തി കൈയിലെ സ്വര്‍ണ ചെയിനും എ ടി എമ്മില്‍ നിന്ന് 19,000 രൂപയും കൈക്കലാക്കിയതായി അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വിവിധ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലും ഡേറ്റിംഗ് ആപ്പുകളിലും സ്ത്രീകളുടെ പേരില്‍ പ്രൊഫൈല്‍ തുടങ്ങിയ ശേഷം ആളുകളെ സൗഹൃദം നടിച്ച് ചാറ്റ് ചെയ്ത് നേരില്‍ കാണുന്നതിനായി വിളിച്ചുവരുത്തി അവരുടെ ഫോട്ടോ എടുക്കുകയും ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയുമാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു.