കൊച്ചി: മോന്‍സന്‍ മാവുങ്കൽ ഒന്നാം പ്രതിയും കെ സുധാകരൻ രണ്ടാം പ്രതിയുമായ പുരാവസ്തു തട്ടിപ്പ് കേസില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ഹൈക്കോടതിയില്‍. കേസ് രാഷ്ട്രീയ പ്രേരിതമെന്നും 19 മാസങ്ങള്‍ക്ക് ശേഷം പ്രതി ചേര്‍ത്തത് സംശയമുണ്ടാക്കുന്നെന്നും സുധാകരന്‍ പറഞ്ഞു.
പണം നഷ്‌ടപ്പെട്ടവരുടെ ആദ്യ പരാതിയിൽ തന്നെപ്പറ്റി ആരോപണം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആരെയും വാഞ്ചിച്ചിട്ടില്ലെന്നും രാഷ്‌ട്രീയ വെെരാഗ്യം തീർക്കാനും സമൂഹ മാധ്യമത്തിൽ പ്രതിഛായ തകർക്കാനും ലക്ഷ്യമിട്ടാണ് കേസിൽ പ്രതി ചേർത്തതെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. അഡ്വ. മാത്യു കുഴൽനാടൻ മുഖേനയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സുധാകരന് ക്രെെംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. എന്നാൽ 23ന് മാത്രമേ ഹാജരാകാൻ കഴിയുള്ളുവെന്ന് സുധാകരൻ അറിയിച്ചു. തുടർന്ന് ക്രെെംബ്രാഞ്ച് പുതിയ നോട്ടീസ് നൽകിയിട്ടുണ്ട്. കേസിന്റെ തുടർനടപടികൾ ആലോചിക്കാൻ ക്രൈംബ്രാഞ്ച് ഇന്നലെ കൊച്ചിയിൽ യോഗം ചേർന്നിരുന്നു.
സുധാകരനെതിരായ കൂടുതല്‍ തെളിവുകള്‍ പരാതിക്കാര്‍ ഇന്ന് ക്രൈം ബ്രാഞ്ച് സംഘത്തിന് കൈമാറും. ക്രൈം ബ്രാഞ്ചിന്റെ കളമശേരി ഓഫിസിലെത്തിയാണ് തെളിവുകള്‍ കൈമാറുക. സാമ്പത്തിക ഇടപാടുകള്‍ നടന്നതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ കൈമാറുമെന്നാണ് വിവരം.


