കാക്കനാട്: കൊച്ചിയിലെ കാക്കനാട്ട് ബഹുനില കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാക്കനാട് ഇന്‍ഫോപാര്‍ക്കിനോട് ചേര്‍ന്നുള്ള കിന്‍ഫ്രാ പാര്‍ക്കിനുള്ളിലെ ജിയോ കമ്പനിയിലാണ് തീപ്പിടിത്തമുണ്ടായത്. ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു അഗ്നിബാധ.
കൂടുതല്‍ പേര്‍ കെട്ടിടത്തിനുള്ളില്‍ ഉണ്ടെന്ന അഭ്യൂഹം പരന്നതോടെ ചൂടും പുകയും വകവക്കാതെ പോലീസും അഗ്‌നിരക്ഷാ സേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മൂന്ന് ജീവനക്കാര്‍ തലനാരിഴക്കാണ് തീപ്പിടിത്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് ആദ്യം തീ ഉയര്‍ന്നത്. അഗ്‌നിഗോളങ്ങളും പുകയും 100 മീറ്ററിലേറെ ഉയരത്തില്‍ പടര്‍ന്നതോടെ ബ്രഹ്മപുരത്ത് വീണ്ടും തീപ്പിടിത്തമുണ്ടായതായാണ് ആദ്യം കരുതിയത്. കെട്ടിടത്തിനുള്ളില്‍ ജീവനക്കാര്‍ കുടുങ്ങിയിട്ടുണ്ടെന്ന വിവരം അറിഞ്ഞതോടെ കൂടുതല്‍ ഫയര്‍ യൂനിറ്റുകള്‍ എത്തി.
ഗ്ലാസ് പാനലുകള്‍ ഉള്ളതിനാല്‍കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ ഏറെ ബുദ്ധിമുട്ടി. കല്ലെറിഞ്ഞിട്ടും ചില്ലുകള്‍ പൊട്ടാതെ വന്നതും ആശങ്കക്ക് ഇടയാക്കി. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
കെട്ടിടത്തിനുള്ളില്‍ വേറെയും ആളുകള്‍ ഉണ്ടെന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്. പരിശോധനയില്‍ മറ്റാരെയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് അഗ്‌നിരക്ഷാ സേനയും പോലീസും അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നി ബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.


