Tue. Nov 24th, 2026

✍️  ചന്ദ്രപ്രകാശ്.എസ്.എസ്

പ്രൊപ്പഗാണ്ട (Propaganda) എന്നവാക്കിന് പ്രചരണം എന്ന് മാത്രമല്ല സംഘടിതമായ ആശയപ്രചരണം, പ്രത്യേക ഉദ്ദേശത്തോടുകൂടിയുള്ള പ്രചരണം എന്നീ അർത്ഥങ്ങളുണ്ട്. Propagare എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ഈ വാക്ക് ഉത്ഭവിച്ചത്. സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ ചില ചെയ്തികളെ വിശേഷിപ്പിക്കാൻ ഈ വാക്ക് ഉപയോഗിക്കാറുണ്ട്. പ്രൊപ്പഗാണ്ട എന്ന് കേൾക്കുമ്പോൾ മിക്കവർക്കും നാസി ജർമ്മനിയെ ഓർമ്മവരും. അതെ സമയം ഈ വാക്കിന് നാസികളേക്കാൾ പഴക്കമുണ്ടുതാനും. മതം പ്രചരിപ്പിക്കാനുള്ള മാർഗ്ഗമായിട്ടാണ് ഈ വാക്ക് ആദ്യകാലത്ത് ഉപയോഗിച്ചത്. 1622 ൽ പോപ്പ് ഗ്രിഗറി പതിനാറാമൻ്റെ തീരുമാനത്തിൽ നിന്നാണ് മത പ്രോപ്പഗാണ്ട രൂപപ്പെട്ടത്. പിൽക്കാലത്ത് അത് മതത്തിൽ മാത്രമല്ല, സ്വേച്ഛാധിപതികളുടെ ഭരണത്തിലും, രാഷ്ട്രീയത്തിലുമടക്കം ചേക്കേറി.

പ്രൊപ്പഗാണ്ടയ്ക്കു വേണ്ടി ആദ്യമായി സിനിമയുണ്ടാക്കിയത് റഷ്യൻ ചക്രവർത്തിയായിരുന്ന സർ നിക്കോളസ് രണ്ടാമനാണ്. അദ്ദേഹം സിനിമയിൽ തല്പരനാവുകയും, സ്വന്തം കൊട്ടാരത്തിൽ സിനിമ നിർമ്മിക്കുകയും ചെയ്തു. എന്നാൽ ആളുകളെ സ്വാധീനിക്കാനുള്ള സിനിമയുടെ ശക്തി തിരിച്ചറിയുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. പ്രൊപ്പഗാണ്ടയ്ക്കുവേണ്ടി പല വിഷയങ്ങളിലും സിനിമ ഒരു ഉപകരണമായി ഉപയോഗിച്ചിട്ടുണ്ട്. അതേസമയം സിനിമ എന്ന മഹത്തായ മാധ്യമത്തെ കുപ്രസിദ്ധമെങ്കിലും ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചത് ഹിറ്റ്ലർക്കും നാസികൾക്കും വേണ്ടി ഗീബൽസാണ്.


നാസി ജർമ്മനിയുടെ പ്രചാരണത്തിൻ്റെ ഏറ്റവും നിഗൂഢമായ ഒരു ഉപകരണമായിരുന്നു സിനിമ. ഈ മാധ്യമം ഉപയോഗിച്ച് ആശയങ്ങളിൽ കൃത്രിമത്വം സൃഷ്ടിച്ചും, പച്ചക്കള്ളങ്ങൾ പടച്ചുവിട്ടും, സാധാരണജനങ്ങളുടെ മനോഭാവത്തെ സ്വാധീനിക്കാൻ സാധിക്കുമെന്ന് ആദ്യം കണ്ടെത്തിയതിൻ്റെ ഖ്യാതിയും ഗീബൽസിനാണ്. ഈ മാധ്യമം ഉപയോഗിച്ച് നടത്തുന്ന പ്രചരണത്തിൻ്റെ മൂല്യം ലോകത്ത് ആദ്യമായി തിരിച്ചറിഞ്ഞതും ഗീബൽസ് തന്നെ.

പ്രൊപ്പഗാണ്ടയെ കലയായി വികസിപ്പിച്ച ഹിറ്റ്ലറുടെ പ്രൊപ്പഗാണ്ട ചീഫും, മന്ത്രിയുമായിരുന്നല്ലോ ഗീബൽസ്. ഗീബൽസിന് സിനിമയിൽ മാത്രമായിരുന്നില്ല കമ്പം. നാസി ജർമ്മനിയിൽ അദ്ദേഹത്തിന് സ്വന്തമായി ഔദ്യോഗിക ഫിലിംസ് ഡിവിഷൻ ഉണ്ടായിരുന്നു. ഇവിടെ നിന്നും 12 വർഷത്തിനുള്ളിൽ നൂറുകണക്കിന് പ്രൊപ്പഗാണ്ട ഡോക്കുമെൻ്ററികൾ പുറത്തിറക്കിയിരുന്നു.

സിനിമയ്ക്കും, ഡോക്കുമെൻ്ററികൾക്കും പുറമേ സർക്കാരിൻ്റെ ഔദ്യോഗിക ജിഹ്വയായ റോഡിയോ ഉൾപ്പടെയുള്ള എല്ലാ മാധ്യമങ്ങളുടേയും നിയന്ത്രണം ഗീബൽസിനായിരുന്നു. എല്ലാ പ്രൊപ്പഗാണ്ട സിനിമകളും സംവിധാനം ചെയ്തത് ഗീബൽസ് തന്നെയായിരുന്നു. സിനിമ ഗീബൽസിന് കാസ്റ്റിംഗ് കൗച്ചിനുള്ള അവസരങ്ങൾ ആണെങ്കിൽ കൂടിയും എല്ലാം ഹിറ്റ്ലർക്ക് വേണ്ടിയായിരുന്നു. ഗീബൽസിന് പെണ്ണില്ലാതെ എന്ത് പ്രോപ്പഗാണ്ട!


ഇന്ന് ഇന്ത്യയിൽ നടക്കുന്നതു പോലെ നാസി ഭരണകാലത്തും മാധ്യമങ്ങളെ കയ്യടക്കിവയ്ക്കാൻ ഹിറ്റ്ലർ പ്രത്യേകം താല്പര്യം കാട്ടി. ഗീബൽസായിരുന്നു അതിന് ചുക്കാൻ പിടിച്ചത്. മാധ്യമങ്ങൾ നാസി ഭരണത്തെയും, ഹിറ്റ്ലറേയും, ഗീബൽസിനേയും വാഴ്ത്തിപ്പാടി. അവരുടെ സ്തുതിഗീതങ്ങൾ ഉച്ചസ്ഥായിയിലെത്തിയിട്ടും തൃപ്തിവരാത്ത അവസ്ഥയിലായിരുന്നു ഗീബൽസ്. കുനിയാൻ പറഞ്ഞപ്പോൾ മാധ്യമങ്ങൾ മുട്ടിലിഴഞ്ഞു എന്ന മാധ്യമങ്ങളെപ്പറ്റിയുള്ള കുപ്രസിദ്ധ വിശേഷണം ആദ്യം രൂപപ്പെട്ടതുതന്നെ നാസി ജർമ്മനിയിലാണ്.

കാശ്മീർ ഫയലുകളിൽ (Kashmir Files) നിന്നും പ്രചോദനം ഉൾക്കൊണ്ടാണല്ലോ ഇപ്പോൾ പുതിയ കേരള കഥ (The Kerala Story) രൂപപ്പെട്ടിരിക്കുന്നത്. ഇത്തരം സിനിമകൾ ഇനിയുമുണ്ടാകും. ഇന്ത്യ മുഴുവനായും, പ്രത്യേകിച്ച് കേരളത്തിൽ ഹിന്ദു പെൺകുട്ടികളെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുന്നു എന്നൊരു ആഖ്യാനമാണ് ഇവിടെ കെട്ടിപ്പടുക്കുന്നത്. ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡാറ്റാ ഉറവിടങ്ങൾ ഇല്ലാതെ അക്കങ്ങൾ പതിനായിരത്തിനു മേൽ ഇരട്ടി വർദ്ധിപ്പിച്ച് നടത്തുന്ന ഗീബൽസിയൻ അജണ്ടയാണിത്. ഒരു മുസ്ലീമിനെ ചുറ്റിപ്പറ്റി തെറ്റായ വിവരങ്ങൾ സന്നിവേശിപ്പിച്ച് കെട്ടിപ്പൊക്കിയുണ്ടാക്കിയതാണ് കാശ്മീർ ഫയൽസ് എന്ന ഗീബൽസിയൻ സിനിമ. മതവിഭാഗങ്ങൾക്ക് കൂറുകെ മതിലുകൾ സ്ഥാപിക്കുന്നതാണ് ദി കേരള സ്റ്റോറി. ഗീബൽസിൻ്റെ പൈതൃകവും, അനന്തരാവകാശവും പേറ്റൻ്റായി സമ്പാദിച്ചിരിക്കുകയാണ് രാജ്യത്തെ ചിലർ.

നാസി ജർമ്മനിയിലെ പോലെ സ്വേച്ഛാധിപതി ഹിറ്റ്ലർക്ക് വേണ്ടി ഒരു ഗീബൽസല്ല ഇവിടെ സിനിമ നിർമ്മിക്കുന്നതും സംവിധാനം ചെയ്യുന്നതും. നൂറുകണക്കിന് ഗീബൽസുമാർ സിനിമയുണ്ടാക്കാൻ തയ്യാറായി ഇപ്പോൾ രംഗത്തുണ്ട്. സിനിമാരംഗത്തെ പുതിയതരം ബ്രീഡുകളാണിവർ.