✍️ സുരേഷ്. സി.ആർ
”ദൃശ്യവസ്തുക്കളുടെ ആഖ്യാനത്തിൽ ചിത്രകാരനെക്കാളെത്രയോ താഴെയാണു കവി; അദൃശ്യങ്ങളുടെ കാര്യത്തിൽ സംഗീതകാരനെക്കാളും.”-
സ്വന്തം കൈക്കൊണ്ട് എന്തിനേയും സുന്ദരമാക്കിയ കലാകാരനായിരുന്നു ലിയാനാർഡോ ഡാ വിൻചി (1452 – 1519). ലിയനാർഡോ ഡി സെർ പിയറോ ഡാ വിൻചി എന്നാണ് മുഴുവൻ പേര്. ലിയനാർഡോ, വിൻചിയിൽ നിന്നുള്ള മെസ്സ്സെർ പിയറോയുടെ മകൻ എന്നാണ് ഇതിനർത്ഥം.
മാനവ ചരിത്രത്തിൽ ഉദയംകൊണ്ട കലാപ്രതിഭകളിൽ യുഗപ്രഭാവ വ്യക്തിത്വമാണ് അദ്ദേഹത്തിനുള്ളത്. ശിൽപ്പി, കൊത്തുപണിക്കാരൻ, രേഖാചിത്രകാരൻ, എൻജിനിയർ, ശാസ്ത്രജ്ഞൻ, എഴുത്തുകാരൻ, സംഗീതം, ശരീരശാസ്ത്രം, ആയുധരൂപകല്പന, യന്ത്രരൂപകല്പന, ഗണിതം എന്നിനിലകളിലും പ്രഗത്ഭനായിരുന്നു.
പല നിഴലുകൾ ഉള്ള ഇരുണ്ട ശൈലിയിൽ ചിത്രങ്ങൾ വരയ്ക്കുന്നതിൽ പ്രശസ്തനായിരുന്നു. 1490-കളിൽ ‘സയൻസ് ഓഫ് പെയിന്റിങ്ങ്, വാസ്തുവിദ്യ, ബലതന്ത്രം, ശരീരഘടനാശാസ്ത്രം എന്നിവ സംബന്ധിച്ച തന്റെ രചനാ പദ്ധതികൾക്ക് തുടക്കമിട്ടു. തന്റെ ദർശനപാടവവും നിരീക്ഷണപാടവവും കൊണ്ട് അനുഗൃഹീതനായ ചിത്രകാരൻ പ്രകൃതിയുടെ രഹസ്യങ്ങളന്വേഷിക്കുവാൻ സവിശേഷമായ അർഹതയുള്ളവനാണെന്ന വിശ്വാസത്തിലധിഷ്ഠിതമാണ് അദ്ദേഹത്തിന്റെ തത്വശാസ്ത്ര ദർശനങ്ങൾ.
മസ്തിഷ്കം, ഹൃദയം, ശ്വാസകോശം എന്നിവ ശരീരത്തിന്റെ കാമ്പായി എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇപ്പോഴും ശാസ്ത്രത്തിലെ ഒരു വലിയ നേട്ടമായി അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ശരീരഘടനാ ചിത്രങ്ങൾ ആധുനിക ശാസ്ത്രീയ ചിത്രീകരണത്തിന് അടിസ്ഥാനമാണ്.
ഇറ്റലിയിലെ ഫ്ലോറൻസിനടുത്ത് വിൻചി ഗ്രാമത്തിൽ ജനനം. മികച്ച വിദ്യാഭ്യാസം ലഭിച്ച് കലയ്ക്കും സംഗീതത്തിനിടയിൽ വളർന്ന ലിയനാർഡോ ചിത്രകലയോടാണ് ആഭിമുഖ്യം കാണിച്ചത്. ഇത് അക്കാലത്തെ ഏറ്റവും പ്രശസ്ത ചിത്രകാരനും ശില്പിയുമായ ആന്ദ്രിയ ഡെൽ വെറോച്ചിയുടെ ശിഷ്യനാക്കി. അൾത്താരചിത്രങ്ങളും പാനൽചിത്രങ്ങൾ വരയ്ക്കലും മാർബിളിലും വെങ്കലത്തിലും ശില്പങ്ങളുണ്ടാക്കലും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ പരിശീലനം നേടി.
1472-ൽ ഫ്ലോറൻസ് പെയിന്റേഴ്സ് ഗിൽഡിൽ അംഗത്വമെടുത്തു. 1483-’85-ൽ ഏറ്റവും പ്രശസ്തമായ വിർജിൻ ഓഫ് ദ റോക്ക്സ് വരച്ചു. 1498-ൽ മാസ്റ്റർ പീസ് ‘ദ ലാസ്റ്റ് സപ്പർ’ പൂർത്തിയാക്കി. നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും എന്ന യേശു പറയുന്ന സന്ദർഭമാണ് ചുമരിലേക്കാവാഹിച്ചത്. പാശ്ചാത്യ ചിത്രകലയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമായാണ് ‘അവസാനത്തെ അത്താഴം’ വിലയിരുത്തപ്പെടുന്നത്. സാങ്കേതികമായ അശ്രദ്ധ ഈ ചിത്രത്തെ പ്രതികൂലമായി ബാധിച്ചതിനാൽ തീരെ മങ്ങിയ രൂപമാണ് ഇന്നു നിലവിലുള്ളത്.
1499-ൽ ഫ്രഞ്ചുകാർ മിലാൻ കീഴടക്കിയപ്പോൾ ഫ്ലോറൻസിലേക്ക് മടങ്ങി. ഈ കാലഘട്ടത്തിലാണ് വിഖ്യാതമായ ‘മൊണാലിസ’ (1503-06) പിറന്നത്. മാർക്വി സെൽ ഗിയോകോൺഡോ എന്ന ഫ്ലോറൻസുകാരൻ പ്രഭുവിന്റെ ഭാര്യയാണ് ഈ ചിത്രത്തിന് മാതൃകയായത്. ‘ലാ ഗിയോകോൺഡോ’ എന്ന പേരിൽ ചിത്രം ഇറ്റലിയിൽ അറിയപ്പെടാൻ കാരണമാണ്. പർവതങ്ങൾ നിറഞ്ഞ ദൂഭാഗദൃശ്യത്തിന്റെ പശ്ചാത്തലത്തിൽ വ്യംഗ്യമായ സ്മിതത്തോടെ ഇരിക്കുന്ന മൊണാലിസയെക്കുറിച്ച് ആയിരക്കണക്കിന് പേജുകൾ എഴുതപ്പെട്ടിട്ടുണ്ട്. ലക്ഷകണക്കിന് പതിപ്പുകളും ഉണ്ടായിട്ടുണ്ട്. മൊണാലിസയുടെ പുഞ്ചിരിയുടെ അർത്ഥമെന്തെന്ന ചോദ്യത്തിന് ഇന്നും ഉത്തരം അന്വഷിച്ചുക്കൊണ്ടിരിയ്ക്കുന്നു.
1502-03 കാലഘട്ടത്തിൽ ആധുനിക കാർട്ടോഗ്രാഫിക്കിന് അദ്ദേഹം തുടക്കമിട്ടു. ഹെലികോപ്ടർ, ടാങ്ക്, കാൽക്കുലേറ്റർ എന്നിവയുടെ മാതൃകകൾ ഡാ വിൻചിയുടേതാണ്. ശവശരീരങ്ങൾ പരിശോധിച്ച് പഠിച്ച അദ്ദേഹം മനുഷ്യ ശരീരഘടനയെക്കുറിച്ച് നിരവധി ശരീരശാസ്ത്ര ചിത്രങ്ങളും വരച്ചു. കടലാസിൽ പേനയും മഷിയും ഉപയോഗിച്ച് വരച്ച ഈ ചിത്രങ്ങൾ അക്കാലത്തെ ഉയർന്ന ശാസ്ത്രജ്ഞാനത്തിന്റെ ഉയർന്ന നിദർശകമാണ്.
1492-ലെ ‘വിടുവിയൻ മാൻ’ ആണ് ഡാ വിൻചിയുടെ അനാട്ടമി ചിത്രങ്ങളിൽ ഏറ്റവും പ്രസിദ്ധം. 1506-ൽ മിലാനിലെത്തിയ ഡാ വിൻചിയെ അടുത്തവർഷം ഫ്രഞ്ച് രാജാവ് ലൂയി പന്ത്രണ്ടാമൻ കൊട്ടാരം ചിത്രകാരനായി പ്രഖ്യാപിച്ചു. ഡാ വിൻചിയുടെ പൂർത്തിയാക്കപ്പെട്ട പതിനേഴ് പെയിന്റുങ്ങുകൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കപ്പെട്ടിട്ടുള്ളതെങ്കിലും അവയെല്ലാം തന്നെ മാസ്റ്റർപീസുകളായാണ് പരിഗണിക്കപ്പെടുന്നത്. ദി ബാറ്റിൽ ഓഫ് ആംഗിയാരി, ലെഡ എന്നിവയാണ് പ്രശസ്തമായ കൃതികൾ.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ : 9447975913, 6235729908


