Tue. Nov 24th, 2026

തൊടുപുഴ: പ്രഭാതസവാരിയ്ക്കിറങ്ങിയ ഗൃഹനാഥനെ ആക്രമിച്ചകേസിൽ രണ്ടുപേർ അറസ്റ്റിൽ. അക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് അയൽവാസികളായ അമ്മയും മകളുമെന്ന് കണ്ടെത്തൽ. ഇഞ്ചിയാനിയിൽ പ്രഭാത സവാരിക്കിറങ്ങിയ നാൽപ്പത്തിനാലുകാരനെ മുളകുപൊടി വിതറി ആക്രമിച്ച സംഭവത്തിൽ കൊച്ചിയിൽ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ചേരാനല്ലൂർ ചൂരപ്പറമ്പിൽ സന്ദീപ് (27), വരാപ്പുഴ മുട്ടിനകം ചുള്ളിപ്പറമ്പിൽ ശ്രീജിത്ത് (26) എന്നിവരാണ് തൊടുപുഴ സി.ഐ വി .സി വിഷ്ണുകുമാറിന്റെയും ഡിവൈഎസ് പി സ്ക്വാഡ് അംഗങ്ങളുടെയും പിടിയിലായത്. വെള്ളിയാഴ്ച്ച പുലർച്ചെ മൂന്നോടെ ചേരാനെല്ലൂരിൽ വെച്ച് മൽപ്പിടുത്തത്തിലൂടെയാണ് പൊലീസ് ഇവരെ കീഴ്‌പ്പെടുത്തിയത്.


കഴിഞ്ഞ ബുധനാഴ് ചയാണ് സംഭവം. പ്രഭാത സവാരിക്കിറങ്ങിയ ഇഞ്ചിയാനി പുറക്കാട് ഓമനക്കുട്ടനെ ബൈക്കിലെത്തിയ രണ്ടുപേർ മുളകുപൊടി വിതറി ആക്രമിക്കുകയായിരുന്നു. അയൽവാസികളായ മിൽഖ, മകൾ അനീറ്റ എന്നിവർ നൽകിയ ക്വട്ടേഷനാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഓമനക്കുട്ടനുമായുള്ള തർക്കങ്ങളെ തുടർന്നുള്ള വിരോധമാണ് കാരണം. റമ്പാൻ എന്ന് വിളിക്കുന്ന ഗുണ്ടയിലൂടെ 30,000രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയത്. 50,000നിരക്ക് പറഞ്ഞതെങ്കിലും 30,000ന് ഉറപ്പിക്കുകയായിരുന്നു. അനീറ്റയും മിൽഖയും രണ്ട് ദിവസമായി ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ തുടങ്ങി.