പാരിസ്: ഗോൾഡൻ ഗ്ളോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ ചരിത്രം കുറിച്ച് മുൻ നാവിക സേനാ ഉദ്യോഗസ്ഥനും ചങ്ങനാശേരി സ്വദേശിയുമായ അഭിലാഷ് ടോമി. മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയാണ് ഗോൾഡൻ ഗ്ളോബ് ഫിനിഷ് ചെയ്യുന്ന ആദ്യ ഏഷ്യക്കാരനും ഇന്ത്യക്കാരനുമായി അഭിലാഷ് ചരിത്രത്തിൽ ഇടം നേടിയത്. 2018ലെ ഗോൾഡൻ ഗ്ളോബിൽ മത്സരിച്ചെങ്കിലും പരിക്കുമൂലം പിന്മാറേണ്ടി വന്നിരുന്നു.
ഇന്ത്യൻ സമയം ഇന്ന് രാവിലെ 10.30ഓടെയാണ് അഭിലാഷിന്റെ വഞ്ചിയായ ബയാനത് ഫ്രഞ്ച് തീരത്തെത്തിയത്. 48,000 കിലോമീറ്റർ സഞ്ചരിച്ച് 236 ദിവസവും 14 മണിക്കൂറും 46 മിനിറ്റുമെടുത്താണ് അഭിലാഷ് മത്സരം പൂർത്തിയാക്കിയത്. 2022 സെപ്തംബറിൽ പടിഞ്ഞാറൻ ഫ്രഞ്ച് തുറമുഖമായ ലെ സാബ്‌ലെ ദെലോനിൽ നിന്നായിരുന്നു അഭിലാഷ് യാത്ര ആരംഭിച്ചത്.
ദക്ഷിണാഫ്രിക്കൻ വനിത കിഴ്‌സ്റ്റൺ നോയിഫെയ്‌ററാണ് ഗോൾഡൻ ഗ്ളോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത്. 235 ദിവസമെടുത്ത് വ്യാഴാഴ്‌ച രാത്രിയായിരുന്നു കിഴ്‌സ്റ്റൺ മത്സരം പൂർത്തിയാക്കിയത്. 16 നാവികർ പങ്കെടുത്ത മത്സരത്തിൽ മൂന്നുപേർ മാത്രമാണ് ഫിനിഷിംഗിലേയ്ക്ക് എത്തിയത്. മൂന്നാമത്തെയാളായ ഓസ്‌ട്രിയൻ നാവികൻ മൈക്കൽ ഗുഗൻബർഗർ ഫിനിഷ് ചെയ്യാൻ 15 ദിവസത്തോളമെടുക്കുമെന്നാണ് വിവരം.