തൃശൂർ: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് തിരുവില്വാമലയിൽ എട്ടുവയസുകാരി മരിച്ചു. പട്ടിപ്പറമ്പ് കുന്നത്തുവീട്ടിൽ മുൻ പഞ്ചായത്തംഗം അശോക് കുമാർ- സൗമ്യ ദമ്പതികളുടെ ഏകമകളായ ആദിത്യശ്രീ ആണ് മരിച്ചത്. ‘ക്രൈസ്റ്റ് ന്യൂ ലൈഫ്’ സ്കൂളിലെ മൂന്നാം ക്ളാസ് വിദ്യാർത്ഥിയാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ചാർജിനിട്ടിരുന്ന മൊബൈലിൽ വീഡിയോ കാണുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് വീട്ടുകാർ പറയുന്നത്. വീടിനുള്ളിൽ നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടതായി പരിസരവാസികൾ പറഞ്ഞു. സംഭവത്തിൽ പഴയന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
സംഭവത്തിൽ വിദഗ്ധ പരിശോധന നടത്തും. മൂന്ന് വർഷം മുമ്പ് കുട്ടിയുടെ അച്ഛന്റെ സഹോദരൻ പാലക്കാട് നിന്ന് വാങ്ങി നൽകിയ ഫോണാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ വർഷം ഇതേ കടയിൽ നിന്ന് തന്നെ ബാറ്ററി മാറ്റിയിരുന്നു.
ഏറെ നേരം വീഡിയോ കണ്ടതിനാൽ ഫോൺ ചൂടായി പൊട്ടിത്തെറിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ മറ്റ് വിവരങ്ങൾ വ്യക്തമാകൂ. തിരുവില്വാമലയിൽ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവമുണ്ടായത്. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെയും സൗമ്യയുടെയും മകൾ ആദിത്യശ്രീ ആണ് മരിച്ചത്. അപകടം നടക്കുന്ന സമയത്ത് കുട്ടിയും മുത്തശിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭക്ഷണമെടുക്കാനായി മുത്തശി അടുക്കളയിലേയ്ക്ക് പോയപ്പോഴായിരുന്നു അപകടം. കുട്ടിയുടെ വലത് കൈവിരലുകൾ അറ്റുപോകുകയും കൈപ്പത്തി തകരുകയും ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.


