Sat. Nov 21st, 2026

ജിദ്ദ: തൃശൂര്‍ സ്വദേശി ആതിര മോഹന്‍ മതംമാറി ആയിഷ എന്ന പേര് സ്വീകരിച്ച സംഭവം കഴിഞ്ഞദിവസം കർമ്മ ന്യൂസ് എന്ന ഓൺലൈൻ ചാനലിൽ വാര്‍ത്തയായിരുന്നു. എന്നാല്‍ ആ മാധ്യമം ഇതിനെ ലൗ ജിഹാദായും സിറിയയിലേക്കുള്ള മനുഷ്യ കടത്തായും വിശേഷിപ്പിച്ചിരുന്നു. ഇവരുടെ ഭര്‍ത്താവ് നല്‍കിയ പരാതി അടിസ്ഥാനമാക്കിയായിരുന്നു ഈ വാര്‍ത്തകള്‍. എന്നാൽ തന്റെ പുതിയ തീരുമാനത്തിന് കാരണമെന്തെന്ന് വിശദീകരിച്ച് ആയിഷ തന്നെ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. തന്റെ മുൻ ഭർത്താവ് ബെന്നി ആന്റണി പോലീസിനും മുഖ്യമന്ത്രിക്കും കൊടുത്ത പരാതി കളവാണെന്ന് ആയിഷ പറയുന്നു.

2013ൽ പ്രേമ വിവാഹം നടത്തിയെങ്കിലും ഇയാൾ നിരന്തരമായി തന്നെ ഉപദ്രവിക്കുകയായിരുന്നു. മദ്യപിച്ചു വീട്ടിൽ വന്നു നിരന്തരം മർദിക്കുമായിരുന്നു. ഇയാൾക്ക് പെൺകുട്ടികളോടല്ല, ആൺകുട്ടികളോടാണ് താല്പര്യം. ഇത് സഹിക്ക വയ്യാതെയാണ് താൻ സൗദിയിൽ ജോലി നേടി പോന്നത് എന്നും ജിദ്ദയിൽ നടത്തിയ പത്രസമ്മേളനത്തിൽ ആതിര വെളിപ്പെടുത്തി. ജിദ്ദയിൽ എത്തിയെങ്കിലും കുഞ്ഞിന്റെ ചെലവിനായി കിട്ടുന്ന ശമ്പളത്തിന്റെ നല്ലൊരു പങ്ക് ഇയാൾക്ക് അയച്ചു കൊടുക്കാറുണ്ടായിരുന്നു. എന്നാൽ മദ്യപാനത്തിനും മറ്റു അനാവശ്യ കാര്യങ്ങൾക്കും ഈ പണം ധൂർത്തടിക്കുക ആയിരുന്നു ഇയാൾ. പല പ്രാവശ്യം പറഞ്ഞിട്ടും ഇതൊന്നും മാറ്റാൻ ഇയാൾ തയ്യാറായില്ല. അതിനാൽ കഴിഞ്ഞ നാല് വർഷമായി ഞങ്ങൾ തമ്മിൽ നല്ല ബന്ധത്തിൽ അല്ല.


രണ്ടു വർഷത്തിൽ ഏറെയായി ഞങ്ങൾ തമ്മിൽ യാതൊരു ബന്ധവുമില്ല. കുട്ടിയെ അയാൾ വിട്ടു തരാത്തതാണ്. ഞാൻ ഡിവോഴ്സിന് നോട്ടീസ് അയച്ചിട്ട് കുറേ ആയി. ധൂർത്തടിക്കാൻ പണം കിട്ടാത്തതിനാൽ അയാൾ പല വഴിക്കും എന്നെ പാട്ടിലാക്കാൻ ശ്രമിച്ചിരുന്നു. കുട്ടിയെ അതിനായി ഉപയോഗിക്കുകയാണ്.

അങ്ങനെയാണ് ഞാൻ മതം മാറാൻ തീരുമാനിച്ചത്. ഇതിൽ ഹോസ്പിറ്റൽ അധികൃതർക്കോ മറ്റാർക്കെങ്കിലുമൊ പങ്കില്ല. ആരും പ്രേരിപ്പിച്ചിട്ടില്ല. എന്നാൽ സഹായിച്ചിട്ടുണ്ട്. താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അധികൃതർക്ക് ഇതിൽ യാതൊരു പങ്കുമില്ല. അവരെക്കുറിച്ചു ബെന്നി കർമ ന്യുസിനോട് പറഞ്ഞത് മുഴുവൻ നൂറു ശതമാനം നുണയാണ്. താൻ ഡ്രഗ് ഉപയോഗിക്കുന്നു എന്നും മറ്റും പ്രചരിപ്പിച്ചു തന്നെ കരിവാരി തേക്കാൻ മുൻ ഭർത്താവ് ശ്രമിക്കുകയാണ്. താൻ ഇത് വരെ വേറെ വിവാഹം കഴിച്ചിട്ടില്ല. ഇനി കഴിക്കുന്നത് തന്റെ ഇഷ്ടമാണ്. ഇപ്പോൾ ജോലിക്ക് പോകുന്നില്ല. ഭാവി കാര്യങ്ങൾ തീരുമാനിച്ചിട്ടില്ല- ആതിര വ്യക്തമാക്കി.

യാമ്പു എന്ന സ്ഥലത്ത് വച്ചാണ് മതം മാറിയത്. ധാരാളം ചാരിറ്റി പ്രവർത്തനങ്ങളും മറ്റും നടത്തുന്ന ആശുപത്രി മാനേജ്മെന്റിനെക്കുറിച്ച് വളരെ മോശമായാണ് ഇവർ ദുഷ്രചാരണം നടത്തിയത്. ജോലി ചെയ്തിരുന്ന ആശുപത്രിക്ക് ഇതുമായി യാതൊരു ബന്ധവും ഇല്ലെങ്കിലും ബെന്നിയും കൂട്ടരും ചില ഓൺലൈൻ മാധ്യമങ്ങളും ആശുപത്രിക്ക് നേരെ തിരിയുകയായിരുന്നു.നുണക്കഥകള്‍ സൃഷ്ടിച്ച് മതവിദ്വേഷമുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത് എന്ന് അവർ പറഞ്ഞു.


പഠിച്ച ശേഷം തന്നെയാണ് മതംമാറാന്‍ തീരുമാനിച്ചത്. ജോലി ചെയ്യുന്ന ജിദ്ദയിലെ ക്ലിനിക്ക് അധികൃതര്‍ക്ക് ഇതില്‍ ബന്ധമില്ല. ഭര്‍ത്താവ് ബെന്നി ആന്റണി ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞ കാര്യങ്ങള്‍ കളവാണ്. മയക്കുമരുന്ന് പ്രചാരണം തന്നെ മോശമായി ചിത്രീകരിക്കാനാണ്. ഭര്‍ത്താവ് വളരെ മോശമായിട്ടാണ് ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മാനേജ്‌മെന്റിനെ കുറിച്ച് പറയുന്നത്. എല്ലാം തെറ്റാണെന്നും ആയിഷ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തെറ്റായ പ്രചാരണംകൊണ്ടും പരാതികൊണ്ടും ഉണ്ടായ സംശയത്തിന്റെ പേരില്‍ നാട്ടില്‍നിന്ന് പോലിസ് ബന്ധപ്പെട്ടിരുന്നുവെന്ന് ആതിര എന്ന ആയിഷ പറഞ്ഞു. പോലീസിനോട് കാര്യങ്ങളെല്ലാം വിശദീകരിച്ചിട്ടുണ്ട്. അവര്‍ക്ക് അതു ബോധ്യപ്പെടുകയും ചെയ്തു. ഇപ്പോള്‍ സൗദിയിലായതിനാല്‍ യാഥാര്‍ഥ്യങ്ങള്‍ നയതന്ത്രാലയത്തെ അറിയിക്കുന്നതിന്റെ ഭാഗമായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ താമസിയാതെ ഒരു അഫിഡവിറ്റ് നല്‍കുമെന്നും അവര്‍ പറഞ്ഞു.


ജിദ്ദയിലെ അല്‍മാസ് ക്ലിനിക്കിലാണ് ആയിഷ ജോലി ചെയ്യുന്നത്. ആയിഷയുടെ മതംമാറ്റത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആയിഷയെ നിര്‍ബന്ധിച്ച് മതംമാറ്റി, സിറിയയിലേക്ക് കൊണ്ടുപോകുന്നു… തുടങ്ങിയ ആരോപണങ്ങളാണ് കഴിഞ്ഞദിവസം മുതല്‍ പ്രചരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വിശദീകരണം.

കഴിഞ്ഞ രണ്ടു വര്‍ഷമായി ആശുപത്രിയില്‍ എക്‌സ്‌റെ ടെക്‌നീഷ്യനായി ആയിഷ ജോലി ചെയ്യുന്നു. റിക്രൂട്ട്‌മെന്റ് ഏജന്റ് വഴിയാണ് അവര്‍ ജോലിക്കെത്തിയത്. ജോലിക്കാരുടെ വ്യക്തിപരമായ വിഷയത്തില്‍ സ്ഥാപനം ഇടപെടാറില്ല. ആശുപത്രിയുടെ പേരും ചില മാധ്യമങ്ങളില്‍ തെറ്റായി വ്യാഖ്യാനിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിശദീകരിക്കുന്നത്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.