കൊല്ലം: എഴുകോണിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. കിഴക്കേ മാറനാട് സ്വദേശി മനുവിനെയാണ് നമ്പർ പ്ലേറ്റ് മറച്ച വെള്ള കാർ കൊണ്ടിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. യുവാവ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ബൈക്കിൽ പോകുകയായിരുന്ന മനുവിനെ പിന്നാലെയെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. യുവാവ് എഴുന്നേൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഈ സമയം മറ്റൊരു കാർ വരികയും, അപകടം കണ്ട് അതിൽ നിന്ന് സ്ത്രീകൾ ഇറങ്ങുകയും ചെയ്യുന്നു. എന്നാൽ പെട്ടെന്ന് മുന്നോട്ടുപോയ വെള്ള കാർ തിരികെ വന്ന് മനുവിനെ ഇടിക്കാൻ ശ്രമിക്കുകയാണ്.
ക്ഷേത്രോത്സവത്തിനിടെ മനുവും മറ്റൊരു സംഘവും തമ്മിൽ തർക്കമുണ്ടായിരുന്നു. ഈ വൈരാഗ്യമാകാം ആക്രമണത്തിന് കാരണമെന്നാണ് സൂചന. മീൻ വാങ്ങാൻ പോയി തിരിച്ചുവരുമ്പോൾ വണ്ടിയിടിക്കുകയായിരുന്നുവെന്നും ആ കാർ തിരികെ വന്നപ്പോഴാണ് കൊലപാതക ശ്രമമാണെന്ന് മനസിലായതെന്നും മനു പ്രതികരിച്ചു. കാറിലുണ്ടായിരുന്നവരെ യുവാവ് തിരിച്ചറിഞ്ഞിട്ടുണ്ട്.


