കണ്ണൂർ: എലത്തൂരിൽ ട്രെയിനിലുണ്ടായ തീവയ്പ്പിനെ തുടർന്ന് മരിച്ച മട്ടന്നൂർ സ്വദേശികളുടെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. പലോട്ടുപള്ളി സ്വദേശി സ്വദേശി റഹ്മത്ത്, ചിത്രാരി സ്വദേശി നൗഫീഖ് എന്നിവരുടെ വീടുകളിലാണ് മുഖ്യമന്ത്രി എത്തിയത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ജില്ലാ കളക്ടർ കുടുംബാംഗങ്ങൾക്ക് കൈമാറി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായമാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. ഞായറാഴ്ച രാത്രി 9.27നാണ് ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഡി1 കോച്ചിൽ തീവയ്പ്പുണ്ടായത്.
അതേസമയം, പ്രതി ഷാരൂഖ് സെയ്ഫി റിമാൻഡിലാണ്. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയാണ് മജിസ്ട്രേറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. ഈ മാസം ഇരുപത് വരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. പ്രതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് ജയിലിലേക്ക് മാറ്റും. മെഡിക്കൽ ബോർഡ് യോഗത്തിലാണ് തീരുമാനം. ഷാരൂഖിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ശരീരത്തിലേറ്റ പൊള്ളൽ ഗുരുതരമല്ല. കണ്ണിന് ചെറുതായി നീരുണ്ട്. എന്നാൽ ഇത് കാഴ്ചയെ ബാധിക്കുന്നില്ല. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഷാരൂഖിന് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.


