Sun. Jul 26th, 2026

കോട്ടയം: വൈക്കം സത്യഗ്രഹം കേരളത്തിന് മാത്രമല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പോരാട്ടമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിൻ. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിൽ പ്രസംഗം ആരംഭിച്ച തമിഴ്നാട് മുഖ്യമന്ത്രി, ദ്രാവിഡ ഭാഷ കുടുംബത്തിൽപ്പെട്ട മലയാളം സംസാരിക്കുന്ന കേരളത്തിലെ പ്രിയ സഹോദരീ സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്താണ് ആരംഭിച്ചത്. പരിപാടി സംഘടിപ്പിച്ചതിന് തമിഴ് മക്കളുടെ പേരിൽ നന്ദി അറിയിക്കുന്നുവെന്നും വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ ക്ഷണിച്ചിരുന്നു. ശരീരം കൊണ്ട് രണ്ടാണെങ്കിലും ചിന്തകൊണ്ട് താനും പിണറായി വിജയനും ഒന്നാണ്. വൈക്കം കേരളത്തിലാണെങ്കിലും തമിഴ്നാടിനും ഏറെ പ്രിയപ്പെട്ടതാണ്. വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നൽകിയ എല്ലാവരെയും ഓർക്കുന്നു. തമിഴ്നാട്ടിൽ നിന്നും പെരിയോരും കേരളത്തിൽ നിന്നും ടി കെ മാധവനും ചേർന്ന് നടത്തിയ പോരാട്ടമാണ്. ഒരു ഘട്ടത്തിൽ സമരം അവസാനിപ്പിക്കേണ്ടി വരുമെന്ന് ആളുകൾ കരുതി. അപ്പോഴാണ് പെരിയോർ എത്തുന്നതെന്നും കേരളത്തിൽ ഉടനീളം പെരിയോർ വൈക്കം സമരത്തിനായി സംസാരിച്ചുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.


”വണക്കം. വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം ഗംഭീരമായി നടത്താൻ ഏർപ്പാടുചെയ്ത ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയും എന്റെ പ്രിയപ്പെട്ട സുഹൃത്തുമായ പിണറായി വിജയൻ അവർകളെ, ബഹുമാനപ്പെട്ട മന്ത്രിമാരെ, പ്രതിപക്ഷ നേതാവ് അവർകളെ, ബഹുമാനപ്പെട്ട നിയമസഭാ സാമാജികരെ, പാർലമെന്റ് അംഗങ്ങളെ … ദ്രാവിഡഭാഷ കുടുംബത്തിൽപ്പെട്ട മലയാളം സംസാരിക്കുന്ന കേരളത്തിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരെ നിങ്ങൾ എല്ലാവർക്കും സ്വാഗതം. ഈ പരിപാടി സംഘടിപ്പിച്ചതിന് തമിഴ് മക്കളുടെ പേരിൽ നന്ദി അറിയിക്കുന്നു”- സ്റ്റാലിൻ പറഞ്ഞു.

വൈക്കം ബീച്ച് മൈതാനിയിലായിരുന്നു ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടന ചടങ്ങിനുമുമ്പ് വലിയകവലയിലെ വൈക്കം തന്തൈ പെരിയാർ സ്മാരകത്തിലും മഹാത്മാഗാന്ധി, ടി.കെ.മാധവൻ, മന്നത്ത് പദ്മനാഭൻ എന്നിവരുടെ സ്മൃതിമണ്ഡപങ്ങളിലും കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ, ആമചാടി തേവൻ, രാമൻ ഇളയത് എന്നീ സത്യാഗ്രഹികളുടെ സ്മൃതിമണ്ഡപങ്ങളിലും ഇരുവരും പുഷ്പാർച്ചന നടത്തി. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിലാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്. വൈക്കം കായലോരത്തു നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി വി എന്‍.വാസവനാണ് അധ്യക്ഷത വഹിക്കുന്നത്.

വൈക്കത്തെ പെരിയാര്‍ സ്മാരകം പുനരുദ്ധരിക്കാന്‍ എട്ടു കോടി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: വൈക്കം സത്യാഗ്രഹത്തിന്റെ മുന്നണിപ്പോരാളികളിലൊരാളും ദ്രാവിഡപ്രസ്ഥാനത്തിന്റെ ആചാര്യനുമായിരുന്ന പെരിയാര്‍ ഇ വി രാമസ്വാമി നായ്കരുടെ സ്മരണ നിലനിര്‍ത്തുന്ന വൈക്കത്തെ പെരിയാര്‍ സ്മാരകം പുനരുദ്ധരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ 8 കോടി നല്‍കും. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തമിഴ്‌നാട് നിയമസഭയില്‍ അറിയിച്ചതാണിക്കാര്യം.

വൈക്കം പ്രക്ഷോഭത്തിനിടെ പെരിയാറിനെ അറസ്റ്റ് ചെയ്ത ആലപ്പുഴയിലെ അരൂക്കുറ്റിയിലും പുതിയ പെരിയാര്‍ സ്മാരകം നിര്‍മ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്. സത്യാഗ്രഹത്തിന്റെ ഓര്‍മക്കായി പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കുമെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു.വൈക്കം സമരത്തിന്റെ ഓര്‍മ്മയ്ക്കായി പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. ‘വൈക്കം സമരത്തെക്കുറിച്ച് പഴ. അത്തിയമാന്‍ രചിച്ച പുസ്തകത്തിന്റെ മലയാളം വിവര്‍ത്തനം പ്രസിദ്ധീകരിക്കും.


വൈക്കം പ്രക്ഷോഭത്തെക്കുറിച്ച് പുതിയ തലമുറക്ക് അവബോധം പകരനായുള്ള നടപടികളും തമിഴ്‌നാട് സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ട്. തമിഴ്‌നാട്ടിലെ കോളജുകളിലും സര്‍വ്വകലാശാലകളിലും പ്രബന്ധ രചനാ മല്‍സരം പ്രസംഗമല്‍സരം പ്രശ്‌നോത്തരി എന്നിവ സംഘടിപ്പിക്കും.

. വൈക്കം സത്യഗ്രഹത്തെക്കുറിച്ച് 64 പേജ് വരുന്ന പുസ്തകം തമിഴ്‌നാട് ടെക്റ്റ്ബുക്ക് ആന്‍ഡ് എജുക്കേഷണല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ മുഖേന പ്രസിദ്ധീകരിക്കുകയും ഇതിന്റെ ഓഡിയോ ബുക്ക് ഇംഗ്ലീഷിലും തമിഴിലും പുറത്തിറക്കുകയും ചെയ്യും.