Wed. Feb 28th, 2024

✍️  ചന്ദ്രപ്രകാശ്.എസ്.എസ്

“വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല.
നീ മരിച്ചതായി ഞാനും ഞാൻ മരിച്ചതായി നീയും കണക്കാക്കുക.
ചുംബിച്ച ചുണ്ടുകൾക്ക് വിടതരിക” (ലോല)

24-1-2023: പി.പത്മരാജൻ സ്മൃതിദിനം

മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരനും, സിനിമാക്കാരനുമായ പി.പദ്മരാജനെക്കുറിച്ച് എഴുതുമ്പോൾ അദ്ദേഹം മരണം വരെ മറക്കാതിരുന്ന ഒരു വ്യക്തിയെക്കുറിച്ച് സൂചിപ്പിക്കാം. ആ വ്യക്തിയാണ് പത്മരാജനെ വാശിയോടെ കഥയെ സമീപിക്കാനും, നല്ല നല്ല കഥകളെഴുതാനും പ്രേരിപ്പിച്ചയാൾ. പത്മരാജന് കഥയെഴുത്ത് വലിയൊരു പ്രതികാരത്തിൻ്റെ കഥ കൂടിയാണ്.

വര്‍ഷങ്ങൾക്ക് ശേഷം പദ്മരാജന്റെ എഴുത്ത് ജീവിതത്തിലെ ആ വില്ലന്‍ കഥാപാത്രം കഥാകാരൻ മൺമറയും മുൻപ് നേരിട്ടും മൺമറഞ്ഞ ശേഷം മാധ്യമങ്ങളിലൂടേയും പ്രിയകഥാകാരനോട് മാപ്പ് ചോദിച്ചിട്ടുണ്ട്. “എന്റെ ആദ്യ കഥയെ കഴുത്ത് ഞെരിച്ച് കൊന്ന ഘാതകന്‍” എന്നാണ് പദ്മരാജന്‍ ആ വ്യക്തിയെ വിശേഷിപ്പിച്ചത് !

വർഷം – 1962, പദ്മരാജൻ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഒന്നാം വർഷ കെമിസ്ട്രി വിദ്യാർത്ഥി. ആദ്യ സൃഷ്ടിയായ ചെറുകഥ “ലോല” എഴുതിയത് അക്കൊല്ലമാണ്. പ്രണയത്താല്‍ മുറിവേറ്റ ലോലയുടെ സംഭ്രമജനകമായ ആ കഥ കോളേജ് മാഗസിനില്‍ അച്ചടിച്ച് വരണമെന്ന ആഗ്രഹം പത്മരാജനുണ്ടായിരുന്നു.

കൗമാരക്കാരനായ കഥാകാരന്‍ ലോലയുടെ കൈയ്യെഴുത്ത് പ്രതിയുമായി അന്നത്തെ കോളേജ് യൂണിയൻ സ്റ്റാഫ് എഡിറ്ററായ അദ്ധ്യാപകൻ കവി ഒ എന്‍ വി കുറുപ്പിനെ സമീപിക്കുന്നു. പ്രണയവ്യഥളുടെ നോവും, നനവും, വിരഹവും ഉളള കഥ ഒ എൻ വി ഒരു വട്ടം ഓടിച്ച് വായിച്ചു. അദ്ദേഹത്തിന് കഥ വല്ലാതെ ഇഷ്ടപ്പെട്ടു.

കഥ പ്രസിദ്ധീകരിക്കാന്‍, അന്നത്തെ മാഗസിന്‍ എഡിറ്ററായ വിദ്യാര്‍ത്ഥി നേതാവിനെ വിളിച്ചുവരുത്തി ഒ എന്‍ വി കയ്യെഴുത്ത് പ്രതി കൈമാറി.
സ്വന്തം കഥ അച്ചടിമഷി പുരളുന്നതിന്റെ ആകാംക്ഷയോടെ പദ്മരാജന്‍ കാത്തിരിന്നു. എന്നാല്‍ മാഗസിന്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ലോല മാഗസീനിലില്ല.

വിദ്യാര്‍ത്ഥി നേതാവായ മാഗസിന്‍ എഡിറ്റര്‍ തൻ്റെ കഥ നിര്‍ദാക്ഷണ്യം ചവറ്റുകൊട്ടയിലിട്ടതറിഞ്ഞു. പദ്മരാജന്‍ വളരെ ദുഖിതനായി. ആദ്യകഥ അച്ചടിച്ച് വരാത്തതിലെ നൈരാശ്യം അദ്ദേഹത്തെ നൊമ്പരപ്പെടുത്തി. കഥയുടെ മറ്റൊരു കോപ്പിയും കൈവശമില്ലതാനും. പരാതിയുമായി അദ്ദേഹം ഒ എന്‍ വിയെ കണ്ടു. കഥ അച്ചടി മഷി പുരണ്ടില്ലങ്കിലും, അതിന്റെ കൈയ്യെഴുത്ത് പ്രതിയെങ്കിലും തിരികെ തരണമെന്നും, അത് ലഭിക്കാൻ മാഗസീൻ എഡിറ്ററോട് നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടു.

തന്റെ വാക്ക് ധിക്കരിച്ച മാഗസിന്‍ എഡിറ്ററെ വിളിച്ചുവരുത്തി ഒ എൻ വി അതികഠിനമായി ശാസിച്ചു. കഥയുടെ കൈയ്യെഴുത്ത് പ്രതി തിരികെ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അന്നേരം മാഗസിന്‍ എഡിറ്ററുടെ മറുപടി കേട്ട് പദ്മരാജനും ഒ എന്‍ വിയും നടുങ്ങി. കഥ മാഗസിൻ എഡിറ്ററുടെ കൈവശം ഇല്ല. അദ്ദേഹമത് വലിച്ചുകീറി ചവറ്റുകൊട്ടയിലിട്ടു.

അന്നത്തെ വിദ്യാർത്ഥി നേതാവും, കോളേജ് യൂണിയൻ മാഗസീൻ എഡിറ്ററുമായ വ്യക്തി പിൽക്കാലത്ത് അറിയപ്പെടുന്ന രാഷ്ട്രീയ നേതാവും എംഎൽഎയും മന്ത്രിയുമായി. സി.ദിവാകരൻ !

കഥ കോളേജ് മാഗസീനിൽ പ്രസിദ്ധീകരിക്കാതെ തിരസ്ക്കരിക്കുകയും, കൈയെഴുത്ത് പ്രതിയുൾപ്പടെ നശിപ്പിക്കുകയും ചെയ്ത വിവരം പി.പത്മരാജൻ സങ്കടത്തോടെ കൗമുദി ബാലകൃഷ്ണനെ (കെ.ബാലകൃഷ്ണൻ)കണ്ട് പറഞ്ഞു.
കെ.ബാലകൃഷ്ണൻ അതിന് പോംവഴിയുണ്ടാക്കി. “കഥ കൗമുദിയിൽ പ്രസിദ്ധീകരിക്കാം. ആ കഥ ഒന്നുകൂടി നീ ഓർമ്മയിൽ നിന്നും എഴുതണം”
കെ.ബാലകൃഷ്ണൻപത്മരാജനെ പിടിച്ചിരുത്തി കഥ പുന:സൃഷ്ടിച്ചു.

ആദ്യ കഥയുടെ രണ്ടാം എഴുത്തിൽ പത്മരാജൻ നന്നായി വിജയിക്കുകയും കഥ കൂടുതൽ തിളങ്ങുകയും ചെയ്തു. കഥ വായിച്ച കെ.ബാലകൃഷ്ണൻ അത്ഭുതപ്പെട്ടു. അങ്ങനെ രണ്ടാമത് സൃഷ്ടിച്ചെടുത്ത കഥയാണ് നമ്മളിൽ പലരും വായിച്ച പത്മരാജൻ്റെ ആദ്യത്തെ പ്രശസ്ത കഥയായ ലോല.

കൗമുദി വാരികയിൽ കഥ പ്രസിദ്ധീകരിക്കാൻ പല എഴുത്തുകാരും തിരക്കുകൂട്ടുന്ന കാലത്താണ് ഡിഗ്രി വിദ്യാർത്ഥിയായ പത്മരാജൻ്റെ ആദ്യ കഥ കൗമുദിയിൽ ഹിറ്റായത്. കഥാകാരൻ്റെ മുഖച്ചിത്രത്തോടെയാണ് ആ ലക്കം കൗമുദി പുറത്തിറങ്ങിയത്. ഒറ്റ കഥയോടെ കഥാകാരനെ മലയാളികൾ നെഞ്ചിലേറ്റി. പത്മരാജന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.

യൂണിവേഴ്സിറ്റി കോളേജിലെ പഠനം പൂർത്തിയാക്കിയ സി.ദിവാകരൻ പിന്നീട് ബിഎഡ് കഴിഞ്ഞ് തിരുവനന്തപുരം തിരുമല എബ്രഹാം മെമ്മോറിയൽ ഹൈസ്ക്കൂളിൽ മലയാളം അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. സി.ദിവാകരൻ അദ്ധ്യാപകനായിരുന്ന കാലയളവിൽ സ്കൂളിലെ വാർഷികാഘോഷവുമായി ബന്ധപ്പെട്ട പ്രധാന ചുമതല അദ്ദേഹത്തിനായിരുന്നു. ഒരിക്കൽ സ്കൂൾ വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യാൻ സി.ദിവാകരൻ പഴയ സുഹൃത്ത് പത്മരാജനെ നേരിട്ടു കണ്ട് ക്ഷണിച്ചു. അദ്ദേഹം സന്തോഷത്തോടെ ക്ഷണം സ്വീകരിക്കുകയും ചെയ്തു. അപ്പോഴേക്കും പത്മരാജൻ മലയാളികളുടെ അറിയപ്പെട്ടു തുടങ്ങിയ കഥാകാരനായി മാറിയിരുന്നു.

പഴയ സംഭവം സി.ദിവാകരൻ എന്ന അദ്ധ്യാപകൻ്റെ മനസ്സിൽ നിന്നും മാഞ്ഞുപോയിരുന്നു. പരിപാടിയിൽ പങ്കെടുക്കാൻ പത്മരാജൻ കൃത്യ സമയത്ത് തന്നെ സ്കൂളിലെത്തി. വേദിയിൽ സി.ദിവാകരനുമുണ്ട്.
ഉദ്ഘാടന പ്രസംഗത്തിലെ പത്മരാജൻ്റെ ഏതാനും വരികൾ ഇങ്ങനെ –

“അഭിമാനത്തോടെയാണ് ഞാൻ ഇവിടെ നിൽക്കുന്നത്.
ഇപ്പോൾ എനിക്ക് ലോകം കീഴടക്കിയ ഭാവമാണ്. ഈ വേദിയിലിരിക്കുന്ന നിങ്ങളുടെ മലയാളം അദ്ധ്യാപകൻ എൻ്റെ സഹപാഠിയാണ്. എൻ്റെ കടിഞ്ഞൂൽ കുഞ്ഞിനെ കൊന്ന ഘാതകൻ. ആ ചോരക്കറ ഇപ്പോഴും അദ്ദേഹത്തിൻ്റെ കൈകളിലുണ്ട്. ദിവാകരൻ കാരണമാണ് ഞാൻ ലോലയ്ക്ക് ശേഷം വാശിയോടെ കഥകളെഴുതിയത്. അതിന് ഞാൻ അദ്ദേഹത്തോട് നന്ദി പറയുന്നു. കഥയിൽ ഞാൻ വിജയിച്ചിട്ടുണ്ടെങ്കിൽ അതിന് ഒരു പരിധിവരെ കാരണക്കാരൻ ദിവാകരനാണ് “

പ്രസംഗം കേട്ടുകൊണ്ടിരുന്ന സി.ദിവാകരൻ ഞെട്ടി. പത്മരാജൻ ആ പഴയ സംഭവം മറക്കാതെ പറഞ്ഞത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. പ്രോഗ്രാം കഴിഞ്ഞശേഷം പത്മരാജനോട് അദ്ദേഹം കുറ്റം ഏറ്റുപറഞ്ഞു ക്ഷമാപണം നടത്തി.

“പപ്പാ ഞാൻ നിന്നോട് ചെയ്തത് മനപൂർവമല്ല. അന്നത്തെ കോളേജ് യൂണിയൻ്റെ തീരുമാനം എസ് എഫ് അല്ലാത്തവരുടെ സൃഷ്ടികൾ പ്രസിദ്ധീകരിക്കാൻ പാടില്ല എന്നതായിരുന്നു. ഞാൻ അന്ന് കാണിച്ച കൗമാരചാപല്യത്തിൽ ഇന്ന് ഞാൻ ദുഖിതനാണ്. നീ എന്നോട് ക്ഷമിക്കണം. ഞാൻ കാണിച്ചത് ശുദ്ധ പോക്രിത്തരമാണ്.” പി.പത്മരാജന് കോളേജിൽ കക്ഷിരാഷ്ട്രീയം ഉണ്ടായിരുന്നില്ല.

അതോടെ മഞ്ഞുരുകി ഇരുവരും പഴയ പ്രശ്നങ്ങൾ പറഞ്ഞ് അവസാനിപ്പിച്ചു. പിന്നീടവർ വീണ്ടും നല്ല സുഹൃത്തുക്കളായി. ഇടയ്ക്കിടെ കുടുംബത്തോടെ ഭവന സന്ദർശനം നടത്തുന്ന അവസ്ഥയിലേക്ക് വളർന്ന ബന്ധം പി.പത്മരാജൻ്റെ മരണം വരെ തുടർന്നു.