മാർച്ച് 30: പ്രവാസ ജീവിതതത്തിന്റെ നേർചിത്രം വരച്ചിട്ട എഴുത്തുകാരൻ ബാബു ഭരദ്വാജ്

✍️  സി. ആർ. സുരേഷ്

പ്രവാസ സാഹിത്യമെന്ന സാഹിത്യ ശാഖയ്ക്ക് മലയാളത്തില്‍ അടിത്തറയിടുകയും പ്രവാസത്തിന്റെ ചൂടും ചൂരും മലയാളികളിലേക്കെത്തിക്കുകയും ചെയ്ത എഴുത്തുകാരനാണ് ബാബു ഭരദ്വാജ് (1948 – 2016). യാത്രകളെ ഏറെ സ്നേഹിച്ച അദ്ദേഹം താൻ കണ്ടുമുട്ടിയ മനുഷ്യരെക്കുറിച്ചാണ് കൂടുതലും എഴുതിയത്. മലയാളികളുടെ ജീവിതത്തെ മാറ്റമറിച്ച ഗൾഫ് പ്രവാസത്തെ സാഹിത്യലോകത്ത് അഭിസംബോധന ചെയ്ത ഏറ്റവും പ്രമുഖനായ എഴുത്തുകാരനാണ് ബാബു ഭരദ്വാജ്.

സര്‍ഗ്ഗാത്മകതയുടെ ഉറവ പൊട്ടിപ്പുറപ്പെടാന്‍ ഏകാന്തതയുടെയും ധ്വന്യാത്മകതയുടെയും ഹിമശൃംഖങ്ങള്‍ വേണമെന്ന അന്ധവിശ്വാസത്തെ കുടഞ്ഞെറിഞ്ഞ എഴുത്തുകാരനാണ് ബാബുഭരദ്വാജ്. കഥയായാലും നോവലെറ്റായാലും രാഷ്ട്രീയ ലേഖനങ്ങളായാലും പ്രവാസികുറിപ്പുകളായാലും അദ്ദേഹമെഴുതുന്നത് ശബ്ദങ്ങളുടെയും ബഹളങ്ങളുടെയും നടുവിലിരുന്നാണ്.

എസ് എഫ് ഐ യുടെ ആദ്യത്തെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായിരുന്നു. കൈരളി ടി.വിയുടെ ക്രിയേറ്റിവ് എക്സിക്യുട്ടീവ്, ചിന്ത വാരിക എഡിറ്റർ, എന്നീ ചുമതലകൾ വഹിച്ചു. ദൃശ്യമാധ്യമ രംഗത്ത് പുത്തൻ അധ്യായം സൃഷ്ടിച്ച കൈരളി ടിവിയിലെ അശ്വമേധം പരിപാടിയുടെ മുഖ്യ ആസൂത്രകനുമായിരുന്നു.
ഇടതുപക്ഷരാഷ്ട്രീയബോധ്യം ബാബുഭരദ്വാജിനെ സംബന്ധിച്ച് അഗാധമായി സ്വാംശീകരിക്കപ്പെട്ട ഒന്നായിരുന്നു. ഒഴുക്കിനിടയില്‍ വന്നുപെട്ട വേരുകളില്ലാത്ത ജീവിതദര്‍ശനമായിരുന്നില്ല അദ്ദേഹത്തിന് മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയം. ബാല്യത്തിലെ സ്വാംശീകരിക്കപ്പെട്ട കമ്യൂണിസ്റ്റ് മൂല്യബോധത്തിന്റെ കരുത്താണ് അദ്ദേഹത്തെ ഇടതുപക്ഷരാഷ്ട്രീയപ്രവര്‍ത്തകനാക്കിയത്.

രാഷ്ട്രീയം ചര്‍ച്ചചെയ്യുകയും രാഷട്രീയം പ്രയോഗിക്കുകയും ജീവിതത്തിലെ ഒന്നാമത്തെ കാര്യമായി രാഷ്ട്രീയത്തെ കണകക്കാക്കുകയും ചെയ്യുന്ന മനുഷ്യരുമായുള്ള സഹവാസമാണ് ബാബുഭരദ്വാജിനെ കമ്യൂണിസ്റ്റാക്കിയത്. അതിനാല്‍ത്തന്നെ കമ്യൂണിസ്റ്റ് നേതൃത്വം എന്ന് തെറ്റായി വിശേഷിപ്പിക്കപ്പെട്ട വിഭാഗം മൂലധനത്തിന്റെയും ഭരണാധികാരത്തിന്റെയും സംരക്ഷകരായി മാറുന്നുവെന്ന തിരിച്ചറിവില്‍ അഗാധമായ ഉത്കണ്ഠ അനുഭവിക്കുകയും പടിപടിയായി ചെറുത്തുനില്‍പിന്റെ രാഷ്ട്രീയത്തോട് ചേര്‍ന്ന് നില്‍ക്കുകയും ചെയ്തു അദ്ദേഹം.
പ്രവാസിയുടെ കുറിപ്പുകൾ, ശവഘോഷയാത്ര, പപ്പറ്റ് തിയറ്റർ, അദൃശ്യ നഗരങ്ങൾ, കണ്ണുകെട്ടി കളിയുടെ നിയമങ്ങള്‍, കബനി നദി ചുവന്നു, ആന മയില്‍ ഒട്ടകം, ശവഘോഷാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, ഗണപതി ചെട്ടിയാരുടെ മരണം; ഒരു വിയോജന കുറിപ്പ്, കൊറ്റികള്‍ സ്വപ്‌നം കാണുന്ന പെണ്‍കുട്ടി, മൃതിയുടെ സന്ധി സമാസങ്ങള്‍ എന്നിവയാണ് അദ്ദേഹത്തിനെ പ്രധാന കൃതികൾ.

കലാപങ്ങൾക്കൊരു ഗൃഹപാഠം എന്ന കൃതിയ്ക്ക് 2006ൽ കേരള സാഹിത്യ അക്കാഡമി പുരസ്കാരം ലഭിച്ചു.“കലാപങ്ങള്‍ക്കൊരു ഗൃഹപാഠ”ത്തിൽ തന്റെ പിതാവിന്റെ ഛായാബിംബമെന്നു തോന്നിക്കുന്ന ഡോക്ടറും (നല്ലൊരു മീന്‍പിടുത്തക്കാരനും മീന്‍ തീറ്റക്കാരനും കൂടിയാണ് ഈ ഡോക്ടര്‍) പോലീസ് പീഢനത്തെ ചെറുത്തുനില്‍ക്കുന്ന ഗ്രാമീണരും കഥാപാത്രങ്ങളാവുന്നുണ്ട്. ജന്‍മിത്തത്തിനെതിരായ കാലത്തെ കമ്യൂണിസ്റ്റ് രാഷ്ട്രീയപ്രവര്‍ത്തകരുടെ പ്രതീകങ്ങളാണിവര്‍.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913