✍️ കെ. ജി. ഫ്രാൻസിസ് ആന്റണി
വീടുവെക്കാൻ സ്ഥലം വാങ്ങിയതിന് ശേഷം ആ സ്ഥലത്ത് വൃക്ഷങ്ങൾ വച്ച് പിടിപ്പിക്കുന്നത് സർവ്വ സാധാരണമാണ്. ഒരു പ്ലോട്ടിൽ വീടോ അനുബന്ധ നിർമിതികളോ, കിണർ, വാട്ടർ ടാങ്ക്, സെപ്റ്റിക് ടാങ്ക് മുതലായവായോ ഭാവിയിൽ നിർമിക്കേണ്ടതായി വന്നേക്കാം. അങ്ങിനെ നിമിക്കേണ്ട സാഹചര്യത്തിൽ അവിടെ കായ്‌ഫലമുള്ള മരങ്ങൾ ഉണ്ടെങ്കിൽ അവ ഒന്നുകിൽ വേരോടെ മാറ്റി സ്ഥാപിക്കേണ്ടതായോ, പൂർണമായും വെട്ടിക്കളയുകയോ ചെയ്യേണ്ടതായി വരാം. ഇത്തരം പാഴ്ചിലവുകൾ ഒഴിവാക്കുക. മരങ്ങൾ വച്ച് പിടിപ്പിക്കാനുള്ള പ്ലാൻ ഒരു ബിൽഡിംഗ് ഡിസൈനറെക്കൊണ്ട് തെയ്യാറാക്കാവുന്നതാണ്. അപ്രകാരം തയ്യാറാക്കുന്ന പ്ലോട്ട് പ്ലാനിൽ വൃക്ഷങ്ങൾ ശരിയായ സ്ഥാനത്ത് തന്നെയാണ് നട്ടു പിടിപ്പിച്ചിരിക്കുന്നതെന്നു ഉറപ്പാക്കുക. വാസ്തുവിൽ വിശ്വാസം ഉള്ളവർ ആണെങ്കിൽ വാസ്തു ശിൽപ്പിയെ ആദ്യം തന്നെ കാണിച്ച് വൃക്ഷതൈകൾ നട്ടാൽ വീടോ അനുബന്ധ നിർമ്മിതികളോ വരുന്ന സ്ഥലത്ത് ഒരു കാരണവശാലും വൃക്ഷങ്ങൾ ഉണ്ടായിരിക്കില്ല.

വീട് വയ്ക്കുവാൻ വേണ്ടി മരങ്ങൾ മുറിച്ചു മാറ്റുന്നതിനും, അങ്ങിനെ മുറിച്ചു മാറ്റിയ മരങ്ങൾ, ചില്ലകൾ എന്നിവ നീക്കം ചെയ്യുവാനും വരുന്ന പാഴ്ചിലവുകൾ ഇത് വഴി ഇല്ലാതാക്കാം. അവരവരുടെ സ്ഥലത്തു തന്നെ അത് കത്തിച്ചു കളയുമ്പോൾ ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങളിൽ നിന്നും, അയൽവാസികളുടെ പരാതികളിൽ നിന്നും മറ്റും ഒഴിവാകാവുന്നതുമാണ്. വീട് പണി പൂർത്തി ആയി കഴിഞ്ഞാൽ ചുറ്റും ഉള്ള വൃക്ഷങ്ങൾ ചൂട് കുറയ്ക്കാൻ സഹായിക്കും എന്നതും ഉപകാരപ്രദം ആണ്.
വൃക്ഷങ്ങൾ എത്ര ഉയരം വരെ എത്തും എന്നും എത്ര പരപ്പ് ഉണ്ടാവും എന്നതും മുൻകൂട്ടി അറിഞ്ഞു, അതിനു അനുസരിച്ച് തൈകൾ നടുക. ഉയരം കുറഞ്ഞവ വീടിനോട് ചേർന്നും ഉയരം കൂടിയവ അകലത്തിലും നടുക വഴി, ചില്ലകൾ വീണാൽ വീടിനു സംഭവിക്കാൻ സാദ്ധ്യത ഉള്ള അപകടം ഒഴിവാക്കാം. ഉയരം കുറഞ്ഞ മരങ്ങൾ ആയതിനാൽ വീടിന് മറവ് വരാതെ ഭംഗി ആയി നിലനിർത്താനും ഈ രീതി സഹായിക്കും. സ്ഥലം വാങ്ങി ഉടനെ തന്നെയാണ് വീട് വയ്ക്കുന്നതെങ്കിൽ ഇത് പരിഗണിക്കേണ്ടതില്ല.

നമ്മൾ വാങ്ങിയ സ്ഥലത്ത്, നിലവിൽ വണ്ണമുള്ള പ്ലാവ് തേക്ക് ആഞ്ഞിലി തുടങ്ങിയ മരങ്ങൾ നിൽപ്പുണ്ടെങ്കിൽ അത് മുറിച്ചു കളയാതിരിക്കുന്നതാണ് നല്ലത് ഭാവിയിൽ വീട് വെക്കുമ്പോൾ മരത്തിന്റെ കാര്യത്തിൽ അത് വലിയ മുതൽക്കൂട്ടായിരിക്കും അല്ലാത്ത മരങ്ങളൊക്കെ മുറിച്ച് കളഞ്ഞു സ്ഥലം ഒരുക്കി മറ്റു മരങ്ങൾ നട്ടുപിടിപ്പിച്ച് ഭംഗിയാക്കാവുന്നതാണ് ഉദാഹരണം:-
വീട് വെക്കാനു ദ്ദേശിക്കുന്ന സ്ഥലത്തിന്റെ നാല് ദിക്കിലും അകലം പാലിച്ചു പൂമരങ്ങൾ നട്ടുപിടിപ്പിക്കുന്ന തോടൊപ്പം മാവ് പ്ലാവ് അതുപോലെ പലതരത്തിലുള്ള ഫലം തരുന്ന വൃക്ഷങ്ങളും നട്ടു പിടിപ്പിക്കാം അതുപോലെ തേക്ക് ആഞ്ഞിലി വീട്ടി പോലുള്ള വൻ മരങ്ങൾ കുറച്ചകലെ നടുന്നതായിരിക്കും നല്ലത്.
അത്തി ഇത്തി അരയാൽ പേരാൽ പുളി, കാഞ്ഞിരം പോലുള്ള മരങ്ങൾ തൽക്കാലം നടാതിരിക്കുന്നതാണ് ഉത്തമം, പൂക്കളും ഫലങ്ങളും തരുന്ന നല്ല മരങ്ങൾ നട്ടാൽ മനസ്സിന് ആനന്ദവും ശുദ്ധവായുവും നമുക്ക് ലഭിക്കും.
വാസ്തുവിൽ വിശ്വാസം ഉള്ളവർ ആണെങ്കിൽ വാസ്തു ശിൽപ്പിയെ ആദ്യം തന്നെ കാണിച്ച് നിർമ്മാണ പ്രവൃത്തികൾക്ക് ആവശ്യമായ സ്ഥലം മാറ്റിയിട്ട്, മറ്റ് സ്ഥലങ്ങളിൽ ഉത്തമങ്ങളായ മരങ്ങൾ നട്ടു അതിരുകൾ കെട്ടി സംരക്ഷിച്ചിട്ടുള്ള ഭൂമിയിൽ പിന്നീട് എപ്പോൾ വേണമെങ്കിലും ഇഷ്ടമുള്ള രീതിയിൽ പാർപ്പിടം നിർമ്മിക്കുന്നത് ഉത്തമമായിരിക്കും. അല്ലാത്തപക്ഷം പലതരത്തിലുള്ള അനാവശ്യ ചെലവുകളും വലിയ സാമ്പത്തിക ബുദ്ധിമുട്ടും നമുക്ക് ഉണ്ടായേക്കും.
(തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിലെ മുൻ ജീവനക്കാരനാണ് ലേഖകൻ കെ. ജി. ഫ്രാൻസിസ് ആന്റണി.ഫോൺ: 7907301713)


