Wed. Apr 24th, 2024

✍️ ലിബി. സി എസ്

മെയ് 24: ഇന്നാണ് പണ്ഡിറ്റ്‌ കെ. പി കറുപ്പൻ ജന്മദിനം. വിഡി സവർക്കറുടെ ജന്മദിനമായ മെയ് 28 ന് സംഘപരിവാർ ആനുകൂല സംഘടനയായ പണ്ഡിറ്റ്‌ കറുപ്പൻ വിചാരവേദിയുടെ ഒരു അവാർഡ്‌ അടുത്തജന്മത്ത്‌ ബ്രാഹ്മണനാകാൻ നടക്കുന്ന ചൂദ്രൻ സുരേഷ് ഗോപിക്ക് നൽകാൻ തീരുമാനിച്ചതിനാൽ കറുപ്പൻ മാഷും അദ്ദേഹത്തിൻറെ ആശയങ്ങളുമൊക്കെ ഒരാഴ്ചയായി സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയുണ്ടായി.

സുരേഷ് ഗോപിയെ ട്രോളുന്നവയായിരുന്നു അധികം പോസ്റ്റുകളും, എന്നാൽ സുരേഷ് ഗോപി പറഞ്ഞതാണ് ഹിന്ദു വിശ്വാസമനുസരിച്ച് ശരി. ‘കഴിഞ്ഞ ജന്മത്തിലെ സത് പ്രവർത്തികളുടെ ഫലമാണ് ഈ ജന്മത്തിലെ ബ്രാഹ്മണ ജനനം’- എന്നാണ് ഗീത ഉൾപ്പെടെയുള്ള സകല സ്മൃതികളും പഠിപ്പിക്കുന്നത്. അവരുടെ വർണ്ണത്തിൽ പെട്ടവർക്ക് (നമ്മൾ അവർണ്ണർ അതിൽ പെടില്ല) ഓരോന്നിനും ഓരോ ധർമ്മം പറഞ്ഞിട്ടുണ്ട്. സുരേഷ്‌ഗോപി അതിൽ ശൂദ്ര വിഭാഗത്തിൽ പെട്ടയാളാണ്. ഈ ജന്മത്തിലെ ശൂദ്രൻറെ സ്വധർമ്മം അനുഷ്ഠിച്ച് ജീവിച്ച് അടുത്തജന്മത്തിൽ ബ്രാഹ്മണൻ ആകാമെന്ന് നൽകിയിരിക്കുന്ന വ്യാമോഹത്തെ വിശ്വസിച്ചാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. ഹിന്ദു വിശ്വാസമനുസരിച്ച് കഴിഞ്ഞ ജന്മത്ത് ദുഷ്പ്രവൃത്തികൾ ചെയ്ത് നമുക്കിടയിൽ വന്ന് നാരയണനായും, കറുപ്പനായും, കാളിയായും ഒക്കെ ജനിച്ചവരാണ് നാരയണഗുരുവും പണ്ഡിറ്റ് കറുപ്പനും അയ്യൻ കാളിയുമൊക്കെ. അതുകൊണ്ടാണ് അരുവിപ്പുറത്തെ ശിവന് ഏതോ ബ്രഹ്മാണൻ പ്രതിഷ്ഠിച്ച വൈക്കത്തേയും ഏറ്റുമാനൂരത്തെയും ശിവനുള്ള പ്രാധാന്യമൊന്നും ഈഴവരായ വിശ്വാസികൾ പോലും നൽകാത്തത്.1936 ലെ ക്ഷേത്രപ്രവേശത്തിന് ശേഷമുള്ള ആദ്യത്തെ ശിവരാത്രിക്ക് അരുവിപ്പുറത്ത് പൂജാരിമാത്രമേ ഉണ്ടായിരുന്നുള്ളൂ. ക്ഷേത്രപ്രവേശനം അനുവദിച്ചതോടെ അവർ ബ്രാഹ്‌മണ ശിവനെത്തേടി ഓടി.


ശൂദ്രനായ സുരേഷ് ഗോപിയുടെ ബ്രാഹ്മണനാകാനുള്ള മോഹവും, മറ്റൊരു മഹാനായ സന്യാസി കഴിഞ്ഞദിവസം കമ്യൂണിസത്തിൻറെ അടിസ്ഥാന തത്വങ്ങൾ ഭഗവത് ഗീതയിൽ ആണെന്ന് പറഞ്ഞതും, വൈക്കത്തേക്കും ഏറ്റുമാനൂരേക്കുമൊക്കെ ഓടുന്ന ഈഴവമ്പൂരികളുമൊക്കെ ഒരേതൂവൽ പക്ഷികൾ തന്നെയാണ്!

നിരർത്ഥകമായ ജാതിബോധത്തിനും അയിത്താചരണത്തിനും എതിരെയുണ്ടായ ആദ്യത്തെ സാഹ്യത്യ വിസ്ഫോടനമാണ്‌ പണ്ഡിറ്റ്‌ കറുപ്പന്റെ ‘ജാതികുമ്മി’ എന്ന കൃതി. “എന്തൊരു വൈകൃതം ബ്രഹ്മവിദ്യേ?” എന്ന് ചോദിക്കുന്ന ആശാന്റെ ദുരവസ്ഥ പുറത്തുവരുന്നതിനു ഒരു ദശാബ്ദം മുൻപ് പ്രസിദ്ധപ്പെടുത്തിയ കൃതിയാണിത്.

”നാട്ടിൻ ഗുണത്തിന്നു നമ്പൂരിമാർ
വിട്ടുകളയണം തീണ്ടിച്ചട്ടം
കേട്ടവർകേട്ടവർ പിന്നെയീയാചാരം
തോട്ടിലെറിഞ്ഞീടും യോഗപ്പെണ്ണേ!- (ജാതിക്കുമ്മിയിൽനിന്ന്).

വിദ്യാഭ്യാസം പോലുമില്ലാത്ത അവർണർ ജാതിക്കുമ്മി ഹൃദിസ്ഥമാക്കുകയും വീടുകളിൽ സന്ധ്യാനാമം പോലെ ചൊല്ലാറുണ്ടെന്നുള്ളതും ആ കൃതിക്ക്‌ ജനങ്ങൾ നൽകിയ സ്വീകാര്യത വ്യക്തമാക്കുന്നതാണ്‌. 1905-ലാണ് ‘ജാതിക്കുമ്മി’ രചിക്കപ്പെട്ടതെങ്കിലും ആദ്യമായി അച്ചടിച്ചത് 1912-ലാണ്.
അയിത്ത ചിന്തയെ വെല്ലുവിളിച്ച അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത് ‘പതിതരുടെ ജിഹ്വ’ എന്നാണ്. അയിത്തം കൊടികുത്തി വാഴുന്ന കാലത്ത്‌, താഴ്‌ന്ന ജാതിക്കാർ സവർണനിൽ നിന്ന്‌ ഇത്ര അടി അകലത്തിൽ നിൽക്കണമെന്ന്‌ കർശന നിയമമുള്ളപ്പോഴാണ്‌ അതിനെ നേരിട്ട് കറുപ്പൻ മാസ്റ്റർ രംഗത്തു വന്നത്‌.

ജാതിക്കുമ്മിക്കുശേഷം എഴുതിയ ‘ബാലകലേശം’ എന്ന നാടകവും ഈ സാമൂഹ്യദൗത്യം നിറവേറ്റുന്നതായിരുന്നു. കൊച്ചിരാജാവിന്റെ കീഴിലുള്ള സർക്കാർ സർവീസിൽ ജോലിയിലിരിക്കെ എഴുതിയ “ബാലാകലേശം” വായിച്ചശേഷം ഡോ. പല്‍പു ചോദിച്ചത് ‘’ഇതെഴുതിയതിനുശേഷവും നിങ്ങളെ സർവീസിൽ വച്ചുകൊണ്ടിരുന്നോ?’ എന്നാണ്. ചാതുർവർണ്യത്തിന്റെ പേരിൽ പുലയൻ അനുഭവിക്കുന്ന യാതനകളും രാജഭരണത്തിന്റെ നീതിന്യായ വ്യവസ്ഥിതികളെയും ചോദ്യംചെയ്യുന്നതായിരുന്നു നാടകം. ലോകത്തിൽ ശാന്തിയും സമാധാനവും പുലരണമെങ്കിൽ ബ്രാഹ്മണനേയും പശുക്കളേയും പൂജിക്കണമെന്ന ധർമ്മം നിലനിന്ന കാലത്ത് അതിന് വിപരീതമായി കറുപ്പൻ തെറ്റു ചെയ്തു; ബ്രാഹ്മണന് തന്റെ കഥയിൽ വധശിക്ഷ നൽകി. ജാതിവ്യവസ്ഥയെ രൂക്ഷമായി വിമർശിച്ച ഈ കൃതിയെ സുരേഷ്ഗോപിയുടെ മുൻതലമുറക്കാരനായ മറ്റൊരു തിരുവന്തോരം ചൂദ്രൻ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള വിമർശിച്ചത് കറുപ്പന്റെ ജാതിയെയും കുലത്തൊഴിലിനെയും അപഹസിച്ചുകൊണ്ടായിരുന്നു.


പ്രസിദ്ധമായ ‘കായൽ സമ്മേളന’ത്തിനുശേഷം അധികം വൈകാതെ നടന്ന സംഭവമായിരുന്നു ഇന്നത്തെ സുഭാഷ്‌ പാർക്കിൽ നടന്ന കാർഷിക പ്രദർശനം. ആ സമ്മേളനത്തിൽ അന്നത്തെ ദിവാനായിരുന്ന ഡബ്ല്യു.ജെ.ഭോർ സംബന്ധിച്ചിരുന്നു. കറുപ്പൻ മാസ്റ്റർ തന്റെ പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു: ”പ്രദര്‍ശനത്തിന്‌ വെച്ചിട്ടുള്ള വിളകൾ ഉണ്ടാക്കിയവർക്ക്‌ പ്രദർശനം കാണുന്നതിനും സന്തോഷിക്കുന്നതിനും അവസരമില്ല.” ഇതുകേട്ട സായ്പ്‌ കാര്യങ്ങൾ അന്വേഷിച്ചു. “അവർക്ക്‌ ഈ കരയിൽ കാലുകുത്തുന്നതിന്‌ അവകാശമില്ല;” കറുപ്പന്‍ മാസ്റ്റർ വിശദീകരിച്ചു. “ഇത്‌ അനീതിയാണ്‌. അവരെങ്ങാനും ഇവിടെ ഉണ്ടെങ്കിൽ പ്രദർശനസ്ഥലത്തേക്ക്‌ വരട്ടെ;” സായ്പ്‌ കൽപ്പിച്ചു. കറുപ്പൻ മാസ്റ്റർ അവരോട്‌ (പുലയരോട്‌) പ്രദർശനവേദിയിലേക്ക്‌ കടന്നുവരാൻ നിർദ്ദേശിച്ചു. അവർ വന്നു. പ്രദർശനം കണ്ട്‌ സന്തുഷ്ടരായി മടങ്ങിപ്പോയി. കൊച്ചി നഗരത്തിൽ പുലയരുടെ കാല്‌ ആദ്യമായി പതിഞ്ഞത്‌ അന്നായിരുന്നു. അത് ഹിന്ദുവിൻറെ സനാതന ബോധം കൊണ്ട് ലഭിച്ചതല്ല. കുറച്ചുകൂടി സംസ്കാരമുള്ള സായ്‌പിന്റെ മനുഷ്യത്വം കൊണ്ടായിരുന്നു എന്ന് വിഡി സവർക്കറുടെ ജന്മദിനമായ മെയ് 28 ന് പണ്ഡിറ്റ്‌ കെ. പി കറുപ്പൻറെ പേരിലുള്ള അവാർഡ് വാങ്ങുന്നവരും കൊടുക്കുന്നവരും ഓർക്കുന്നത് നല്ലതാണ്.

ഇതുതന്നെയാണ് ഗുരു ഗാന്ധിജിയോടും പറഞ്ഞത് ” നമുക്ക് സന്യാസം സാധ്യമാക്കിയത് ഹിന്ദുവിൻറെ സനാതന ബോധംകൊണ്ടല്ല ബ്രിട്ടീഷ് ഭരണമാണ്. അവരാണ് നമ്മുടെ ഗുരു! ഇല്ലെങ്കിൽ ശംബൂകൻറെ ഗതിയാകുമായിരുന്നില്ലേ നമുക്കും?…” എന്ന്.

എന്തായാലും സവർക്കർ ജന്മദിനത്തിലെ പണ്ഡിറ്റ് കറുപ്പൻ അവാർഡ് ജേതാവിനും അത് നൽകുന്നയാൾക്കും ത്വജ പ്രണാം!

വാൽ കഷ്ണം: അവാർഡ് ദാനം നിർവഹിക്കുന്ന സാനുമാഷിന്റെ ഇപ്പോഴത്തെ കാര്യമൊക്കെ അതിലും വലിയ കോമഡിയാണ്. മോദിയുടെ പരിപാടിക്ക് മുൻപ് കൃപാസനം ജോസഫിനൊപ്പം ഒരു അവാർഡ് പങ്കിട്ട പോസ്റ്റ് ആസനം ജോസഫിൻറെ ഫെയ്‌സ്‌ബുക്ക്‌ പേജിൽ കിടക്കുന്നത് കണ്ടു.