ദീപം തെളിയിക്കുന്നത് നല്ല കാര്യമാണെന്നും അതിനെ തെറ്റായി കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പ്രതിരോധ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഞായറാഴ്ച രാത്രി പ്രതീകാത്മകമായി ടോര്‍ച്ച് തെളിയിക്കണമെന്ന പ്രധാന മന്ത്രിയുടെ ആഹ്വാനത്തോട് പ്രതികരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ദീപം തെളിയിക്കല്‍ നടക്കട്ടെ. എന്നാല്‍, ലോക്ക് ഡൗണിനെ തുടര്‍ന്ന് വിവിധ മേഖലകളിലെ തൊഴിലാളികളുടെ മനസ്സിലെ പ്രകാശം അണഞ്ഞിരിക്കുകയാണെന്ന കാര്യം കാണാതെ പോകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരുടെ മനസ്സില്‍ പ്രകാശം തിരിച്ചുകൊണ്ടുവരാന്‍ സാമ്പത്തിക പിന്തുണ വേണം. അത് പിന്നാലെ വരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊറോണ പ്രതിരോധകാലത്ത് രാജ്യത്തെ ഒരുമിച്ച് നിര്‍ത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ജനങ്ങള്‍ സ്വീകരിക്കണമെന്നും പ്രധാനമന്ത്രിയുടെ സന്ദേശത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും കൃഷിമന്ത്രി വി.എസ് സുനില്‍ കുമാറും പറഞ്ഞു.ഏപ്രില്‍ അഞ്ചിന് രാത്രി ചെറുദീപം തെളിയിച്ച് കൊറോണയെന്ന ഭീഷണിയുടെ ഇരുട്ട് നമ്മള്‍ മായ്ക്കണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം.ലോക്ക്ഡൗണില്‍ ഓരോ വീട്ടിലും ഒറ്റപ്പെട്ട് കഴിയുമ്പോള്‍ വെളിച്ചത്തിലൂടെ നമ്മള്‍ എല്ലാവരും ഒരുമിച്ചാണെന്ന സന്ദേശമാണ് അദേഹം മുന്നോട്ട് വെക്കുന്നത്. രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി കൊറോണക്കെതിരേ പോരാടുന്നുവെന്ന് ഇതിലൂടെ ലോകത്തിന് കാണിച്ചുകൊടുക്കണമെന്നും വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.

കൊറോണ ഭീതിയുടെ ഇരുട്ട് നീക്കണം. ഇതിനായി ഞായറാഴ്ച രാത്രി 9 മണിക്ക് വീടുകളിലെ ലൈറ്റ് ഓഫ് ചെയ്ത് 9 മിനിറ്റ് ടോര്‍ച്ച്, മെഴുകുതിരി, മൊബൈല്‍ ലൈറ്റ് എന്നിവ തെളിയിക്കണം. ഈ ദീപത്തിന്റെ പ്രകാശം 130 കോടി ജനങ്ങളുടെ ശക്തി പ്രകടമാക്കണം. ഇതിനായി ഒരുമിച്ച് ആരും പുറത്ത് ഇറങ്ങരുത് എന്നും ആയിരുന്നു മോദി സന്ദേശത്തിൽ പറഞ്ഞത്.

