Fri. Apr 19th, 2024

കര്‍ണാടകയില്‍ സി പി ഐ സംസ്ഥാന കമ്മറ്റി ഓഫീസിനു തീവെച്ചു. ബെംഗളൂരുവിലെ മല്ലേശ്വരത്തിനു സമീപം വ്യാളികാവില്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാന കമ്മറ്റി ഓഫീസിനാണ് തീവെച്ചത്. ആക്രമണത്തിനു പിന്നില്‍ ബി.ജെ.പിയാണെന്ന് സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം ബിനോയ് വിശ്വം എം.പി. ആരോപിച്ചു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സി.പി.ഐ നടത്തിയ പ്രതിഷേധത്തോടുള്ള രാഷ്ട്രീയവൈര്യം തീര്‍ക്കലാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. ഓഫീസിന്റെ ഒരു ഭാഗവും മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന അഞ്ച് ബൈക്കുകളും കത്തിനശിച്ചു. ഓഫീസിന് അകത്തുണ്ടായിരുന്ന സിപിഐ പ്രവര്‍ത്തകരും പുറത്തുനിന്ന് ഓടിയെത്തിയവരും ചേര്‍ന്നാണ് തീയണച്ചത്.

ഓഫീസിലെ ഒരു ഹാള്‍ പൂര്‍ണമായും നശിച്ചു. ഓഫീസിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും  അക്രമിസംഘം കത്തിച്ചു.വളരെ ആസൂത്രിതമായാണ് പാര്‍ട്ടി ഓഫീസ് കത്തിച്ചതെന്ന് കര്‍ണാടകയിലെ പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കും എതിരെ രാജ്യമെമ്പാടും നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ബി ജെ പി ഭരിക്കുന്ന കര്‍ണാടകയിയും വമ്പിച്ച പ്രതിഷേധ സമരങ്ങളാണ് നടന്നുവരുന്നത്. 

ബംഗളുരുവിലെ തീവ്രഹിന്ദുത്വ ശക്തികള്‍ തന്നെയായിരിക്കും ഈ നീചകൃത്യത്തിനു പിന്നിലെന്ന കാര്യത്തില്‍ സംശയംവേണ്ട. കര്‍ണാടക പാര്‍ട്ടി ഓഫീസിന് തീവെച്ച സംഭവം വളരെ ഗൗരവത്തോടെയാണ് സി പി ഐ കാണുന്നത്.

ഈ വിനാശകരമായ വിധ്വംസക പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും, കേസ് അന്വേഷണം ഊര്‍ജിതമാക്കി, ഈ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച കുറ്റക്കാരായ മുഴുവന്‍പേരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും  കാനം ആവശ്യപ്പെട്ടു. കര്‍ണാടക സി പി ഐ സംസ്ഥാന കൗണ്‍സില്‍ ഓഫീസ് തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ പ്രതിഷേധിക്കാന്‍ കേരളത്തിലെ പാര്‍ട്ടി ഘടകങ്ങളോടും എല്ലാ ജനാധിപത്യ വിശ്വാസികളോടും കാനം രാജേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.

സി പി ഐയുടെ ബംഗളുരുവിലുള്ള കര്‍ണാടക സംസ്ഥാന കൗണ്‍സില്‍ ഓഫീസ് തീവെച്ചു നശിപ്പിച്ച നടപടിയില്‍ സി പി ഐ കേരള സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ശക്തമായി പ്രതിഷേധിച്ചു. അതീവ ഉല്‍ക്കണ്ഠയും ഞെട്ടലും ഉളവാക്കുന്നതാണ് സംഭവം എന്ന് കാനം പറഞ്ഞു.