പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ വെടിവെപ്പില്‍ ഉത്തര്‍പ്രദേശില്‍ ഇന്ന് ആറ് പേര്‍ കൊല്ലപ്പെട്ടു. ബിജ്നോറില്‍ രണ്ട് പേരും സാംബാല്‍, ഫിറോസാബാദ്, മീററ്റ്, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരിച്ചത്. ഏറ്റുമുട്ടലില്‍ 50 ഓളം പോലീസുകാര്‍ക്കും പരിക്കേറ്റു. ഇതോടെ പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനിടെ യു പിയില്‍ മരിച്ചവരുടെ എണ്ണം ഏഴായി. അതേസമയം, പോലീസ് വെടിവയ്പില്‍ പ്രതിഷേധക്കാരാരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് പോലീസ് ഡയറക്ടര്‍ ജനറല്‍ ഒ പി സിംഗ് അവകാശപ്പെട്ടു.
വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കു ശേഷമാണ് യുപിയില്‍ 13 ജില്ലകളില്‍ പ്രതിഷേധം തുടങ്ങിയത്. ആയിരക്കണക്കിനാളുകള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങുകയായിരുന്നു. കല്ലേറും മറ്റും ഉണ്ടായതോടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. കടുത്ത സുരക്ഷാവലകള്‍ മറികടന്നാണ് ആയിരങ്ങള്‍ പ്രതിഷേധവുമായി നഗരത്തിലിറങ്ങിയത്. ഇതേ തുടര്‍ന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. ജുമുഅക്ക് മുന്നോടിയായി കര്‍ശന സുരക്ഷ ഒരുക്കിയിരുന്നു.
വിവാദ നിയമത്തിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭത്തിനിടെ ലഖ്നൗവില്‍ ഉണ്ടായ പ്രതിഷേധത്തില്‍ ഇന്നലെ ഒരാള്‍ മരിച്ചിരുന്നു. അതേസമയം ഒരാള്‍ പോലും പോലീസ് വെടിവെയ്പ്പില്‍ അല്ല മരിച്ചതെന്ന് ഉത്തര്‍പ്രദേശ് ഡിജിപി ഒപി സിങ് പറയുന്നു. ഒരു ബുള്ളറ്റ് പോലും വെടിയുതിര്‍ത്തില്ലെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു. ഒരാളെ പോലും പോലീസ് വെടിവെച്ചിട്ടില്ല. ഏതെങ്കിലും വെടിവെയ്പ് നടന്നിട്ടുണ്ടെങ്കില്‍ അത് പ്രതിഷേധക്കാരുടെ ഭാഗത്തു നിന്നാണെന്നും പോലീസ് മേധാവി പ്രതികരിച്ചു.
രാജ്യതലസ്ഥാന നഗരമായ ഡല്‍ഹിയിലും പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങി. മംഗളൂരുവിലും ബെംഗളൂരുവിലും സ്ഥിതി കലാപരൂക്ഷിതമാണ്.പൗരത്വ നിയമത്തിന് എതിരെ തെരുവുകളില്‍ ആയിരക്കണക്കിന് പേര്‍ ഒരുമിച്ച് കൂടി.