‘ജന’പക്ഷ- UAPAപക്ഷ സഖ്യത്തിൻറെ നേതാവ് പിണറായിജി ശ്രീവാസ്തവാജിയുടെ ഉപദേശത്തിൽ ബെഹ്റാജിയുടെ നേതൃത്വത്തിൽ ‘മാവോക്കാല’ ഓഫറുകളുടെ ഭാഗമായി പോലീസ് യുഎപിഎ ചുമത്തിയ വിദ്യാര്‍ത്ഥികളുടെ കാര്യത്തിൽ തീരുമാനമായി. ശശി എംഎൽഎയുടേത് പോലെ തീവ്രത കുറഞ്ഞ സഖാക്കളല്ല അലനും താഹയുമെന്നും അവർ ശശി എംഎൽ എ യെക്കാൾ തീവ്രത കൂടിയ മാവോയിസ്റ്റുകളാണെന്നും കണ്ടെത്തിയ പാർട്ടി ഇരുവരെയും പുറത്താക്കി പോലീസിനെയും പിണറായിജിയെയെയും ശ്രീവാസ്തവാജിയെയും ബെഹ്റാജിയെയും രക്ഷിച്ചെടുത്തു.
മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ യുഎപിഎ ചുമത്തി അറസ്റ്റിലായ പാര്‍ട്ടി പ്രവര്‍ത്തകരായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ സി.പി.എം പുറത്താക്കി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ടി.പി ദാസനാണ് പന്നിയങ്കര ലോക്കല്‍ കമ്മിറ്റിയിലെ ജനറല്‍ ബോഡി യോഗത്തില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തത്ക്കാലം ഈ നടപടി പരസ്യപ്പെടുത്തില്ല.
ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കോഴിക്കോട് ലോക്കല്‍ കമ്മിറ്റികളില്‍ സി.പി.എം റിപ്പോര്‍ട്ട് ചെയ്തു. വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയ വ്യതിയാനം മനസ്സിലാക്കാന്‍ കഴിയാതെ പോയത് സ്വയം വിമര്‍ശനമായി കരുതണമെന്നും സി.പി.എം റിപ്പോര്‍ട്ടില്‍ പറയുന്നു.
എല്ലാ ബ്രാഞ്ചുകളിലെയും അംഗങ്ങളുടെ പ്രവര്‍ത്തനം പരിശോധിക്കാനും തീവ്ര ഇടത് വ്യതിയാനമുള്ളവരെ പുറത്താക്കാനും സി.പി.എം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഈ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ പരസ്യമായ നിലപാട് സ്വീകരിച്ചിരുന്നില്ല. തീരുമാനമെടുക്കാന്‍ ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയുമായിരുന്നു.
സംഭവത്തില്‍ അന്വേഷണത്തിന് സി.പി.എം മൂന്നംഗ കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സി.പി.എം പ്രദേശിക നേതൃത്വത്തിന് പോലീസിന്റെ പക്കല്‍ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണത്രെ നടപടി. പന്നിയങ്കര ലോക്കല്‍ കമ്മിറ്റിക്ക് കീഴിലാണ് അലന്‍ പ്രവര്‍ത്തിക്കുന്നത്.
വിദ്യാര്‍ഥികളെ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്തത് സംസ്ഥാനത്താകെ ചര്‍ച്ചാവിഷയമായിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലയില്‍ അടിയന്തരമായി ലോക്കല്‍കമ്മിറ്റി യോഗങ്ങള്‍ വിളിച്ചുചേര്‍ത്തത്. തിങ്കളാഴ്ചയാണ് അലന്‍ ഷുഹൈബ് അംഗമായ മീഞ്ചന്ത ബ്രാഞ്ച് ഉള്‍പ്പെടുന്ന പന്നിയങ്കര ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നത്.അറസ്റ്റിലായ രണ്ടുപേരേയും തെറ്റുതിരുത്തി, തിരിച്ചുവരാനുള്ള അവസരം പാര്‍ട്ടി നല്‍കണമെന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി.
ഇവരുടെ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ജാമ്യാപേക്ഷയെ പോലീസ് ശക്തമായി എതിര്‍ക്കാനാണ് സാധ്യത.
