Sun. Feb 25th, 2024

പി.ജെ. ബേബി

UAPA കാര്യത്തിൽ CPIM സംസ്ഥാന സെക്രട്ടറിയേറ്റ് എടുത്ത തീരുമാനം പാർട്ടിയുടെ സകല പ്രഖ്യാപിത നിലപാടുകളെയും ,പാർട്ടി കേന്ദ്ര സെക്രട്ടറിയുടെയും പി.ബി അംഗങ്ങളുടെയും നിലപാടുകളെയും, കേരളത്തിലെ ഇടതു പൊതുബോധത്തെയും തള്ളിക്കളയുന്ന ഒന്നാണെന്നത് എന്നെ ഒട്ടും തന്നെ അമ്പരപ്പിക്കുന്നില്ല.

രണ്ടു വിദ്യാർത്ഥികളുടെ മേൽ UAPA ചുമത്തിയ പോലീസ് നടപടി തിരുത്തണമെന്ന ആവശ്യമുയർന്നയുടൻ കേന്ദ്ര മന്ത്രി ബി.മുരളീധരൻ ഭീഷണി മുഴക്കിയിരുന്നു: “UAPA വേണോ വേണ്ടയോ എന്നൊക്കെ നിങ്ങൾക്ക് തീരുമാനിക്കാം. അതു നിങ്ങളുടെ സ്വാതന്ത്ര്യം.എന്നാൽ അതൊഴിവാക്കി ഭരിക്കാമെന്നു നിങ്ങൾ കരുതണ്ട. “

ആ ഭീഷണിക്കു വഴങ്ങി പാർട്ടി യുടെ പ്രഖ്യാപിത നയങ്ങളെയും കേന്ദ്ര നേതൃത്വത്തെയും തള്ളി ബോൾഷെവിക് ഘടനയുള്ള ഒരു കമ്യുണിസ്റ്റു പാർട്ടിയിൽ ” ഭരണത്തെ കുരുതി കൊടുക്കാൻ തയ്യാറല്ല ” എന്ന തീരുമാനം വരുന്നത് വിചിത്രമായിരിക്കും.

സംസ്ഥാന സെക്രട്ടറിയറ്റ് കേന്ദ്രക്കമ്മറ്റിക്ക് മുകളിലാകുന്നു.

പക്ഷേ, അത് സംഭവിക്കുന്നത് അതിലെ അംഗങ്ങളുടെ ഉന്നത സൈദ്ധാന്തിക നിലവാരവും ആർജവവും കാരണമല്ല, മറിച്ച് ഒരു വ്യക്തിക്കു മുന്നിലെ വിധേയത്വം കാരണം മാത്രം എന്നു വരുന്നത് തികച്ചും ദയനീയമാണ്.

അലന്റെയും താഹയുടെയും UAPA യിൽ പാർട്ടി തീരുമാനിക്കുന്നില്ല. പാർട്ടിക്കു വേണ്ടി ബെഹ്റാജി, ശ്രീവാസ്തവാജി എന്നിവർ അമിത് ഷാജിയുടെ മേൽനേട്ടത്തിനു കീഴിൽ തീരുമാനമെടുത്തു. അതിനി വേണമെങ്കിൽ ഗോപിനാഥൻ കമ്മിറ്റി തീരുമാനിക്കട്ടെ. അതൊഴിച്ചു ബാക്കി ഭരണമൊക്കെ മതി.

ആ കുട്ടികളെ കുറിച്ച് രണ്ടു വാക്ക് :

അവർ മാവോയിസ്റ്റ് രഹസ്യരേഖകളടക്കം സൂക്ഷിക്കുന്ന കൊടും മാവോയിസ്റ്റുകൾ എന്നതല്ലാതെ ഇതേവരെ അവർ എന്തെങ്കിലും കുറ്റകൃത്യത്തിൽ പങ്കെടുത്തതായി പോലീസ് മാധ്യമങ്ങളിലൂടെ പ്ലാന്റ് ചെയ്ത എണ്ണമറ്റ കഥകളിലില്ല. പുസ്തകങ്ങൾ കൈയ്യിൽ വച്ചു എന്നല്ലാതെ തോക്കോ ബോംബോ കൈയ്യിൽ വച്ചു എന്നു പോലും ആരോപണമില്ല. അതായത്, ഒരു പെറ്റിക്കേസെടുക്കാൻ പോലും വകുപ്പില്ല. അതു കൊണ്ട് നമ്മൾ യുഎപിഎ ചുമത്തുന്നു. നല്ലത്.

ആ തീരുമാനത്തെ കേരളത്തിലെ പുരോഗമനകാരികളായ യുവതീ യുവാക്കൾ എത്രകണ്ട് അംഗീകരിക്കും? എതിർക്കുന്ന സകലരും ഭരണത്തെ അട്ടിമറിക്കുന്ന ഇടതു-വലതു ഗൂഡാലോചനാ സഖ്യത്തിലെ അംഗങ്ങളാണ് എന്നു പറയുന്നു. പക്ഷേ, ഇത്തരമൊരു ഭരണം ആർക്കു വേണ്ടി എന്ന് ആ യുവതീയുവാക്കൾ മനസ്സിലെങ്കിലും ചോദിക്കില്ലേ?

UAPA കണ്ട് വിരണ്ട് അവർ അടങ്ങിയൊതുങ്ങിയിരുന്നുകൊള്ളും എന്നാണെങ്കിൽ ചരിത്രമാണല്ലോ അതിന് മറുപടിയാകുക.

ശ്രീവാസ്തവജി നീണാൾ വാഴട്ടെ, ബെഹ്റാജി നീണാൾ വാഴട്ടെ , ബ്രാഹ്മണർക്കും പശുവിനും സുഖം ഭവിക്കട്ടെ.