കണ്ണൂർ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളായ താഹ ജേർണലിസം വിദ്യാർത്ഥിയും, അലൻ നിയമ വിദ്യാർത്ഥിയും ആണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പോലീസ് കെട്ടിച്ചമച്ച ഇതുപോലുള്ള കള്ള കഥകളിൽ അകപ്പെട്ട് ജീവിതത്തിന്റെ നല്ല പങ്കും തടവറയിൽ കഴിഞ്ഞ മനുഷ്യരെ പറ്റി നിങ്ങളൊക്കെ വായിച്ച് കാണില്ലേ? ഏറ്റവും കൂടുതൽ UAPA ചുമത്തപ്പെട്ടവർ കേരളത്തിലാണുള്ളതെന്ന് ഇനിയെങ്കിലും “പ്രബുദ്ധ കേരളം” തിരിച്ചറിയുമോ? എന്ന് നടിയും ആക്ടിവിസ്റ്റുമായ ജോളി ചിറയത്ത്.
അത് പോലെ ഇന്ത്യയിലെ സമീപകാലത്ത് രൂപപ്പെടുന്ന നിയമങ്ങൾ നീതി നടപ്പിലാക്കാൻ അല്ലെന്നും മറിച്ച് വിമത / അപര ശബ്ദങ്ങളെ ഒതുക്കാനാണെന്നും അറിയാത്തവരാണോ നിയമ വിദ്യാർത്ഥികൾ? എന്ന് ജോളി ചിറയത്ത് ചോദിക്കുന്നു. കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റ് അനുകൂല ലഖുലേഖ കൈവശം വെച്ചെന്നും ഇന്ത്യയിൽ നിരോധിക്കപ്പെട്ടിട്ടു പോലുമില്ലാത്ത വിപണയിൽ ലഭ്യമായ പുസ്തകം വീട്ടിൽ വെച്ചു എന്നും കാരണം പറഞ്ഞു രണ്ടു വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ എന്ന കരിനിയമം ചുമത്തിയിട്ടും പ്രതികരിക്കാത്ത കേരളത്തിലെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളോടാണ് ജോളി ചിറയത്ത് ഈ ചോദ്യം ഉന്നയിച്ചത്.
ഇന്ത്യയിൽ തന്നെ ചുരുങ്ങിയ കാലത്തിനിടയിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെപ്പോലും കടത്തിവെട്ടി ഏറ്റവും കൂടുതൽ യുഎപിഎ കേസുകൾ ചുമത്തിയ സംസ്ഥാനം കേരളമാണ്. ഇതുവരെ 165 ലേറെ യുഎപിഎ കേസുകളാണ് കേരളത്തിൽ പോലീസ് എടുത്തിരിക്കുന്നത്. ഏറ്റവും ഒടുവിൽ ഈ വർഷം മാത്രം ഇതുവരെയായി പോസ്റ്റർ പതിച്ചതിനും ലഘുലേഖ കൈവശം വച്ചതിനുമായി അഞ്ചോളം കേസുകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 42 യുഎപിഎ കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞു കേരള ജനതയെ സർക്കാർ വഞ്ചിക്കുകയായിരുന്നു.
യുഎപിഎ ഭീകര നിയമമാണെന്നും അത് പിൻവലിക്കണമെന്നും നിലപാട് പറയുന്ന സിപിഎം ഭരിക്കുന്ന കേരളത്തിൽ പോലീസ് യുഎപിഎ ഒരായുധമാക്കിയിരിക്കുകയാണ്. ഇന്ത്യയിൽ ആകമാനം ഈ ഭീകര നിയമം അനുസരിച്ചു അനവധി മനുഷ്യർ തുറുങ്കിൽ അടക്കപെടുകയും, എന്ന് പുറത്തു വരാൻ കഴിയും എന്നറിയാതെ വിചാരണപോലും ഇല്ലാതെ തടവിൽ കഴിയുകയാണ്. ഇതിന്റെ ഇരകളാകുന്നത് ആദിവാസികളും ദളിതരും മുസ്ലീങ്ങളും ദരിദ്ര പിന്നോക്ക വിഭാഗങ്ങളിലെ ജനങ്ങളുമാണ്.

ജെഎൻയുവിലെ കനയ്യകുമാറിനെതിരെ മോദി ഇതേ നിയമം പ്രയോഗിക്കുമ്പോൾ ഫാസിസവും കേരളത്തിലെ സ്വന്തം പാർട്ടിപ്രവർത്തകരായ അലനും താഹയ്ക്കും എതിരെ പിണാറായി വിജയൻ ഈ നിയമം പ്രയോഗിക്കുമ്പോൾ സോഷ്യലിസവും ആയി കാണുന്ന ഉത്തരേന്ത്യയിലേക്ക് മാത്രം വായും പൊളിച്ചിരിക്കുന്ന കേരളത്തിലെ ഫാസിസ്റ്റ് വിരുദ്ധതയോട് പ്രതികരിക്കുകയായിരുന്നു ജോളി ചിറയത്ത്.
ഇനിയും ഈ വിദ്യാർത്ഥി സമൂഹത്തിന്റെ ശബ്ദങ്ങൾ സ്വന്തം സഹപാഠികൾക്ക് വേണ്ടി ഉയരുന്നില്ലെങ്കിൽ നാളെയെ കുറിച്ച് എന്ത് പ്രതീക്ഷയാണ് വെക്കാനുള്ളത്? എന്ന് ജോളിചിറയത്ത് ചോദിക്കുന്നു. കനയ്യയും അലനും താഹയുമൊക്കെ വിദ്യാർത്ഥികളാണെന്നും മൂവരും അഭിമുഖീകരിച്ചത് ഭരണകൂട ഭീകരത തന്നെയാണെന്നും കേരളത്തിലെ വിദ്യാർത്ഥി സമൂഹം ബോധപൂർവ്വം മറന്നുപോയിരിക്കുന്നു.

ഇതിന്റെ മുഴുവൻ ഉത്തരവാദിത്വവും വിദ്യാർത്ഥി സമൂഹത്തിന് മാത്രം എന്ന് അർത്ഥമില്ലെന്നും അവർ കൂട്ടിച്ചേർത്തു.വിദ്യാർത്ഥി സംഘടനകൾ മാത്രമല്ല.കേരളത്തിലെ സ്ത്രീസംഘടനകളും ദളിത് സംഘടനകളും മുഖ്യധാരയിലുള്ള യുവജന സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളുമെല്ലാം ഫാസിസത്തോടുള്ള സമീപനങ്ങളിൽ ഇതേ പോലെതന്നെയാണെന്നും അടുത്തകാലത്തായി കേരളം അഭിമുഖീകരിച്ച വിഷയങ്ങളിലെല്ലാം കാണാൻ കഴിയും.
ലോകത്ത് എല്ലായിടത്തും മുഖ്യധാര രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത് വിദ്യാർത്ഥി രാഷ്ട്രീയമാണ്. എന്നാൽ ഇന്ത്യയിൽ ഇത് നേരെ തിരിച്ചാണ്. ഇവിടെ വിദ്യാർത്ഥികളും യുവജനങ്ങളും സ്ത്രീകളുമൊക്കെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളുടെ ലാസ്റ്റ് ഗ്രേഡ് സെർവന്റുകളെപ്പോലെയാണ്. അവരുടെ ആജ്ഞകൾ അനുസരിക്കാൻ മാത്രം വിധിക്കപ്പെട്ടവർ.
