Sat. Nov 14th, 2026

അനേകായിരം അടക്കിയനിലവിളികളൊന്ന് ചേർന്ന് അലർച്ചകളാവുക തന്നെയാണ്. കൊല്ലപ്പെടുമെന്ന പേടിയില്ല. അതു വരേക്കും നീതിക്കായി ഉയർത്തിയ കൈകൾ ഉയർന്നു തന്നെ നിൽക്കുമെന്ന് വിനീത വിജയൻ.നിങ്ങളുടെ അധികാരപ്പട കുത്തിപ്പിടിച്ച കഴുത്തിൽ നിന്നുയർന്ന ശബ്ദം ഉയരേത്തന്നെ കേൾക്കും. നിങ്ങൾ ഞങ്ങളുടെ ദേഹത്ത് കുത്തിനോവിച്ചിടങ്ങളിലെ മാംസത്തിനേക്കാളുറപ്പ്, നെഞ്ചിനകത്തുണ്ട്. വാളയാറിലെക്കുഞ്ഞുങ്ങൾ നീതിയെന്ന് നിലവിളിക്കുന്നത് കേൾക്കുന്നതുകൊണ്ടാണതെന്ന് വിനീത ഫെയ്‌സ് ബുക്കിൽ കുറിച്ചു.

വാളയാർ കേസ് അട്ടിമറിച്ച്‌ പ്രതികളെ രക്ഷപ്പെടാനനുവദിച്ചതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ പ്രതിഷേധിച്ച ശ്രീജ നെയ്യാറ്റിൻകരയ്ക്കും വിനീത വിജയനും നേരെ കഴിഞ്ഞദിവസം പോലീസ് അതിക്രൂരമായ മര്‍ദ്ദമുറകളാണ് പ്രയോഗിച്ചത്. പോലീസ് സ്ത്രീകളെ മര്‍ദ്ദിക്കുക മാത്രമല്ല ശാരീരികമായ അപമാനം കൂടി ഏല്‍പ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചത്‌.

വിനീത വിജയൻറെ ഫെയ്‌സ് ബുക്ക് പോസ്റ്റ്:

തോക്കുണ്ടല്ലോ കയ്യിൽ, പോലീസുണ്ടല്ലോ ചുറ്റും… ഏറ്റുമുട്ടലെന്നോമനപ്പേരിൽ വേട്ടയാടപ്പെട്ടനേകരുണ്ടല്ലോ മുന്നേ…
ആവുമെങ്കിൽ കൊന്നുകളഞ്ഞേക്കണം സാർ.. ..
അനീതിക്കു നേരേ കുറ്റകരമാം വിധം നിശ്ശബ്ദരാവാൻ, മിണ്ടാതനങ്ങാതെ മരവിച്ചുനിൽക്കാൻ ആവാത്ത വിധം മനസ്സും മനസ്സാക്ഷിയുമുണ്ടായിപ്പോയ കുറ്റത്തിന്… ആ ശിക്ഷ തന്നെയാവട്ടേ…
എതിരുയരുന്ന ഓരോ ഒച്ചകളെയും അങ്ങനെയല്ലാതെ, നിങ്ങൾക്കടക്കി നിർത്താനിനിയുമാവില്ല….

അനേകായിരം അടക്കിയനിലവിളികളൊന്ന് ചേർന്ന് അലർച്ചകളാവുക തന്നെയാണ്..
കൊല്ലപ്പെടുമെന്ന പേടിയില്ല ,അതു വരേക്കും നീതിക്കായി ഉയർത്തിയ കൈകൾ ഉയർന്നു തന്നെ നിൽക്കും…

നിങ്ങളുടെ അധികാരപ്പട കുത്തിപ്പിടിച്ച കഴുത്തിൽ നിന്നുയർന്ന ശബ്ദം ഉയരേത്തന്നെ കേൾക്കും.. നിങ്ങൾ ഞങ്ങളുടെ ദേഹത്ത്കുത്തിനോവിച്ചിടങ്ങളിലെ മാംസത്തിനേക്കാളുറപ്പ്, നെഞ്ചിനകത്തുണ്ട്… വാളയാറിലെക്കുഞ്ഞുങ്ങൾ നീതിയെന്ന് നിലവിളിക്കുന്നത് കേൾക്കുന്നതുകൊണ്ടാണത്…
ഒന്നിച്ച്, ഒരുമിച്ച്, ഇനിയുമുറക്കേ.. ഇതിലുമുശിരോടെ….. നീതിയെന്നു തന്നെ!