Fri. Nov 13th, 2026

READ IN ENGLISH: Why were Maoists killed?, who did it?, We want to know how it happened: D Raja

അട്ടപ്പാടിയിലെ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ നിലപാട് കടുപ്പിച്ച് സി.പി.ഐ ദേശീയ നേതൃത്വവും രംഗത്ത്. സി.പി.ഐ സംസ്ഥാന നേതൃത്വത്തെ പിന്തുണച്ചും സംസ്ഥാന സർക്കാരിനെ തളളിപറഞ്ഞും സി.പി.ഐ ദേശീയ നേതൃത്വം. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ ആവശ്യപ്പെട്ടു.

സത്യം പുറത്തു വന്നേ മതിയാകൂ. എങ്ങനെയാണ് ഇത് നടന്നതെന്നും എന്തിനാണ് മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നതെന്നും ആരാണ് ഇത് ചെയ്‌തതെന്നും ആർക്കാണ് ഇതിനുള്ള അധികാരമെന്നും അറിയണമെന്നും അദേഹം പറഞ്ഞു. ഇത്തരം കമ്യുണിസ്റ്റ് വിരുദ്ധ നിലപാടുകളുമായി യോജിച്ചുപോകാൻ കഴിയില്ല.കേരളത്തിൽ അട്ടപ്പാടിയിൽ നടന്നത് വ്യാ‌ജ ഏറ്റുമുട്ടൽ ആണെന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് വളരെ ഗൗരവത്തോടെയാണ് പാർട്ടി ദേശീയ നേതൃത്വവും കാണുന്നത്. അതുകൊണ്ടാണ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് ഡി. രാജ വ്യക്തമാക്കി.

കമ്യുണിസ്റ്റ് പാർട്ടിയുടെ നിലപാടാണ് കാനം ഇന്നലെ വാർത്താസമ്മേളനത്തിലൂടെ പറഞ്ഞത്. വെടിയുണ്ടയല്ല ഒന്നിനും പരിഹാരം. മാവോയിസ്റ്രുകൾ കമ്യൂണിസ്റ്റുകളുടെ ശത്രുക്കളല്ലെന്ന് സംസ്ഥാന സർക്കാർ ഓർക്കണം. അവർ ഉയർത്തുന്നത് ജനകീയ പ്രശ്‌നങ്ങളാണ്. ഇത്തരം നടപടികളോട് ഇടതുപാർട്ടികൾ നേതൃത്വം നൽകുന്ന സർക്കാരുകൾ ഒരിക്കലും കൂട്ടുനിൽക്കാൻ പാടില്ല. ഏറ്റുമുട്ടലിൽ പൊലീസുകാർക്ക് പരിക്കേൽക്കാത്തത് ദുരൂഹമാണ്. മാവോവാദികളെ ആക്രമിക്കുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയെല്ലെന്നും ഡി.രാജ പറഞ്ഞു.

അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയിൽ പൊലീസ് നടപടി ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ തള്ളിക്കൊണ്ട്, മാവോയിസ്റ്റുകളെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് ഇന്നലെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞിരുന്നു. വ്യാജ ഏറ്റുമുട്ടൽ അല്ലെന്നും പൊലീസ് ആത്മരക്ഷാർത്ഥം വെടിവച്ചതാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞപ്പോൾ മോവോയിസ്റ്റുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ പൊലീസ് വെടിവച്ച് കൊല്ലുകയായിരുന്നുവെന്ന് റിപ്പോർട്ടുണ്ടെന്നാണ് കാനം പറഞ്ഞത്.

പാർട്ടിതലത്തിൽ അന്വേഷണം നടത്തിയിട്ടാണ് അദ്ദേഹം പത്രസമ്മേളനം നടത്തിയത്. അട്ടപ്പാടിയിലുണ്ടായ സംഭവത്തെ കുറിച്ച് കൃത്യമായ വിവരം കിട്ടിയിട്ടുണ്ട് എന്നും. മഞ്ചക്കണ്ടി വനം പുത്തൂര്‍ പഞ്ചായത്തിലാണ്. അവിടുത്തെ പഞ്ചായത്ത് പ്രസിഡന്റ് സി പി ഐയുടെ മണ്ഡലം കമ്മിറ്റി മെമ്പറാണ്. വ്യാജ ഏറ്റുമുട്ടലാണെന്നാണ് അവിടുത്തെ പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ലഭിച്ച വിവരം എന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ സൂചിപ്പിച്ചിരുന്നു.

മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായത് പാർട്ടിയെ പ്രതിരോധത്തിൽ ആക്കിയിട്ടുണ്ട്. പാർട്ടി മെമ്പർഷിപ്പുള്ളവരും ഡിവൈഎഫ്ഐ പ്രവർത്തകരും എല്ലാം ഈ നടപടിയിൽ പ്രതിഷേധിച്ച് പരസ്യമായി രംഗത്തു വരികയും ചിലരെല്ലാം പാർട്ടിയുടെയും മറ്റ് വർഗ്ഗ ബഹുജന സംഘടനകളുടെയും പ്രാഥമീക അംഗത്വത്തിൽ നിന്നുൾപ്പെടെ രാജിവെക്കുകയും ചെയ്തിരുന്നു.