Tue. Apr 23rd, 2024

യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് കെ എസ് യു നടത്തുന്ന നിരാഹാര സമരത്തിന്റെ ലക്ഷ്യം എന്താണെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യൂനിവേഴ്‌സിറ്റി കോളജ് പൂര്‍ണമായും അവസാനിപ്പിക്കുക എന്നാണെങ്കില്‍ ഈ സമരം നടത്തുന്നവരുടെ രാഷ്ട്രീയ നേതൃത്വം നയിച്ചിരുന്ന സര്‍ക്കാര്‍ ഉള്ള കാലത്ത് ആ ആഗ്രഹത്തോടെ പുറപ്പെട്ട നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലയെന്നത് ഓര്‍ക്കുന്നത് നല്ലതാണ്. പിന്നെ ഇക്കാലത്ത് ഇത് ഒട്ടും നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

യൂണിവേഴ്‌സിറ്റി കോളജില്‍ സംഭവിച്ച തെറ്റ് തെറ്റ് തന്നെയാണ്. അതില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ലാത്ത നടപടി സ്വീകരിക്കും. എന്നാല്‍ കോളജ് അവിടുന്ന് എടുത്തു കളയുക, അവിടെ മ്യൂസിയമാക്കാം എന്ന അഭിപ്രായങ്ങള്‍ ചിലര്‍ പറയുന്നു. അതൊന്നും സര്‍ക്കാറിന്റെ അഭിപ്രായമല്ല. യൂണിവേഴ്‌സിറ്റി കോളജ് അവിടെയുണ്ടാവും. അതിനെ കൂടുതല്‍ പ്രശസ്തമായ നിലയിലേക്ക് ഉയര്‍ത്താന്‍ നോക്കും. തെറ്റായ കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കും- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു