Sun. Aug 30th, 2026

✍️  സി. ആർ.സുരേഷ്

“മാർക്സിസം പുതിയ ലോകത്തെ നിർമ്മിക്കാനുള്ള സങ്കല്പനവും മാനവിക ശാസ്ത്രങ്ങളെക്കുറിച്ചുള്ള സിദ്ധാന്തവും മാത്രമല്ല, സമഗ്രവും ഉദ്ഗ്രഥിതവുമായ ഒരു സംസ്കാരത്തെക്കുറിച്ചുള്ള വീക്ഷണവുമാണ്”(ജയിൽക്കുറിപ്പുകളിൽ നിന്ന്).

സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും മണ്ഡലങ്ങളിലൂടെ മാർക്സിസത്തിന് നവീനമായ അർത്ഥവ്യാപ്തി നൽകിയ സൈദ്ധാന്തികനും പോരാളിയുമായിരുന്നു അന്റോണിയോ ഗ്രാംഷി.

ആധുനികമനുഷ്യന്റെ ധൈഷണികജീവിതത്തിലെ ഉൽകൃഷ്ട സ്വരൂപങ്ങളിലൊന്നായ അദ്ദേഹം ലെനിനുശേഷം ഇരുപതാം നൂറ്റാണ്ട് ദർശിച്ച ഏറ്റവും ഉന്നതനായ മാർക്സിസ്റ്റായിരുന്നു.

രാഷ്ട്രീയത്തിലെ എല്ലാ വർഗ്ഗങ്ങിലും ജനങ്ങൾ നേടിയെടുക്കുന്ന നേതൃത്വമെന്ന ‘ഹെഗിമണി’യാണ് മാർക്സിസത്തിന് ഗ്രാംഷി നൽകിയ ഏറ്റവും വലിയ സൈദ്ധാന്തിക സംഭാവന.

ഇറ്റലിയിലെ സാർഡിനിയയിൽ ജനിച്ചു. കുട്ടിക്കാലത്ത് നേരിട്ട ഏറ്റവും വലിയ പ്രശ്നം വളർച്ചാ മുരടിപ്പിന്റെതായിരുന്നു. നട്ടെല്ലിനു സംഭവിച്ച തകരാറു മൂലം ജീവിതകാലം മുഴുവൻ അദ്ദേഹത്തിന് ഒരു കൂനനായി കഴിച്ചു കൂട്ടേണ്ടി വന്നു.

ലിംഗ്വിസ്റ്റിക്സിലും ഫിലോളജിയിലും സ്പെഷലൈസ് ചെയ്ത ഗ്രാംഷി അവിടെ നിന്നാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ടൂറിനിലെ ഫാക്ടറി കൗൺസിലുമായി ബന്ധപ്പെട്ടണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്.

1921-ൽ ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു.
1924-ൽ പാർടി ജനറൽ സെക്രട്ടറിയായി.

ഫാസിസത്തിന്റെ പിതാവ് ബെനിഡിറ്റോ മുസ്സോളനിയുടെ നേതൃത്വം ഏറ്റവുമധികം ഭയപ്പെട്ടിരുന്നത് ഗ്രാംഷിയുടെ നാവിനെയും തലച്ചോറിനെയുമായിരുന്നു. 1926-ൽ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം വിചാരണയില്ലാതെ തടവറയിലായി. വൈദ്യസഹായമില്ലായ്മയും ശുചിത്വമില്ലായ്മയും നിറഞ്ഞ തടവറയിൽ ഭക്ഷണം പോലും കിട്ടാതെ ഏകാന്ത തടവിലായിരുന്ന അദ്ദേഹത്തിന്റെ അവസ്ഥ ചരിത്രത്തിലെ ഏറ്റവും ദുഃഖപൂർണ്ണമായ അധ്യായങ്ങളിലൊന്നായിരുന്നു.

“അടുത്ത ഇരുപതു വർഷത്തേക്ക് ഈ തലച്ചോർ പ്രവർത്തനരഹിതമാക്കണം” എന്നായിരുന്നു വിധി പ്രഖ്യാപനം.

ഫാസിസം എത്രമാത്രം ഗ്രാംഷിയെന്ന കമ്യൂണിസ്റ്റിനെ ഭയപ്പെട്ടിരുന്നു എന്നതിന്റെ തെളിവായിരുന്നു അത്. പക്ഷെ, ഫാസിസത്തിന് അദ്ദേഹത്തിന്‍റെ തലച്ചോറൊഴികെയുള്ള ഭാഗങ്ങളെ മാത്രമെ തടവിലാക്കുവാൻ സാധിച്ചുള്ളൂ. തടവറയിൽ കഴിഞ്ഞ സമയത്ത് പീഡനങ്ങളെ അതിജീവിച്ചുകൊണ്ട് നടത്തിയ രചനകളിലൂടെ തൊഴിലാളിവർഗ്ഗത്തിന്‍റെ ഭാവിയെ സോഷ്യലിസത്തിലേക്ക് എങ്ങനെ നയിക്കാമെന്ന ധൈഷണിക അന്വേഷണത്തിന് തടവുകാലം ഗ്രാംഷി ഉപയോഗിച്ചു. അവിടെ വച്ചാണ് മാർക്സിസ്റ്റ് സൈദ്ധാന്തിക ചരിത്രത്തിലെ നാഴികകല്ലായി മാറിയ ജയിൽകുറിപ്പുകൾ പിറവിയെടുക്കുന്നത്.

‘ദ മോഡേൺ പ്രിൻസ് ആൻഡ് അദർ റൈറ്റിങ്സ്’, ‘സെലക്ഷൻസ് ഫ്രം പ്രിസൻ നോട്ട് ബുക്സ്’, ‘സെലക്ഷൻസ് ഫ്രം പൊളിറ്റീക്കൽ റൈറ്റിങ്സ് 1910-1920’, ‘സെലക്ഷൻസ് ഫ്രം ദ കൾച്ചറൽ റൈറ്റിങ്സ്” അന്ധവിശ്വാസങ്ങളും നാടോടി സാഹിത്യവും, വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വികാസം, ആധുനിക പത്രപ്രവർത്തനം എന്നിവയാണ് പ്രധാന രചനകൾ.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ : 9447975913, 6235729908