സംവിധായകന് പ്രിയനന്ദന് നേരെ നടന്ന ആക്രമണത്തിന്റെ മുഖ്യപ്രതിയായ ഒരു വീരസവർക്കാർ പിടിയിലായി. ആര്‍എസ്എസ് മുഖ്യശിക്ഷകായിരുന്ന വല്ലച്ചിറ സ്വദേശി സരോവര്‍(26)നെയാണ് പൊലീസ് പിടികൂടിയത്. കൊടുങ്ങലൂരില്‍ നിന്നുമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം. ശബരിമല വിഷയത്തില്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ പേരിലാണ് പ്രിയനന്ദന് നേരെ ആക്രമണം നടത്തിയത്.
ഇന്ന് രാവിലെയാണ് പ്രിയനന്ദന്റെ തൃശ്ശൂർ വല്ലച്ചിറയിലെ വീടിന് മുന്നിൽവെച്ചാണ് ആർഎസ്എസ് സംഘം ആക്രമിച്ചതും ദേഹത്ത് ചാണകവെള്ളം തളിച്ചതും.കുറച്ചുദിവസങ്ങളായി ആർഎസ്എസ് സംഘം പ്രിയനന്ദനനെ പിൻതുടരുന്നുണ്ട്. പല ദിവസങ്ങളിലും കടയ്ക്കുസമീപം നിന്ന് ഭീഷണി മുഴക്കാറുണ്ട്. രാവിലെ പാൽ വാങ്ങുന്ന സമയം മനസിലാക്കി കാത്തിരുന്നാണ് ആക്രമിച്ചത്. പാത്രത്തിൽ ചാണകവെള്ളം കലക്കി നേരത്തെ വഴിയരികിൽ സൂക്ഷിച്ചിരുന്നു. കടയിലേക്ക് കയറുന്നതിനിടെ പെട്ടെന്ന് പിന്നിൽനിന്നാണ് ആക്രമണമുണ്ടായത്. ഇത് സൂചനയാണെന്നും ബാക്കി പിന്നാലെ വരുമെന്നും ഭീഷണിമുഴക്കിയശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
വല്ലച്ചിറയിലാണ് അക്രമിയുടെ വീടെങ്കിലും പലയിടങ്ങളിലായി വാടകവീട്ടിലാണ് താമസം. പ്രതിക്കെതിരെ കലാപശ്രമം, അക്രമം, മാന്യവ്യക്തിയെ പ്രകോപനമില്ലാതെ പൊതുമധ്യത്തിൽ അവഹേളിക്കൽ, ദേഹോപദ്രവം, അസഭ്യംവിളി, ഭീഷണി തുടങ്ങിയ വകുപ്പുകളിലായി കേസെടുത്തിട്ടുണ്ട്. സുഹൃത്തുമായുള്ള ഫേസ്ബുക്ക് സംവാദത്തിനിടെ കുറച്ചുദിവസം മുമ്പ് ശബരിമല വിഷയത്തെക്കുറിച്ച് പ്രിയനന്ദനൻ എഴുതിയിരുന്നു. പിന്നീട് ഫേസ്ബുക്കിലെ വാചകം പിൻവലിച്ചു.
എന്നാൽ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ബിജെപി ആർഎസ്എസ് പ്രവർത്തകർ അസഭ്യവിളിയും ഭീഷണിയുമായി രംഗത്ത് എത്തി. പ്രിയനന്ദനന്റെ വീട്ടിൽ കയറി അതിക്രമത്തിനും ശ്രമിച്ചു. വിട്ടിലേക്ക് മാർച്ച് നടത്തി പ്രിയനന്ദനനെ അക്രമിക്കുമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി മോഡി ഞായറാഴ്ച തൃശൂരിൽ സന്ദർശിക്കാനിരിക്കെ പ്രിയനന്ദനനെതിരായി നടന്ന ആക്രമണം ആസുത്രിതമാണെന്ന് സൂചനയുണ്ട്. ഉന്നത നേതാക്കളുടെ ഗൂഢാലോചനയും ഇതിനു പിന്നിലുണ്ടെന്ന് പറയുന്നു.
പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന പ്രിയനന്ദനനെ സിപിഐ ഐം ജില്ലാ സെക്രട്ടറി എം എം വർഗീസുൾപ്പടെയുള്ള രാഷ്ട്രീയ– സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സന്ദർശിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ ചാത്തക്കുടത്ത് പ്രകടനവും പൊതുയോഗവും നടന്നു. ജില്ലയിലാകെ വ്യാപക പ്രതിഷേധനങ്ങളും ഉയരുകയാണ്. അക്രമം കൊണ്ടും ഭീഷണികൊണ്ടും തന്റെ നിലപാടുകളെ തകർക്കാനാവില്ലെന്ന് പ്രിയനന്ദനനൻ പറഞ്ഞു. പുരോഗമനപക്ഷത്ത് നിലയുറപ്പിച്ച് തന്നെ മൂന്നോട്ടുപോവുമെന്നും അദ്ദേഹം പറഞ്ഞു.