പ്രസാദ് അമോർ (സൈക്കോളജിസ്റ്റ്, ലക്ഷ്മി ഹോസ്പിറ്റൽ)
നായാടികളായ പുരുഷന്മാരുടെ ലൈംഗിക സ്വഭാവങ്ങളുടെ വ്യത്യസ്തകളാണ് ശബരിമലയിൽ കണ്ടത്. ആണുങ്ങളുടെ ബലപ്രയോഗവും അധികാരം സ്ഥാപിക്കലുമെല്ലാം അതിന്റെ ബാഹ്യ പ്രകടനങ്ങളാണ്. പെണ്ണുങ്ങളുടെ രതി നിഷേധത്തിന് മുൻപിൽ ദുർബലരാകുന്ന പുരുഷന്മാർ, നല്ല ജനിതക ഗുണമില്ലാത്തവർ ഒക്കെ, കരുത്തരായ ജീനുകളുള്ള ആണുങ്ങളിലേയ്ക്ക് പെണ്ണുങ്ങൾ ആകർഷിക്കപെടുമ്പോൾ നിഷേധിക്കപ്പെടുന്ന ആണുങ്ങൾക്ക് അസൂയയും മത്സരവും ഉണ്ടാകുന്നു.
ജനിതക സ്വഭാവത്തിന്റെ പ്രദർശന പോരാട്ടത്തിൽ പരാജയപ്പെട്ട പുരുഷന്മാർ ബ്രഹ്മചര്യത്തെ പ്രകീർത്തിക്കുന്നു. ബ്രഹ്മചര്യം ജ്ഞാനദീപ്തിയിലേക്കുള്ള പാതയാണെന്ന് അവർ ഊന്നിപറയും. ബ്രഹ്മചര്യാനുഷ്ടാനങ്ങൾ പുരുഷന്മാരുടെ ദൗർബല്യത്തെ മറച്ചുവെയ്ക്കാനുള്ള ഉപാധികളാകുന്നു. ലൈംഗികതയെ അടിച്ചൊടുക്കുവാൻ ശ്രമിക്കുന്ന ആചാരങ്ങൾ, സ്ത്രീകളെ അകറ്റി നിർത്തുന്ന അനുഷ്ടാനങ്ങൾ എല്ലാം നൈരാശ്യവും ഞരമ്പ് രോഗവും ഉള്ള പുരുഷന്മാർ രൂപം കൊടുത്തതാണ്.

പെണ്ണുങ്ങളെ കിട്ടാൻവേണ്ടി ആണുങ്ങൾ പരസ്പരം പോരാടുന്നത് മനുഷ്യരുടെ സംഘർഷത്തിന്റെ ചരിത്രമാണ്. പുരുഷന്മാരുടെ മസ്തിഷ്കം നായാടാൻ വേണ്ടി രൂപപ്പെട്ടതാണ് . സ്ത്രീകളുടെത് പരിപാലന ത്തിൻെറയും നിലനിൽപ്പിന്റേതുമാണ്. ലക്ഷക്കണക്കിന് വർഷത്തെ പരിണാമം കൊണ്ട് കൈവന്ന ഉൾപ്രേരണയും അടിസ്ഥാനത്വരയുമാണ് അത്.
അപകടകരമായ പുരുഷന്മാരെ നീരിക്ഷിക്കുക, അവരുടെ പെരുമാറ്റത്തിലും രൂപത്തിലുമുള്ള മാറ്റങ്ങൾ അറിയുക, ശത്രുക്കളെ വശത്താക്കുക, പ്രതിസന്ധികളെ ബുദ്ധിപരമായി അതിജീവിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കുവേണ്ട മസ്തിഷ്കമാണ് സ്ത്രീകളുടേത്. എന്നാൽ ശത്രുക്കളോട് യുദ്ധം ചെയ്യുക, വേട്ടയാടുക, പലായനം ചെയ്യുക തുടങ്ങിയ കാര്യങ്ങളിൽ വ്യാപൃതമാവാൻ വേണ്ടിയുള്ള മസ്തിഷ്കമാണ് പുരുഷന്മാർക്കുള്ളത്.

ആണധികാരം കേന്ദ്രികരിച്ചിട്ടുള്ള സ്ഥലങ്ങളിൽ പെണ്ണുങ്ങൾ കയറിച്ചെല്ലുമ്പോൾ ആണുങ്ങൾ ബലപ്രയോഗത്തിലൂടെ എതിർക്കുന്നു. ഒരു പെണ്ണിനെ നേരിടാൻ ആയിരകണക്കിന് പുരുഷന്മാർ സജ്ജമായി വരുന്നത് ആണിന്റെ പ്രാകൃതമായ ഭയത്തിന്റെയും ജീവിസഹജമായ അസൂയയുടെയും മത്സരത്തിന്റെയും സൂചകങ്ങളാണ്.
മസിലുകൾകൊണ്ട് എതിർത്ത് തോൽപ്പിക്കാൻ ശ്രമിക്കുന്ന പുരുഷന്മാരെ കണ്ട് പെണ്ണുങ്ങൾ ചകിതരായെന്ന് വരാം, പക്ഷെ അന്തിമവിജയം സ്ത്രീകളുടേതാണ്. മസിലുകളെ ബുദ്ധികൊണ്ടാണ് പെണ്ണുങ്ങൾ എക്കാലത്തും നേരിട്ടുള്ളത്. പരിണാമപരമായി അത്തരത്തിലുള്ള തന്ത്രങ്ങൾ പെണ്ണുങ്ങൾക്ക് വശമുണ്ട്. യഥാർത്ഥത്തിൽ മാനവചരിത്രത്തിൽ പെണ്ണുങ്ങൾ ആണുങ്ങളെ ബുദ്ധിപൂർവം ഉപയോഗപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. പരിണാമപരമായി സ്ത്രീകൾ ആ കഴിവ് ആർജ്ജിച്ചെടുത്തിട്ടുണ്ട്.

പുരുഷനെ വേട്ടക്കാരനാക്കി മാറ്റി തനിക്കവശ്യമുള്ള വിഭവങ്ങൾ നേടിയെടുക്കാനും പുരുഷന്റെ വേട്ടയാടൽ ശേഷിയുമായി ബന്ധപ്പെടുത്തി സ്ത്രീ ലൈംഗീക നിർധാരണം സാധ്യമാക്കുന്നതിനും പ്രാപ്തമായ ജൈവികശേഷി പെണ്ണുങ്ങളിലുണ്ട്. കൈക്കരുത്തും പേശിബലവുമുള്ള ആണുങ്ങൾ മെച്ചപ്പെട്ട ജീനുകളെ കണ്ടെത്തുന്ന സ്ത്രീകളുടെ തന്ത്രത്തിൽ നിസ്സഹായകരാവുകയാണ്. പുരുഷന്മാർ അപഹാസ്യരാവുകയാണ്.
പുരുഷന്റെ ബുദ്ധിയില്ലാത്ത മസിലുകളെ നിസാരമാക്കികൊണ്ട് ശബരിമലയിൽ കയറിയ ബിന്ദു അമ്മിണി കനകദുർഗ്ഗ, മഞ്ജു, ഷാനില, രേഷ്മ എന്നിവർ സ്ത്രൈണ കൗശലതയുടെ വിജയികളാകുന്നു. ശബരിമലയിലെ വേട്ടയാടലിൽ ക്ഷീണിതരായ പുരുഷൻമാരിൽ ആശയകുഴപ്പങ്ങളും സംശയ ഭീതികളും നിറഞ്ഞുനിന്നിരുന്നു. ബുദ്ധിപരമായ പെരുമാറ്റങ്ങളുമായി ആ പെണ്ണുങ്ങൾ അപകടകരമായ ഹൈപ്പർ മാസ്കുലിനിറ്റിയെയും അത് ലാളിച്ചു വളർത്തിയ നൈഷ്ടീക ബ്രഹ്മചര്യ വികല്പത്തെയും ലളിതമായി ഭേദിക്കുകയായിരുന്നു.