Fri. Nov 20th, 2026

ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മോഹൻലാലിനും നമ്പി നാരായണനുമാണ് കേരളത്തിൽ നിന്നും പത്മഭൂഷൺ ലഭിച്ചത്. ഗായകൻ കെ.ജി. ജയൻ, പുരാവസ്തു ഗവേഷകൻ കെ.കെ. മുഹമ്മദ്, ശ്രീനാരായണധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ എന്നിവർക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചു.

ഫുട്ബോൾ താരം സുനിൽ ഛേത്രി, ക്രിക്കറ്റ് ഗൗതം ഗംഭീർ, ഗായകൻ ശങ്കർ മഹാദേവൻ എന്നിവർക്കും പത്മശ്രീ ലഭിച്ചു. നാടൻ കലാകാരൻ‌ ടീജൻ ഭായ്, ജിബൂട്ടി പ്രസിഡന്റ് ഇസ്മയിൽ ഒമർ ഗുല്ല, ലാർസൻ‌ ആൻഡ് ടർബോ കമ്പനി ചെയർമാൻ അനിൽ മണിഭായ് നായിക്, എഴുത്തുകാരൻ ബൽവന്ത് മൊറേശ്വര്‍ പുരന്ദരെ എന്നിവർക്കാണു പത്മവിഭൂഷൺ ലഭിച്ചത്.

മുൻരാഷ്ട്രപതി പ്രണബ‌് മുഖർജിക്കും ജനസംഘം നേതാവ‌് നാനാജി ദേശ‌്മുഖിനും കവിയും ഗായകനുമായ ഡോ. ഭൂപൻ ഹസാരികയ‌്ക്കും ഭാരതരത‌്ന. ദേശ‌്മുഖിനും ഹസാരികയ‌്ക്കും മരണാനന്തര ബഹുമതിയായാണ‌് പുരസ‌്കാരം. മോഡി സർക്കാർ അധികാരത്തിലെത്തിയശേഷം രണ്ടാംവട്ടമാണ‌് ഭാരതരത‌്ന പുരസ‌്കാരം പ്രഖ്യാപിക്കുന്നത‌്. 2015 ൽ മുൻ പ്രധാനമന്ത്രി എ ബി വാജ‌്പേയിക്കും ഹിന്ദുമഹാസഭ സ്ഥാപകൻ മദൻമോഹൻ മാളവ്യക്കും ഭാരത‌‌രത‌്ന പ്രഖ്യാപിച്ചിരുന്നു. മുതിർന്ന കോൺഗ്രസ‌് നേതാവ‌് കൂടിയായ പ്രണബ‌് മുഖർജിക്ക‌് മോഡി സർക്കാർ ഭാരത‌രത‌്ന പ്രഖ്യാപിച്ചത‌്

അപ്രതീക്ഷിതമായി. തന്റെ രാഷ്ട്രീയജീവിതകാലത്ത‌് ആർഎസ‌്എസിന്റെയും സംഘപരിവാറിന്റെയും നിശിത വിമർശകനായിരുന്ന മുഖർജി എന്നാൽ, രാഷ്ട്രപതിസ്ഥാനമൊഴിഞ്ഞശേഷം കഴിഞ്ഞ വർഷം ജൂണിൽ നാഗ‌്പുരിൽ ആർഎസ‌്എസ‌് ആസ്ഥാനം സന്ദർശിച്ചു. വരുന്ന ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ കൂടുതൽ സീറ്റുകൾക്ക‌് ബിജെപി ശ്രമിക്കുന്ന ഘട്ടത്തിലാണ‌് അവിടെ നിന്നുള്ള മുതിർന്ന നേതാവിന‌് ഭാരത‌‌രത‌്ന നൽകുന്നതെന്ന പ്രത്യേകതയുമുണ്ട‌്. 1969ൽ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടുകൊണ്ടാണ‌് മുഖർജിയുടെ രാഷ്ട്രീയപ്രവേശം. പിന്നീട‌് വിവിധ കോൺഗ്രസ‌് സർക്കാരുകളിൽ മന്ത്രിയായി. 2012–-17 കാലയളവിൽ രാഷ്ട്രപതിയായി.

അസമിൽ നിന്നുള്ള വിഖ്യാത ഗായകനും കവിയുമാണ‌് ഭൂപൻ ഹസാരിക. 2011 നവംബറിൽ അന്തരിച്ചു. പത്മശ്രീ, പത്മഭൂഷൺ പുരസ‌്കാരങ്ങൾ ലഭിച്ചിട്ടുണ്ട‌്. ദാദാസാഹെബ‌് ഫാൽക്കെ അവാർഡിനും അർഹമായി. ചലച്ചിത്ര നിർമാതാവ‌്, പിന്നണി ഗായകൻ, സംഗീതജ്ഞൻ തുടങ്ങി വിവിധ മേഖലകളിൽ ഹസാരിക തിളങ്ങി. 1967–-72 കാലയളവിൽ എംഎൽഎയായി പ്രവർത്തിച്ചു. 2004ൽ ഗുവാഹത്തി മണ്ഡലത്തിൽനിന്ന‌് ബിജെപി സ്ഥാനാർഥിയായി ലോക‌്സഭയിലേക്ക‌് മത്സരിച്ചെങ്കിലും തോറ്റു. പൗരത്വ ഭേദഗതി ബിൽ വിഷയത്തിൽ അസമിൽ ബിജെപി പ്രതിരോധത്തിലായ ഘട്ടത്തിലാണ‌് അസം ജനതയുടെ വികാരമായ ഹസാരികയ‌്ക്ക‌് മോഡി സർക്കാർ ഭാരത‌രത‌്ന നൽകുന്നത‌്.

ആർഎസ‌്എസ‌്– ജനസംഘം പ്രവർത്തകനായ നാനാജി ദേശ‌്‌‌മുഖ‌് രാജ്യസഭാംഗവുമായിരുന്നു. നേരത്തെ പത്മഭൂഷൺ ലഭിച്ചിട്ടുണ്ട‌്. മഹാരാഷ്ട്രയിലെ ഹഠോലിയിൽ 1916 ഒക്ടോബറിൽ ജനനം. കോളേജ‌് വിദ്യാഭ്യാസകാലത്ത‌് ആർഎസ‌്എസ‌് പ്രവർത്തകനായി. യുപിയിലെ സഹപ്രാന്ത പ്രചാരകായി പ്രവർത്തിച്ചു. ജനസംഘം രൂപീകരിക്കപ്പെട്ടപ്പോൾ പ്രവർത്തകനായി. 1977 ൽ യുപിയിലെ ബൽറാംപുർ മണ്ഡലത്തിൽനിന്ന‌് ലോക‌്സഭയിലേക്ക‌് തെരഞ്ഞെടുക്കപ്പെട്ടു. 1999ൽ എൻഡിഎ സർക്കാരിന്റെ കാലത്ത‌് രാജ്യസഭാംഗമായി. 2010 ഫെബ്രുവരിയിൽ അന്ത്യം.