മലപ്പുറം തിരൂരിൽ പ്രണയാഭ്യർത്ഥന നിരസിച്ച യുവാവ് കുത്തി പരിക്കേൽപ്പിച്ച പെൺകുട്ടി മരിച്ചു. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ സാമിന (15) കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ പ്രതി ബംഗാൾ സ്വദേശി സാദത്ത് ഹുസൈനെ പൊലീസ് പിടികൂടിയിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സാദത്ത് ഹുസൈൻ സാമിനയെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് 12 ഓടെയാണ് പെൺകുട്ടിക്ക് കുത്തേറ്റത്. കാലിനും, വയറിനും നെഞ്ചിനും കുത്തേറ്റുവെന്നാണ് വിവരം.
പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് ആക്രമിക്കപ്പെട്ടത്. ആദ്യം തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച സാമിനയെ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. പ്രതിയായ സാദത്തിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇയാൾ ലഹരിക്ക് അടിമയാണെന്നാണ് നാട്ടുകാർ പറയുന്നത്.